• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രണയിനിയെ കാണാന്‍വേണ്ടി ഷാര്‍ജ വിമാനത്താവളത്തില്‍ ഇന്ത്യക്കാരന്‍റെ സാഹസം!


Updated: April 2, 2018, 9:47 PM IST
പ്രണയിനിയെ കാണാന്‍വേണ്ടി ഷാര്‍ജ വിമാനത്താവളത്തില്‍ ഇന്ത്യക്കാരന്‍റെ സാഹസം!
File photo of Sharjah Airport Runway.

Updated: April 2, 2018, 9:47 PM IST
നാട്ടിലുള്ള പ്രതിശ്രുത വധുവിനെ കാണാന്‍വേണ്ടി ഗള്‍ഫുകാരനായ യുവാവിന്‍റെ മുന്നില്‍ മറ്റു വഴികളൊന്നുമില്ലായിരുന്നു. അയാളുടെ പാസ്പോര്‍ട്ട് കമ്പനി പിടിച്ചുവെച്ചിരിക്കുന്നു, ലീവ് നല്‍കുന്നതുമില്ല. ഈ സാഹചര്യത്തിലാണ് പാതിരാത്രി മതില്‍ചാടി വിമാനത്താവള റണ്‍വേയില്‍ കടന്നു നാട്ടിലേക്കുള്ള വിമാനത്തില്‍ കയറാന്‍ അയാള്‍ ശ്രമിച്ചത്. ഇന്ത്യക്കാരനായ, ആര്‍ കെ എന്ന് പേരില്‍ അറിയപ്പെടുന്ന 26കാരനായ ആളാണ് കഥാനായകന്‍. പാതിരാത്രിയില്‍ ഷാര്‍ജ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനം പുറപ്പെടാന്‍ തയ്യാറാകുമ്പോള്‍ ഒരാള്‍ അതിലേക്ക് കയറാന്‍ ശ്രമിക്കുന്നു. ഉടന്‍ സുരക്ഷാജീവക്കാരെത്തി അയാളെ കസ്റ്റഡിയിലെടുത്തു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് താന്‍ കാട്ടിയ സാഹസത്തെക്കുറിച്ച് യുവാവ് വെളിപ്പെടുത്തിയത്.

ദുബായിൽ സിവിൽ എഞ്ചിനീയർ ആയ താന്‍ ഏറെ നാളായി നാട്ടിലേക്ക് പോകാന്‍ ലീവ് ചോദിച്ചിരുന്നു. എന്നാല്‍ ലീവ് നല്‍കാനോ പാസ്പോര്‍ട്ട് വിട്ടുകൊടുക്കാനോ കമ്പനി അധികൃതര്‍ തയ്യാറായില്ല. നാട്ടില്‍ ഇയാളുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഒരു തവണ മാത്രം കണ്ടിട്ടുള്ള പ്രതിശ്രുത വധുവിനെ വിവാഹത്തിന് മുമ്പ് വീണ്ടും കാണാന്‍വേണ്ടിയാണ് ഇയാള്‍ സാഹസത്തിന് മുതിര്‍ന്നത്. അങ്ങനെയാണ് രാത്രിയില്‍ റണ്‍വേയുടെ മതില്‍ ചാടിക്കടന്നു വിമാനത്തില്‍ കയറാന്‍ ശ്രമിച്ചത്. ഇതിന് പിന്നില്‍ മറ്റൊരു ഉദ്ദേശമായിരുന്നു ആര്‍കെയ്ക്ക് ഉണ്ടായിരുന്നത്. ടിക്കറ്റും പാസ്പോര്‍ട്ടുമില്ലാതെ വിമാനത്തില്‍ കയറാനെത്തുമ്പോള്‍ പൊലീസ് പിടികൂടും. അങ്ങനെ കേസ് കോടതിയിലെത്തും. അപ്പോള്‍ പാസ്പോര്‍ട്ടുമായി നാട്ടിലേക്ക് കയറ്റിവിടുമെന്നും യുവാവ് കണക്കുകൂട്ടി. അങ്ങനെയാണ് ഇത്തരമൊരു സാഹസത്തിന് തയ്യാറായതെന്നും ആര്‍കെ പൊലീസിനോട് സമ്മതിച്ചു.

ഏതായാലും യുവാവിനെ ഷാര്‍ജ കോടതിയില്‍ ഹാജരാക്കി. നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ശിക്ഷ ലഭിക്കുകയാണെങ്കില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവരും. അതിനുശേഷം നാട്ടിലേക്ക് കയറ്റിയയ്ക്കുകയും ചെയ്യും. കേസും ജോലിപോകുന്നതുമൊന്നും യുവാവിന് പ്രശ്നമല്ല. എങ്ങനെയെങ്കിലും നാട്ടിലെത്തി, പ്രതിശ്രുത വധുവിനെ കാണണം, അവളോട് നേരിട്ട് സംസാരിക്കണം. അതുമാത്രമാണ് ആര്‍കെയുടെ മനസിലെ ചിന്ത. സംഭവം നടന്ന ദിവസം യുവാവ്, തന്റെ പേഴ്സ് മാത്രം കൈയ്യിലെടുത്ത് മറ്റുസാധനങ്ങൾ ഫ്ലാറ്റിൽ ഉപേക്ഷിച്ചാണ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.
First published: February 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍