നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഫ്ലൈഓവറിൽ നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കിലിട്ടു; താരത്തിന് പിഴയിട്ട് പോലീസ്

  ഫ്ലൈഓവറിൽ നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കിലിട്ടു; താരത്തിന് പിഴയിട്ട് പോലീസ്

  • Share this:
   ഫ്ലൈഓവറിന് നടുവില്‍ നിന്ന് നൃത്തം ചെയ്യുന്ന ഫേസ്ബുക്ക് വീഡിയോ ചിത്രീകരിച്ചതിന് സാമൂഹിക പ്രവര്‍ത്തകനും, ബാംഗാളി സിനിമാതാരവുമായ സാന്‍ഡി സാഹയ്ക്ക് പിഴ ചുമത്തി. സെപ്റ്റംബര്‍ 13 ന് സാന്‍ഡി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കിട്ടിരുന്നു. ദൃശ്യത്തില്‍ താരത്തിന്റെ അമ്മ, കൊല്‍ക്കത്തയിലെ 'മാ ഫ്ളൈഓവര്‍'ല്‍ കാര്‍ പാര്‍ക്ക് ചെയ്യുകയും തുടര്‍ന്ന് സാന്‍ഡി പുറത്തേക്കിറങ്ങി റോഡിന് നടുവിലെ ഡിവൈഡറില്‍ കയറി നൃത്തം ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് കാണിക്കുന്നത്. 'മെയിന്‍ ഹായ് യുപി ബീഹാര്‍ ലുട്ട്നെ' എന്ന ഗാനത്തില്‍ നൃത്തം ചെയ്യുന്ന സാന്‍ഡിയുടെ ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.

   ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാ ഫ്ളൈഓവര്‍ സുരക്ഷിതമല്ലാത്തതിനാല്‍ വീഡിയോ വൈറലായതിന് പിന്നാലെ പലരും സാന്‍ഡിയുടെ നടപടിയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ ചിലര്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തി വീഡിയോ കൊല്‍ക്കത്ത പോലീസിനെ ടാഗും ചെയ്തിരുന്നു. എന്നാല്‍ താന്‍ ഒരു ട്രാഫിക് നിയമവും ലംഘിച്ചിട്ടില്ലെന്നാണ് സാന്‍ഡി അവകാശപ്പെടുന്നത്. ഒപ്പം ഫ്ളൈഓവറില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചതായി അറിയില്ലെന്നും താരം അവകാശപ്പെടുന്നു.

   സാന്‍ഡിയുടെ വീഡിയോകള്‍ക്ക് ഇന്റര്‍നെറ്റ് ലോകത്ത് വന്‍ ആരാധകരാണുള്ളത്. അതിനാല്‍ ഈ നിയമലംഘന വീഡിയോ പലര്‍ക്കും പ്രചോദനം നല്‍കാനുള്ള സാധ്യതയും കണക്കിലെടുത്ത് താരത്തിനും ആ സമയത്ത് കൂടെയുണ്ടായിരുന്നവര്‍ക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. തില്‍ജാല പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ സ്വമേധയാ കേസെടുക്കുകയും, അനധികൃത പാര്‍ക്കിംഗിന് വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. കൂടാതെ, സംഭവത്തില്‍ മാ ഫ്ളൈഓവറിന്റെ ഭാഗങ്ങളില്‍ ചുമതലയുള്ള തില്‍ജാല ട്രാഫിക് ഗാര്‍ഡിനും നോട്ടീസ് അയച്ചിട്ടുണ്ട്.

   നടന്‍, ഹാസ്യനടന്‍, സാമൂഹിക പ്രവര്‍ത്തകന്‍, യൂട്യൂബര്‍ എന്നിങ്ങനെ പല നിലകളിലും പ്രശസ്തനാണ് കൊല്‍ക്കത്ത സ്വദേശിയായ സാന്‍ഡി സഹ. എംടിവിയില്‍ സംപ്രേഷണം ചെയ്ത റോഡീസ് എക്‌സ്ട്രീം എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ആദ്യത്തെ സ്വവര്‍ഗ്ഗാനുരാഗിയാണ് സാന്‍ഡി. എംടിവി എലിവേറ്റര്‍ പിച്ച് എന്ന റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിട്ടുണ്ട്. കൂടാതെ പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി ഇച്ചെ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയും നടത്തുന്നുണ്ട്.

   രാജ്യത്തെ പല സ്ഥലങ്ങളിലും പ്രമുഖരുള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനായി നിയലംഘനം നടത്തി വീഡിയോ ചിത്രീകരിക്കുന്നത് പതിവായിരിക്കുകയാണിപ്പോള്‍. ഏറ്റവുമൊടുവില്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലും സമാന സംഭവം നടന്നിരുന്നു. ശ്രേയ കല്‍റ എന്ന സെലിബ്രറ്റി ഇന്‍സ്റ്റാഗ്രാമര്‍ തിരക്കേറിയ നഗരത്തിലെ സിഗ്നലില്‍ ചിത്രീകരിച്ച ഡാന്‍സ് വീഡിയോ വിവാദം സൃഷ്ടിച്ചിരുന്നു. സംസ്ഥാന മുഖ്യമന്ത്രി പോലും ശ്രേയയുടെ നടപടികളില്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

   രാജ്യത്തെ നാലാമത്തെ നീളമേറിയ ഫ്ളൈഓവര്‍ ആണ് കൊല്‍ക്കത്തയിലെ മാ ഫ്ളൈഓവര്‍. 9.62 കിലോമീറ്റര്‍ (5.98 മൈല്‍) നീളമുള്ള മാ ഫ്ളൈഓവര്‍, 2010 ഫെബ്രുവരിയിലാണ് നിര്‍മ്മാണം ആരംഭിച്ചത്. 2019 ഫെബ്രുവരിയിലാണ് ഔദ്യോഗികമായി പാലം തുറന്നുകൊടുത്തത്.
   Published by:Jayashankar AV
   First published:
   )}