2018-ൽ റിയാലിറ്റി താരം കെയ്‌ലി ജെന്നർ താൻ സ്നാപ്ചാറ്റ് ഇനി മുതൽ ഉപയോഗിക്കില്ല എന്ന് ട്വീറ്റ് ചെയ്തതിനെ തുടർന്ന് സ്നാപ്ചാറ്റിന്റെ മാതൃ കമ്പനിയ്ക്ക് തങ്ങളുടെ വിപണി മൂല്യത്തിൽ 1.3 ബില്യൺ ഡോളറിന്റെ നഷ്ടം നേരിടേണ്ടി വന്നു. 2021-ൽ ഈ ദൗർഭാഗ്യം വന്നു ചേർന്നിരിക്കുന്നത് കൊക്കക്കോളയ്ക്കാണ്. 2020-ലെ യൂറോകപ്പ് സംബന്ധിച്ച ഒരു വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ പോർച്ചുഗീസ് ഫുട്‍ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുന്നിൽ വെച്ചിരുന്ന കൊക്കക്കോള ബോട്ടിലുകൾ എടുത്തു മാറ്റിയതാണ് കമ്പനിയ്ക്ക് വിനയായി മാറിയത്.
യൂറോകപ്പിൽ ഗ്രൂപ്പ് എഫിൽ മത്സരിക്കുന്ന പോർച്ചുഗൽ ടീം ഹംഗറിയ്ക്കെതിരെയുള്ള തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ടീം ക്യാപ്റ്റൻ കൂടിയായ 36 വയസുകാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കൊക്കക്കോളയോടുള്ള തന്റെ അനിഷ്ടം പ്രകടിപ്പിച്ചത്. നിർദോഷകരമെന്ന് പ്രത്യക്ഷത്തിൽ തോന്നിയ റൊണാൾഡോയുടെ ആ പ്രവൃത്തിയ്ക്ക് കൊക്കക്കോളയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നു എന്നതാണ് യാഥാർഥ്യം. ആ സംഭവത്തെ തുടർന്ന് കൊക്കക്കോളയുടെ ഓഹരി വിലയിൽ 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. 242 ബില്യൺ ഡോളറിൽ നിന്ന് 238 ബില്യൺ ഡോളറിലേക്ക് ഓഹരി വില കൂപ്പുകുത്തിയ കൊക്കക്കോളയ്ക്ക് 4 ബില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടായതായി ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.
അതിനു ശേഷം ഇന്റർനെറ്റ് മുഴുവൻ ഇത് സംബന്ധിച്ചുള്ള മീമുകളും ട്രോളുകളും പ്രചരിക്കുകയാണ്. ചില ആളുകൾ ഈ അവസരം കൊക്കക്കോളയെ കളിയാക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തിയെങ്കിൽ മറ്റു ചിലർ റൊണാൾഡോ മുമ്പ് കൊക്കക്കോളയ്ക്ക് അനുകൂലമായ സമീപനം സ്വീകരിക്കുന്ന വീഡിയോകൾ പങ്കുവെച്ച് താരത്തിനെതിരെയും ഒളിയമ്പുകൾ എയ്യുന്നുണ്ട്. എന്നാൽ, റൊണാൾഡോയും കൊക്കക്കോളയും തമ്മിലുള്ള ഈ അങ്കത്തിനിടയിൽ ശരിയായ വിജയം നേടിയത് ഫെവിക്കോൾ ആണെന്നതാണ് കൗതുകകരമായ കാര്യം.
റൊണാൾഡോ കൊക്കക്കോള നീക്കിവെച്ച സംഭവത്തെ സൂചിപ്പിക്കുന്ന ഒരു പരസ്യത്തിലൂടെയാണ് ഫെവിക്കോൾ ഈ അവസരം സമർത്ഥമായി ഉപയോഗിച്ചത്. ഒരു കസേരയ്ക്ക് മുന്നിലെ മൈക്കിന് സമീപം വെച്ചിട്ടുള്ള രണ്ട് ഫെവിക്കോൾ ബോട്ടിലുകളുടെ ഈ പരസ്യചിത്രത്തിന് നൽകിയ പരസ്യ വാചകമാണ് ഏറ്റവും ശ്രദ്ധേയം. "ഈ ബോട്ടിലുകൾ നീക്കിവെയ്ക്കാനും കഴിയില്ല, അതിന്റെ മൂല്യം ഇടിയുകയുമില്ല" എന്നതാണ് രസകരമായ ആ പരസ്യ വാചകം.
ഇത് ആദ്യമായല്ല രസകരവും ആകർഷകവുമായ പരസ്യ വാചകങ്ങളിലൂടെ ഫെവിക്കോൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്. വർഷങ്ങളായി ചിന്തോദ്ദീപകമായ പരസ്യങ്ങൾ സൃഷ്ടിച്ച് പ്രശസ്തി നേടിയെടുത്ത കമ്പനിയാണ് ഫെവിക്കോൾ. അവയിൽ പലതും മാർക്കറ്റിങ് രംഗത്ത് പുതിയ പ്രവണതകൾക്ക് തുടക്കമിടാനും ഇടയായിട്ടുണ്ട്. എന്തായാലും, ഫെവിക്കോളിന്റെ പുതിയ പരസ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Christiano ronaldo, Coca Cola, Eurocup 2020, Fevicol