ഇന്റർഫേസ് /വാർത്ത /Buzz / ഹാരി രാജകുമാരനെയും മേഗനെയും പിന്തുടർന്ന് പാപ്പരാസികൾ; രക്ഷയ്‌ക്കെത്തിയത് ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ

ഹാരി രാജകുമാരനെയും മേഗനെയും പിന്തുടർന്ന് പാപ്പരാസികൾ; രക്ഷയ്‌ക്കെത്തിയത് ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ

ആറോളം കാറുകളിലായാണ് പാപ്പരാസി സംഘം രാജകുമാരൻ സഞ്ചരിച്ച ടാക്‌സിയെ പിന്തുടർന്നത്.

ആറോളം കാറുകളിലായാണ് പാപ്പരാസി സംഘം രാജകുമാരൻ സഞ്ചരിച്ച ടാക്‌സിയെ പിന്തുടർന്നത്.

ആറോളം കാറുകളിലായാണ് പാപ്പരാസി സംഘം രാജകുമാരൻ സഞ്ചരിച്ച ടാക്‌സിയെ പിന്തുടർന്നത്.

  • Share this:

ന്യൂയോർക്കിലെത്തിയ ഹാരി രാജകുമാരനെയും ഭാര്യ മേഗൻ മെർക്കലിനെയും ചിത്രങ്ങൾ പകർത്താനുള്ള ശ്രമത്തിൽ പിന്തുടർന്ന് പാപ്പരാസികൾ. ഇരുവരും സഞ്ചരിച്ച ടാക്‌സിയെ അപകടകരമായ വിധത്തിൽ കാറോടിച്ചുകൊണ്ട് പാപ്പരാസി സംഘം പിന്തുടർന്നത് പത്തു മിനുട്ടോളമാണ്. ന്യൂയോർക്കിൽ ടാക്‌സി ഡ്രൈവറായ ഇന്ത്യൻ വംശജൻ സുഖ്ചരൺ സിംഗാണ് പാപ്പരാസികളിൽ നിന്നും രക്ഷതേടിയ ദമ്പതികളുടെ സഹായത്തിനെത്തിയത്.

ന്യൂയോർക്കിൽ നടന്ന വിമൻ ഓഫ് വിഷൻ അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് ഹാരി രാജകുമാരൻ, മേഗൻ, മേഗന്റെ മാതാവ് ഡോറിയ റാഗ്‌ലൻഡ് എന്നിവരടങ്ങുന്ന സംഘത്തെ പാപ്പരാസികൾ പിന്തുടർന്നെത്തിയത്. മിഡ്ടൗൺ മാൻഹാട്ടനിലെ പൊലീസ് സ്റ്റേഷനിൽ നിന്നുമാണ് രാജകുമാരനും ഭാര്യയും തൻ്റെ വണ്ടിയിൽ കയറിയതെന്നും യാത്രയിലുടനീളം ഇരുവരും വല്ലാതെ ഭയന്നിരിക്കുകയായിരുന്നെന്നും സുഖ്ചരൺ സിംഗ് പറയുന്നു.

Also Read-40 കോടി ഡോളർ നൽകി തടിയൂരാൻ ജോൺസൺ ആൻഡ് ജോൺസൺ: പാപ്പരത്വ പ്രഖ്യാപനം തന്ത്രമോ?

ആറോളം കാറുകളിലായാണ് പാപ്പരാസി സംഘം രാജകുമാരൻ സഞ്ചരിച്ച ടാക്‌സിയെ പിന്തുടർന്നത്. ഇരുവരുടെയും ജീവനുപോലും ആപത്തുണ്ടാക്കുന്ന തരത്തിൽ അങ്ങേയറ്റം അപടകടരമായായിരുന്നു പാപ്പരാസി സംഘം വാഹനമോടിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. അന്നേദിവസം ആകെ ഏകദേശം രണ്ടുമണിക്കൂറോളമാണ് പാപ്പരാസികൾ ഇരുവരെയും വിടാതെ പിന്തുടർന്നതെന്ന് രാജകുമാരൻ്റെ വക്താവ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

എന്നാൽ, അത്ര ഭീകരമായൊരു മത്സരയോട്ടമായിരുന്നില്ല അതെന്നാണ് സംഭവത്തിൻ്റെ വലിയൊരു ഭാഗത്തിന് സാക്ഷിയായ സുഖ്ചരൺ സിംഗിന്റെ വാക്കുകൾ. സംഭവത്തെക്കുറിച്ച് സുഖ്ചരൺ പറയുന്നതിങ്ങനെ: ‘ഞാൻ 67-ാം സ്ട്രീറ്റിലായിരുന്നു. അപ്പോഴാണ് സെക്യൂരിറ്റി ഗാർഡുകൾ എന്നെ വിളിക്കുന്നത്. കാര്യമെന്തെന്ന് മനസ്സിലാകുന്നതിനു മുന്നേ ഹാരി രാജകുമാരനും ഭാര്യയും എൻ്റെ ടാക്‌സിയിൽ കയറുകയായിരുന്നു. ചവർ ശേഖരിക്കുന്ന ഒരു ട്രക്ക് യാത്രയ്ക്കിടയിൽ അല്പനേരം ഞങ്ങളുടെ വഴിമുടക്കി. അടുത്ത നിമിഷം ഒരു സംഘം പാപ്പരാസികളെത്തി ഞങ്ങളെ വളഞ്ഞ് ചിത്രങ്ങൾ പകർത്താൻ ആരംഭിക്കുകയായിരുന്നു.’

രാജകുമാരനും സംഘവും തങ്ങൾക്ക് പോകേണ്ടയിടം വെളിപ്പെടുത്താൻ ഒരുങ്ങിയപ്പോഴേക്കും സെക്യൂരിറ്റി ഗാർഡ് വാഹനം വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് തിരിയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നെന്നും സുഖ്ചരൺ പറയുന്നു. ‘അവർ വല്ലാതെ ഭയന്നിരുന്നു. അന്നത്തെ ദിവസം മുഴുവൻ അവരെ പാപ്പരാസികൾ പിന്തുടരുകയായിരുന്നുവെന്ന് തോന്നുന്നു. രാജകുമാരനും ഭാര്യയും ഭയന്നിരുന്നെങ്കിലും, സെക്യൂരിറ്റി ഗാർഡ് വിഷയം നന്നായി കൈകാര്യം ചെയ്തു.’

Also Read-‘ആളറിയാതെ എയര്‍ഹോസ്റ്റസ് പരുഷമായി പെരുമാറി’; Infosys സ്ഥാപകന്‍ നാരായണ മൂര്‍ത്തിയ്ക്കൊപ്പമുള്ള യാത്രാനുഭവങ്ങളുമായി സോഷ്യൽ മീഡിയ

ഹാരിയും മേഗനും ഡോറിയയും ടാക്‌സിയുടെ പിൻസീറ്റിൽ ഇരിക്കുന്ന ചിത്രങ്ങൾ സംഭവത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തരം ഉപദ്രവങ്ങൾക്ക് അറുതിവരുത്താൻ വേണ്ടിവരുന്ന തയ്യാറെടുപ്പുകൾ എത്രത്തോളമാണെന്ന് വെളിപ്പെടുത്തുന്നതാണ് പുറത്തായ ഈ ചിത്രമെന്ന് ഹാരിയുടെ വക്താവ് അറിയിച്ചു.

സംഭവത്തിനു ശേഷം ഹാരിയും മേഗനും ഭയചകിതരായിരുന്നെങ്കിലും, ഇരുവർക്കും മറ്റ് പരിക്കുകളൊന്നുമില്ല. എന്നാൽ, തൻ്റെ ടാക്‌സിയിൽ സഞ്ചരിച്ചിരുന്ന സമയം ഹാരിയോ മേഗനോ അപകടത്തിലായിരുന്നുവെന്ന് താൻ കരുതുന്നില്ലെന്നാണ് സുഖ്ചരൺ സിംഗിൻ്റെ പക്ഷം. കാര്യങ്ങളെ ആവശ്യമില്ലാതെ ഊതിപ്പെരുപ്പിക്കുകയാണെന്നും, കേൾക്കുന്നത് സത്യമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘അപകടകരമായ മത്സരയോട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ, അത് എൻ്റെ ടാക്‌സിയിൽ കയറുന്നതിനു മുൻപുണ്ടായ സംഭവമായിരിക്കാം. ന്യൂയോർക്ക് നഗരം സുരക്ഷിതമായൊരിടമാണ്. എല്ലായിടത്തും പൊലീസ് സ്റ്റേഷനുകളുണ്ട്, റോഡുകൾ തോറും പൊലീസുകാരുമുണ്ട്. ഇവിടെ സഞ്ചരിക്കാൻ ഭയപ്പെടേണ്ട കാര്യമേയില്ല.’ സുഖ്ചരൺ പറയുന്നു.

First published:

Tags: New york, Prince Harry