കഠിനാധ്വാനത്തിന്റെ പ്രതിഫലം ഒരിക്കൽ ലഭിക്കുക തന്നെ ചെയ്യും. സ്ഥിരമായി പ്രയത്നിക്കാനുള്ള ഉത്സാഹവും അർപ്പണമനോഭാവവും ഉള്ളവർക്ക് വിജയം സുനിശ്ചിതമായിരിക്കും. ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ സമ്പന്നനാകണമെന്നില്ല, മറിച്ച് ദൃഢനിശ്ചയമുണ്ടായാൽ മാത്രം മതിയെന്ന് തെളിയിച്ച ഒരു പെൺകുട്ടിയുടെ കഥ പങ്കുവെയ്ക്കുകയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ.
ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, (ഐഐടി) കാൺപൂരിൽ മികച്ച പ്രകടനത്തിലൂടെ പ്രവേശനം നേടിയിരിക്കുകയാണ് ആര്യ രാജഗോപാൽ എന്ന പെൺകുട്ടി. പെട്രോൾ പമ്പ് അറ്റൻഡന്റിന്റെ മകളായ ആര്യ രാജഗോപാലനെ തന്റെ ട്വീറ്റിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയിരിക്കുകയാണ് ഐഒസി ചെയർമാൻ. പെട്രോൾ പമ്പ് ജീവനക്കാരനായ രാജഗോപാലിനെയും അദ്ദേഹത്തിന്റെ മകളായ ആര്യയുടെയും ചിത്രവും ശ്രീകാന്ത് മാധവ് വൈദ്യ ട്വിറ്ററിൽ പങ്കുവെച്ചു.
ശ്രീകാന്ത് മാധവ് വൈദ്യ പങ്കുവെച്ച ഹൃദയസ്പർശിയായ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആര്യയ്ക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തിയത്. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി ഉൾപ്പെടെ രാജ്യത്തെ പ്രമുഖർ ഈ യുവ വിദ്യാർത്ഥിനിയ്ക്ക് ആശംസകൾ ചൊരിയുന്നു.
ആര്യയുടെ അച്ഛൻ രണ്ട് പതിറ്റാണ്ടായി പെട്രോൾ പമ്പ് അറ്റൻഡന്റായി ജോലി ചെയ്യുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) നിന്നാണ് ആര്യ ബിരുദം പൂർത്തിയാക്കിയത്. ഇപ്പോൾ രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനമായ ഐഐടിയിൽ പെട്രോളിയം എഞ്ചിനീയറിംഗിൽ ആര്യ ബിരുദാനന്തര ബിരുദ പഠനം ആരംഭിക്കാൻ പോകുന്നു എന്ന് ഐഒസി ചെയർമാൻ തന്റെ ട്വീറ്റിൽ വ്യക്തമാക്കുന്നു. പെട്രോൾ പമ്പിൽ നിന്നും എടുത്ത അഭിമാനിയായ പിതാവിന്റെയും മകളുടെയും ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു. മികച്ച നേട്ടം കൈവരിച്ച ആര്യയെ ലോകമെമ്പാടുമുള്ളവർ പ്രശംസിക്കുകയാണ്. ഒപ്പം കഠിനാധ്വാനത്തിലൂടെ മകളെ ഈ നേട്ടങ്ങൾക്ക് പ്രാപ്തയാക്കിയ പിതാവ് രാജഗോപാലിനെയും സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നു.
"ഇന്ത്യയ്ക്ക് മുഴുവൻ പ്രചോദനവും മാതൃകയുമാണ് ഈ അച്ഛനും മകളും. രാജ്യത്തിന്റെ ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഞങ്ങൾ ഇതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു" എന്ന് അഭിനന്ദനം അറിയിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.
ആര്യയുടെ പിതാവ് രാജഗോപാൽ ആശംസകളും അഭിനന്ദങ്ങളും അറിയിച്ച എല്ലാവർക്കും ആര്യയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. തന്റെ മകളിലുള്ള ഉറച്ച പ്രതീക്ഷകളും അദ്ദേഹം പങ്കുവെച്ചു. 2005 മുതൽ താൻ ജോലി ചെയ്യുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ തന്നെ മകൾക്കും ജോലി നേടാനായാൽ താൻ ഏറെ സന്തോഷവാനായിരിക്കും എന്ന് അദ്ദേഹം റിപ്പബ്ലിക്കിനോട് പറഞ്ഞു. ഒരു പിതാവെന്ന നിലയിൽ താൻ ഈ നിമിഷം ഏറ്റവുമധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മകളുടെ ഭാവിക്കായി എന്ത് കഷ്ടപ്പാടും സഹിക്കാൻ കുടുംബം ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian Oil Corporation, Life, Petrol, Woman