തട്ടിപ്പുകേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലിൽ (Tihar Jail) ശിക്ഷയനുഭവിക്കുന്ന നടി ലീന മരിയാ പോള്‍ (Leena Maria Paul) ജാമും ജെല്ലിയും ഉണ്ടാക്കാന്‍ പഠിക്കുന്നു. സ്ത്രീകള്‍ക്കുള്ള നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായാണ് ലീന പരിശീലനം നേടുന്നത്. ജാമും ജെല്ലിയും ഉണ്ടാക്കാൻ പഠിക്കുന്നതിന് പുറമെ, സംഗീതം, നൃത്തം, യോഗ, അച്ചാര്‍ നിര്‍മാണം, നെയില്‍ ആര്‍ട്ട്, മേക്കപ്പ് എന്നിങ്ങനെയുള്ള പരിശീലന പരിപാടികളിലും ലീന പങ്കെടുക്കുന്നുണ്ട്.
ശാസ്ത്രീയ നൃത്തം പഠിച്ചിട്ടുള്ള ലീന ജയിലിൽ നടക്കാറുള്ള സാംസ്കാരിക പരിപാടികളിൽ സജീവമായി പങ്കെടുക്കാറുണ്ടെന്നും ജയിലിലെ സഹതടവുകാരുമായി സൗഹൃദാന്തരീക്ഷം നിലനിർത്താൻ ശ്രമിക്കാറുണ്ടെന്നും ജയിൽ അധികൃതർ പറഞ്ഞു. ഇക്കഴിഞ്ഞ അന്താരാഷ്ട്ര വനിതാദിനത്തില്‍ മറ്റ് അന്തേവാസികള്‍ക്കൊപ്പം അവര്‍ സംഘനൃത്തം അവതരിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു.
'ജയിലിലടയ്ക്കപ്പെട്ട കാലം മുതൽ, മറ്റ് വനിതാ തടവുകാരെപ്പോലെ തന്നെ ലീന പോസിറ്റീവായി തുടരാനും അവർക്ക് താത്പര്യമുള്ള പുതിയ കാര്യങ്ങൾ പഠിക്കാൻ സമയം വിനിയോഗിക്കാനും ശ്രമിക്കുന്നു. ആഴ്ചയിൽ രണ്ടുതവണ നടത്തുന്ന ജാം, ജെല്ലി നിർമ്മാണ ക്ലാസുകളിൽ അതീവ താത്പര്യത്തോടും അർപ്പണബോധത്തോടും കൂടിയാണ് ലീന പങ്കെടുക്കുന്നത്.' - ജയിലിലെ ഇരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതിനോടകം തന്നെ ലീന പേരയ്ക്ക സ്ക്വാഷും തക്കാളി ജാമും കസ്റ്റാഡും ഉണ്ടാക്കാൻ പഠിച്ചതായും ഉദ്യോഗസ്ഥൻ പറഞ്ഞു.
തിഹാർ ജയിലിൽ വനിതാ വിങ്ങിലാണ് ലീന കഴിയുന്നത്. ഇതേ കേസിൽ ശിക്ഷയനുഭവിക്കുന്ന ലീനയുടെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖർ ജയിലിലെ ഒന്നാം വിങ്ങിൽ കഴിയുന്നുണ്ട്.
Also read-
Bridge Theft Case | 60 അടി നീളമുള്ള ഇരുമ്പു പാലം 'കടത്തിക്കെണ്ടു പോയി'; പരാതി നൽകിയ ഉദ്യോഗസ്ഥനടക്കം 8 പേർ പിടിയിൽ
മുൻ ഫോർട്ടിസ് ഹെൽത്കെയർ ഉടമയായിരുന്ന ശിവിന്ദർ സിംഗിന്റെ ഭാര്യ അതിഥി സിംഗിൽ നിന്ന് ലീനയും ഭർത്താവ് ചന്ദ്രശേഖറും ചേർന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ കഴിഞ്ഞ വർഷം നവംബറിലാണ് ഡൽഹി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
2009 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസിലൂടെയാണ് ലീന സിനിമ ലോകത്തേക്ക് കടന്നുവന്നത്. തുടർന്ന് ഹസ്ബന്റ്സ് ഇൻ ഗോവ (2012), കോബ്ര (2012) ബിരിയാണി (2013) തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇവർ ബംഗളുരിവിൽ ദെന്റിസ്റ്റ് കോഴ്സ് ചെയ്തിരുന്നുവെങ്കിലും പിന്നീട് സിനിമയോടുള്ള താല്പര്യം കാരണം ആ വഴിക്ക് സഞ്ചരിക്കുകയായിരുന്നു. സുജിത് സർക്കാർ സംവിധാനം ചെയ്ത മദ്രാസ് കഫേ എന്ന ചിത്രത്തിൽ തമിഴ് വിമത പോരാളിയായി വേഷമിട്ടതോടെയാണ് ആളുകൾ ലീന മരിയ പോൾ എന്ന മലയാളി സിനിമാ നടിയെ കൂടുതലായി ശ്രദ്ധിച്ച് തുടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.