• HOME
  • »
  • NEWS
  • »
  • buzz
  • »
  • തൊഴിലിൽ വിജയിച്ച് വീട്ടിൽ തോൽവിയാകുന്ന സുഖാനി; തിരുവരങ്ങിന്റെ നാടകം

തൊഴിലിൽ വിജയിച്ച് വീട്ടിൽ തോൽവിയാകുന്ന സുഖാനി; തിരുവരങ്ങിന്റെ നാടകം

കപ്പലിലെ സുഖാനിയും അയാളുടെ തൊഴിലിടവും വീടും പശ്ചാത്തലമായുള്ള നാടകമാണ് 'സുഖാനി'

  • Share this:

    പ്രമുഖ നാടകപ്രവർത്തകൻ പ്രശാന്ത് നാരായണൻ രംഗപാഠവും സംവിധാനവും നിർവ്വഹിക്കുന്ന നാടകം ‘സുഖാനി ‘ അണിയറയിൽ ഒരുങ്ങുന്നു. തിരുവരങ്ങാണ് നാടകം അവതരിപ്പിക്കുന്നത്.

    കുടുംബം എന്ന സ്ഥാപനം, ഇന്ത്യൻ സാമുഹിക വ്യവസ്ഥയിൽ എത്രമാത്രം ഇടപെട്ടുകൊണ്ടിരിക്കുന്നു എന്നും, അത് ഓരോ വ്യക്തിയേയും ഏതേതെല്ലാം രീതിയിൽ ഇടുക്കിക്കളയുന്നു എന്നുമുള്ള ഒരു വിശാല വിഷയം ചർച്ചയ്ക്കെടുക്കുന്ന ‘സുഖാനി’ എന്ന നാടകം കാഴ്ചക്കാരിലേക്ക് വലിയ ഒരു ചിന്തയെ ഉയർത്തിവിട്ടുകൊണ്ടാണ് അവസാനിക്കുന്നത്.

    കപ്പലിലെ സുഖാനിയും അയാളുടെ തൊഴിലിടവും വീടും പശ്ചാത്തലമായുള്ള നാടകമാണ് ‘സുഖാനി’. തൊഴിലിൽ വിജയിക്കുകയും സ്വകാര്യ ജീവിതത്തിൽ ഏറെ പരാജിതനാകുകയും ചെയ്യുന്ന സുഖാനിയും അയാളുടെ ഭാര്യയും രണ്ടു കുട്ടികളും ഭാര്യയുടെ കാമുകനും കഥാപാത്രങ്ങളാകുന്ന ഈ നാടകം, സാങ്കേതികമേഖല ഏറെ കയ്യാളിയ നമ്മുടെ സാമൂഹിക പരിസ്ഥിതിയെ മുൻനിർത്തിക്കൂടി വായിക്കുകയും അനുഭവിക്കുകയും നവീകരിക്കുകയും ചെയ്യാനാവുന്ന ഒരു ഉത്തമ രാഷ്ട്രീയബോധം കൂടി പങ്കുവയ്ക്കുന്നു.

    Also read: പല ബുദ്ധിരാക്ഷസന്മാരും സാമൂഹ്യജീവി എന്ന രീതിയിലും കുടുംബജീവിതത്തിലും പരാജയപ്പെടുന്നത് എന്തുകൊണ്ട്?

    മോഹൻലാലിനേയും മുകേഷിനേയും അരങ്ങിൽ ആറാടിച്ച ഛായാമുഖി യുടെ ശിൽപ്പി പ്രശാന്ത് നാരായണൻ്റെ ഏറ്റവും പുതിയ നാടകം കൂടിയാണ് സുഖാനി. മകരധ്വജൻ, കറ,സ്വപ്നവാസവദത്തം (കന്നഡയിലും മലയാളത്തിലും ) മഹാസാഗരം, താജ്മഹൽ തുടങ്ങി ഛായാമുഖിക്ക് ശേഷം ചെയ്ത നാടകങ്ങളും മികച്ച രാഷ്ട്രീയം ചർച്ച ചെയ്യുന്നവയായിരുന്നു.

    1972 ൽ കാവാലം നാരായണപ്പണിക്കർ തൻ്റെ ‘ദൈവത്താർ ‘ എന്ന നാടകം തിരുവരങ്ങിലൂടെ ചെയ്തതിനുശേഷം 50 വർഷങ്ങൾക്കിപ്പുറമാണ് വീണ്ടും തിരുവരങ്ങ് ഒരു നാടകം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

    സുഖാനിയായി അരങ്ങിലെത്തുന്ന സത്യജിത്ത്, കപ്പൽ ചീഫ് ആയി എത്തുന്ന പ്രേം പ്രകാശ് ലൂയിസ്, സുഖാനിയുടെ ഭാര്യ ആയി എത്തുന്ന ഭാനുമതി എ. കെ. അങ്ങനെ പ്രശാന്ത് നാരായണനെ കൂടാതെ നാടകത്തിൻ്റെ വിവിധ മേഖലകളിൽ ധാരാളം സ്കൂൾ ഓഫ് ഡ്രാമാക്കാർ ഇടപെടുന്നു എന്ന യാദൃച്ഛികതകൂടി ഈ നാടകം പങ്കുവയ്ക്കുന്നുണ്ട്.

    തിരുവരങ്ങിനു വേണ്ടി പ്രശാന്ത് നാരായണൻ രംഗപാഠവും സംവിധാനവും നിർവ്വഹിച്ച സുഖാനിയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് എം. രാജീവ് കുമാറാണ്.

    അരങ്ങിൽ: സത്യജിത്ത്, പ്രേം പ്രകാശ് ലൂയിസ്, ഭാനുമതി എ.കെ., അഗില ജി.ബി., ജയൻ കെ. നായർ, ഷൈജു കൃഷ്ണൻ, ഷാജി കെ. മാധവി. രംഗവിധാനം: പ്രശാന്ത് നാരായണൻ, ആർട്ടിസ്റ്റ് സുജാതൻ, സംഗീത സമാഹരണം: സത്യജിത്ത്, ദീപവിതാനം: നൂറനാട് സുകു, രംഗോപകരണം, കല: നിതീഷ് പൂക്കാട്, വേഷം, ചമയം: ഭാനുമതി എ.കെ., രംഗാധിപ: കല സാവിത്രി, പരസ്യകല: ഭട്ടതിരി.

    ഈ വരുന്ന ജനുവരി 22 ന് സുഖാനി അരങ്ങിലെത്തും. തിരുവനന്തപുരം തൈക്കാട് സൂര്യ ഗണേശത്തിലാണ് സുഖാനിയുടെ അവതരണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 85930 33 111.

    Summary: In his play Sukhani, Prashanth Narayanan explores the lives of braniacs who are socially non-adaptive

    Published by:user_57
    First published: