ശ്രീലങ്കന്‍ ഗായിക യോഹാനി ദിലോക ഡി സില്‍വ ആലപിച്ച മനികെ മാഗെ ഹിതേ (Manike Mage Hithe) എന്ന ഗാനം ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് പല രീതിയാലാണ് വൈറലാവുന്നത്. മെയ് മാസത്തില്‍ പുറത്തിറങ്ങിയ ഈ ഗാനം മില്യൺ കണക്കിന് ആളുകളിലേക്കാണ് എത്തിപ്പെട്ടത്. പലരും അത് പശ്ചാത്തലമാക്കി പല തരത്തിലുള്ള വീഡിയോകളും തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു ഇന്‍ഡിഗോ എയര്‍ ഹോസ്റ്റസിന്റെ പ്രകടനവും ഇന്റര്‍നെറ്റ് ലോകത്ത് ശ്രദ്ധ നേടിയിരിക്കുകയാണ്.
ഇന്‍ഡിഗോ എയര്‍ ഹോസ്റ്റസായ അയാത്ത് ഉര്‍ഫ് അഫ്രീനാണ് ഈ വീഡിയോ പങ്കുവച്ചത്. യാത്രികരില്ലാത്ത വിമാനത്തിനുള്ളില്‍ സീറ്റുകള്‍ക്ക് നടുവിലെ ഇടനാഴിയില്‍ നിന്നാണ് അയാത്ത് പാട്ടിന് ചുവടുവയ്ക്കുന്നത്. ഈ സിംഹള ഗാനത്തിന് വന്‍ പ്രചാരം നല്കിയ ആയിരക്കണക്കിന് സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ ഒരാളാണ് അവര്‍. ഓഗസ്റ്റ് 28 ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഈ വീഡിയോ ഇപ്പോള്‍ അമ്പത്ത് ലക്ഷത്തിനടുത്ത് ലൈക്കുകള്‍ നേടിയിട്ടുണ്ട്.
യാത്രകരില്ലാത്ത ഇടവേളയില്‍, യൂണിഫോമും കോവിഡ് സംരക്ഷണ വസ്ത്രവും ധരിച്ച് ഫ്ളൈറ്റിന്റെ ഇടനാഴിയില്‍ നൃത്തം ചെയ്യുന്ന വീഡിയോയുടെ അടിക്കുറിപ്പില്‍ അയാത്ത് എഴുതിയതിങ്ങനെയാണ്, ''നീണ്ട ഇടവേളകള്‍! ഞങ്ങളുടെ ക്രൂ കുറച്ച് ചുവടുകള്‍ വയ്ക്കുകയാണ്. ഈ മനോഹരമായ ചുവടുകള്‍ക്ക് ജോഡി അനൂരഭിന് നന്ദി.''
നിരവധി അഭിപ്രായങ്ങളും പ്രതികരണങ്ങളുമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമിലെ ധാരാളം ഉപയോക്താക്കള്‍, അയാത്തിന്റെ നൃത്തച്ചുവടുകളും വരികള്‍ക്ക് ഒത്ത് ചുണ്ട് അനക്കിയുള്ള അവളുടെ ആകര്‍ഷകമായ ഭാവങ്ങളും ഇഷ്ടപ്പെട്ടുവെന്ന് പ്രതികരിച്ചു.
ഇന്‍സ്റ്റാഗ്രാമില്‍ ഒന്നരലക്ഷത്തിലധികം ഫോളോവേഴ്സുള്ള അയാത്ത്, തന്റെ ഫോട്ടോഷൂട്ടുകളില്‍ നിന്നുള്ള അതിശയകരമായ ചിത്രങ്ങളും, അവധിക്കാലത്തെ പരിപാടികളുടെയും, ഡാന്‍സിന്റെയും വീഡിയോകള്‍ പതിവായി പങ്കിടാറുണ്ട്. ഇന്‍സ്റ്റാ ബയോയില്‍ അയാത്ത് കുറിച്ചിരിക്കുന്നത് താനൊരു എയര്‍ഹോസ്റ്റസും ഏക ദൈവ വിശ്വാസിയുമാണെന്നാണ്. ഒരു മികച്ച നര്‍ത്തകി എന്നതിനു പുറമേ, അവള് ഒരു സംരംഭകയും, ഫോട്ടോഗ്രാഫറും, യൂട്യൂബറും കൂടിയാണ്.'ലൈഫ് ക്യാമറ ആഫ്രീന്‍!' (Life camera Aafreeeen!) എന്നാണ് അവളുടെ യൂട്യൂബ് ചാനലിന്റെ പേര്.
Also Read-
സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് വീഡിയോ; ബോഡി ഷെയ്മിങ്ങ് കമ്മന്റുകള്‍ക്ക് പ്രതികരണവുമായി സയനോര ഫിലിപ്പ്
ശ്രീലങ്കന്‍ സംഗീതസംവിധായകനും ഗായകനുമായ സതീശനൊപ്പം, യോഹാനി അവതരിപ്പിച്ച മണികെ മാഗെ ഹിതെ എന്ന ഗാനം തമിഴും മലയാളവും ഉള്‍പ്പെടെ നിരവധി പ്രാദേശിക ഭാഷകളില്‍ കവറുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഹിന്ദി പതിപ്പില്‍ യോഹാനിയും ഇന്ത്യന്‍ റാപ്പര്‍ ഗായകന് മുസിസ്റ്റാറുമാണ് പാടുന്നത്. പല ബോളിവുഡ് താരങ്ങളും ഈ പാട്ടിന് അവരുടെ സ്വന്തം പതിപ്പുകള്‍ പങ്കിട്ടിരുന്നു. അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത്, ടൈഗര്‍ ഷ്രോഫ്, പരിനീതി ചോപ്ര എന്നിവര്‍ ആ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്.
പാട്ടിന്റെ യഥാര്‍ത്ഥ കവര്‍ നിര്‍മ്മിച്ചിരിക്കുന്നതും സംഗീത സംവിധാനം ചെയ്തതും ശ്രീലങ്കന്‍ സ്വദേശിയായ ചമത് സംഗീതാണ്. വീഡിയോ ഡയറക്ട് ചെയ്തിരിക്കുന്നത് പസിന്തു കൗഷല്യയാണ്. മെയ് 22 ന് യുട്യൂബില്‍ റിലീസായ ഈ ഗാനം പത്ത് കോടിയിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. നാല് മില്യണ്‍ ലൈക്കും രണ്ട് ലക്ഷത്തിലധികം കമന്റുകളും യഥാര്‍ത്ഥ ഗാനത്തിന്റെ യുട്യൂബ് വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.