മാതൃദിനത്തില്‍ അമ്മയോടുള്ള സ്‌നേഹം വെളിപ്പെടുത്തി പലരും വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍ ക്യാബിന്‍ ക്രൂവായ അമ്മയുടെയും മകളുടെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായി ജോലി ചെയ്യുന്ന നബീറ സാംഷിയെയാണ് വീഡിയോയില്‍ കാണുന്നത്. മാതൃദിനത്തോട് അനുബന്ധിച്ച് തന്റെ അമ്മയെ പരിചയപ്പെടുത്താനാണ് നബീറ എത്തിയത്. വിമാനത്തിലെ യാത്രക്കാര്‍ക്ക് മുന്നിലാണ് നബീറ തന്റെ അമ്മയെ പരിചയപ്പെടുത്തിയത്. ഇരുവരും വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളാണ്. യൂണിഫോമിലുള്ള തന്റെ അമ്മയെ എല്ലാവര്‍ക്കുമായി നബീറ പരിചയപ്പെടുത്തുകയായിരുന്നു.
തനിക്ക് എന്നും തന്റെ അമ്മ തന്നെയാണ് പ്രചോദനമെന്നും കഴിഞ്ഞ ആറ് വര്‍ഷമായി ക്യാബിന്‍ ക്രൂവായി ജോലി ചെയ്യുന്നയാളാണ് താനെന്നും നബീറ പറഞ്ഞു. നിറകൈയ്യടികളോടെയാണ് യാത്രക്കാര്‍ ഈ അമ്മയെയും മകളെയും സ്വീകരിച്ചത്.
” എപ്പോഴും എന്നെ പിന്താങ്ങുന്ന അമ്മയ്ക്ക് സന്തോഷം നിറഞ്ഞ മാതൃദിനാശംകള്‍,” എന്ന തലക്കെട്ടോടെയാണ് നബീറയുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം നിരവധി പേരാണ് വീഡിയോ ഏറ്റെടുത്ത് രംഗത്തെത്തിയത്. തങ്ങളുടെ അനുഭവങ്ങളും പലരും വീഡിയോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. ഏകദേശം 80000 ലധികം പേര്‍ വീഡിയോ കാണുകയും ചെയ്തു.
Happy Mother’s Day to the one who’s always had my back, on the ground and in the air. #HappyMothersDay #goIndiGo #IndiaByIndiGo pic.twitter.com/gHLZBZRmra
— IndiGo (@IndiGo6E) May 14, 2023
” രണ്ട് പേര്‍ക്കും ബിഗ്‌സല്യൂട്ട്, ദൈവം നിങ്ങളെ രക്ഷിക്കട്ടെ. താങ്കളുടെ അമ്മയ്ക്ക് ഒരു പ്രത്യേക സല്യൂട്ട്,” എന്നായിരുന്നു ഒരാള്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തത്.
”ഹൃദയസ്പർശിയായ വീഡിയോ. രണ്ടുപേരേയും കണ്ടാല്‍ സഹോദരിമാരെപ്പോലെ ഉണ്ട്. സന്തോഷം നിറഞ്ഞ മാതൃദിനാശംസകള്‍,’ എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്.
അതേസമയം ഇന്‍ഡിഗോ എയര്‍ലൈന്‍സിനെ പ്രകീര്‍ത്തിച്ചും ഒരാള്‍ കമന്റ് രേഖപ്പെടുത്തി.
”മാതൃദിനത്തില്‍ തന്നെ ഈ അമ്മയ്ക്കും മകള്‍ക്കും ഒരുമിച്ച് ജോലി ചെയ്യാന്‍ സൗകര്യം ഒരുക്കിയതിന് ഇന്‍ഡിഗോ മാനേജ്‌മെന്റിന് നന്ദി”, എന്നായിരുന്നു ഒരാളുടെ കമന്റ്.
പൈലറ്റായ അമ്മയും മകളും ഒരുമിച്ച് വിമാനം പറത്തിയതും മുൻപ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍ ഹോളി പെറ്റിറ്റും ഫസ്റ്റ് ഓഫീസര്‍ കീലി പെറ്റിറ്റും ചേർന്നാണ് വിമാനം പറത്തിയത്. നൗ ദിസ് ന്യൂസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഈ വീഡിയോയില്‍, വിമാനത്തിനുള്ളിലെ യാത്രക്കാരുമായി ഹോളി പെറ്റിറ്റ് ഈ ചരിത്ര നിമിഷത്തെക്കുറിച്ച് സംസാരിക്കുന്നത് കാണാം. ”ഇത് ഞങ്ങള്‍ക്കും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിനും വളരെ പ്രത്യേകതകൾ നിറഞ്ഞ ദിവസമാണ്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ പൈലറ്റുമാരാകുന്ന ആദ്യത്തെ അമ്മയും മകളുമാണ് ഞങ്ങള്‍”, എന്ന് അവര്‍ വീഡിയോയില്‍ പറയുന്നത് കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Buzz, IndiGo Flight