ഇന്ത്യയില്‍ (India) ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് (Single-use Plastic) ജൂലൈ ഒന്ന് മുതല്‍ നിരോധനം (Ban) ഏര്‍പ്പെടുത്തിയിരുന്നു. നദികളില്‍ മാലിന്യം (waste) കുമിഞ്ഞു കൂടുകയും ജീവികളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതിനാലുമാണ് രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് പൂര്‍ണ്ണമായി സ്വീകരിക്കാത്ത നിര്‍മ്മാതാക്കളും ബദല്‍ സംവിധാനങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്കാന്‍ തയാറാകാത്ത ഉപഭോക്താക്കളും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
പ്രതിവര്‍ഷം രാജ്യം ഏകദേശം നാല് ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ മൂന്നിലൊന്ന് പുനരുപയോഗം ചെയ്യപ്പെടാതെ നദികളിലും പുഴകളിലുമായി അടിയുകയും ഇതിന് പുറമെ ചിലത് മാലിന്യക്കൂമ്പാരങ്ങളായി മാറുകയും ഇവ കത്തിക്കുന്നത് വഴി വായു മലിനീകരണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. നഗരപ്രദേശങ്ങളില്‍ അലഞ്ഞുതിരിയുന്ന പശുക്കള്‍ പ്ലാസ്റ്റിക് തിന്നുന്നത് ഒരു സാധാരണ കാഴ്ചയാണ്. എന്നാല്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ഉത്തരാഖണ്ഡിന്റെ വടക്കന്‍ പ്രദേശത്തെ ഒരു വനത്തിൽ നിന്ന് ലഭിച്ച ആന പിണ്ഡത്തില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു
പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ പകുതിയോളം ഒത്തവണ ഉപയോഗിക്കുന്ന ഉല്പ്പന്നങ്ങില് നിന്നാണ് ഉണ്ടാകുന്നത്. അതിനാല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന സ്ട്രോകള്‍, കപ്പുകള്‍, സിഗരറ്റ് പാക്കറ്റുകളില്‍ പൊതിയുന്ന പ്ലാസ്റ്റിക് എന്നിവയുടെ ഉല്‍പ്പാദനവും ഇറക്കുമതിയും വില്‍പ്പനയുമാണ് രാജ്യത്ത് നിരോധിച്ചിരിക്കുന്നത്. ഇതിന് പുറമെ, ഒരു നിശ്ചിത കനത്തില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളും ഒഴിവാക്കിയിട്ടുണ്ട്.
പുതിയ ചട്ടം പ്രഖ്യാപിച്ചതിന് പുറമെ, ഇത് ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2018 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി നിരോധനം പ്രഖ്യാപിച്ചത്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 100,000 രൂപ പിഴയോ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയോ ലഭിക്കും. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനയും അധികൃതര്‍ ഊർജിതമാക്കിയിട്ടുണ്ട്.
വ്യവസായ ഇടപെടല്‍
ഇന്ത്യയിലെ പകുതിയോളം പ്രദേശങ്ങളും ഇതിനകം തന്നെ ഈ വിഷയത്തില്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പൂര്‍ണ്ണമായും വിജയകരമായെന്ന് പറയാന്‍ സാധിക്കില്ല. അതേസമയം, പ്ലാസ്റ്റിക്കിന് പകരമുള്ള ബദല്‍ ഉല്‍പ്പന്നങ്ങള്‍ ചെലവേറിയതാണെന്ന് ചൂണ്ടിക്കാണിച്ച് നിരോധനം ഏര്‍പ്പെടുത്തുന്നത് വൈകിപ്പിക്കാന്‍ പ്ലാസ്റ്റിക് വ്യവസായ സ്ഥാപനങ്ങള്‍ ഇടപെടല്‍ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
എതിര്‍പ്പുകള്‍
പ്രാരംഭഘട്ടത്തില്‍ നിരോധനത്തിന് എതിര്‍പ്പുകള്‍ ഉണ്ടാകും, കാരണം ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കാം, എന്നാല്‍ ഇത് വളരെ സ്വാഗതാര്‍ഹമായ നടപടിയാണെന്ന് പരിസ്ഥിതി ഗ്രൂപ്പായ ടോക്സിക്സ് ലിങ്കില്‍ നിന്നുള്ള സതീഷ് സിന്‍ഹ എഎഫ്പിയോട് പറഞ്ഞു.
ഇതിനിടെ, ഡിസ്പോസിബിള്‍ ബയോ-ഡീഗ്രേഡബിള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് മാറ്റത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്ന ഒരു കമ്പനിയാണ് ഇക്കോവെയര്‍. കുമിഞ്ഞു കൂടുന്ന മാലിന്യ നിക്ഷേപവും വ്യാപകമായ പ്ലാസ്റ്റിക് ഉപഭോഗവുമാണ് തന്റെ സംരംഭത്തിന് പ്രചോദനമായതെന്ന് ചീഫ് എക്സിക്യൂട്ടീവ് റിയ മസുംദാര്‍ സിംഗാള്‍ എഎഫ്പിയോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.