മാതൃദിനത്തിൽ (Mother’s Day) ഇൻഡിഗോ (Indigo) വിമാനത്തിൽ നിന്നുള്ള ഒരു മകൻെറയും അമ്മയുടെയും അപൂർവ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. അമ്മയും മകനും ഇൻഡിഗോയിലെ പൈലറ്റുമാരാണ്. ഇരുവരും സഹ പൈലറ്റുമാരായി ഒരുമിച്ച് ജോലി ചെയ്യുന്ന ആദ്യ ദിവസത്തെ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
അമൻ താക്കൂറെന്ന പൈലറ്റാണ് തൻെറ അമ്മയ്ക്കൊപ്പം ആദ്യമായി സഹ പൈലറ്റായി ജോലി ചെയ്യുന്നതിൻെറ സന്തോഷം യാത്രക്കാരോട് പങ്കുവെച്ചത്. അമ്മയെ ചേർത്ത് പിടിച്ച് കൊണ്ടാണ് അമൻ ഇക്കാര്യങ്ങൾ മൈക്കിലൂടെ വിശദീകരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ മദേഴ്സ് ഡേ ആശംസകൾ നേർന്ന് ഒരു ബൊക്കെ അമ്മയ്ക്ക് കൈമാറുന്നതാണ് കാണുന്നത്.
അമ്മയുടെ ഒപ്പം ഒരുമിച്ച് ജോലി ചെയ്ത് കൊണ്ട് യാത്ര ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് അമൻ പറഞ്ഞു. കഴിഞ്ഞ 24 വർഷമായി ഒരു യാത്രക്കാരനായി അമ്മയ്ക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. എന്നാൽ ആദ്യമായാണ് സഹപ്രവർത്തകരായി യാത്ര ചെയ്യുന്നത്. തനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും അമൻ പറഞ്ഞു.
“വ്യത്യസ്ത എയർലൈനുകളിലും വ്യത്യസ്ത ഫ്ലൈറ്റുകളിലും ഇൻഡിഗോയിലും തന്നെയായി കഴിഞ്ഞ 24 വർഷം അമ്മയ്ക്കൊപ്പം ഞാൻ നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. അതെല്ലാം യാത്രക്കാരനായി മാത്രമായിരുന്നു. ഇന്നെൻെറ ജീവിതത്തിലെ വളരെ സ്പെഷ്യലായ ദിവസമാണ്. ഞാൻ ആദ്യമായി അമ്മയ്ക്കൊപ്പം സഹ പൈലറ്റായി യാത്ര ചെയ്യുകയാണ്. എനിക്കായി ജീവിതത്തിൽ ചെയ്തതിനെല്ലാം ഞാൻ ഈ അവസരത്തിൽ നന്ദി പറയുകയാണ്. എല്ലായ്പ്പോഴും എനിക്കൊപ്പം നിൽക്കുന്നതിനും നന്ദി,” അമൻ വീഡിയോയിൽ പറഞ്ഞു. സോഷ്യൽ മീഡിയ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ഇത് ഷെയർ ചെയ്യുന്നത്. മകൻ അമ്മയുടെ സഹപൈലറ്റായപ്പോൾ എന്ന ക്യാപ്ഷനുമായാണ് ഒരാൾ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് അപൂർവ മുഹൂർത്തമാണെന്ന് മറ്റൊരാൾ വീഡിയോ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
ഭിന്നശേഷിയുള്ള ഒരു കൗമാരക്കാരനെ ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കാഞ്ഞതുമായി ബന്ധപ്പെട്ട് ഇൻഡിഗോ ഈയടുത്ത് വിവാദത്തിൽ പെട്ടിരുന്നു. റാഞ്ചി വിമാനത്താവളത്തിലാണ് ഭിന്നശേഷിക്കാരനോട് മോശമായി പെരുമാറിയന്ന ആരോപണം ഇൻഡിഗോക്കെതിരെ ഉയർന്നത്. യുവാവിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇൻഡിഗോയുടെ നടപടിയെ പലരും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ആളുകളോട് പക്ഷപാതിത്വത്തോടെയാണ് പെരുമാറുന്നതെന്നും യുവാവിൻെറ കുടുംബത്തെ അപമാനിച്ചുവെന്നുമെല്ലാം പല കോണിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ ഇൻഡിഗോ പിന്നീട് വിശദീകരണവുമായി രംഗത്തെത്തി. സംഭവത്തിൽ എയർലൈൻസിനെതിരെ പരാതിയും നൽകിയിരുന്നു.
റാഞ്ചി എയർപ്പോർട്ടിൽ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതോടെയാണ് ആളുകൾ ഏറ്റെടുത്തത്. യാത്രക്കാരനെ വിമാനത്തിൽ കയറ്റാൻ അനുവദിച്ചില്ലെന്നത് സത്യമാണെന്ന് ഇൻഡിഗോ തന്നെ പിന്നീട് സമ്മതിച്ചു. എന്നാൽ അത് വിമാനത്തിൽ കയറാൻ ആ വ്യക്തി വല്ലാത്ത ഭയം കാണിച്ചത് കൊണ്ടാണെന്നാണ് ഇൻഡിഗോ വിശദീകരിച്ചത്. എന്തായാലും സോഷ്യൽ മീഡിയ സംഭവം ഇൻഡിഗോയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ചയായാണ് കണക്കാക്കിയത്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.