• HOME
 • »
 • NEWS
 • »
 • buzz
 • »
 • കേരളം സ്വയം ജീവനൊടുക്കുകയാണോ? നെഞ്ചിൽത്തറയ്ക്കുന്ന ജി വിജയരാഘവന്റെ ചോദ്യങ്ങൾ

കേരളം സ്വയം ജീവനൊടുക്കുകയാണോ? നെഞ്ചിൽത്തറയ്ക്കുന്ന ജി വിജയരാഘവന്റെ ചോദ്യങ്ങൾ

''രാജ്യത്ത് ഏറ്റവുമധികം ആത്മഹത്യകൾ നടക്കുന്ന കേരളത്തെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. നമ്മുടെ സംസ്ഥാനത്തോട് എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ചാണ്.''

ജി വിജയരാഘവൻ

ജി വിജയരാഘവൻ

 • Share this:
  പൊതുപണിമുടക്കിന്റെയും സംരംഭകനെതിരായ ആക്രമണത്തിന്റെയും പശ്ചാത്തലത്തിൽ ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും തിരുവനന്തപുരം ടെക്നോപാര്‍ക്ക് സിഇഒയുമായിരുന്ന ജി. വിജയരാഘവന്റെ കുറിപ്പ്. കേരളം നിശ്ചലമാകാൻ പോകുന്ന പൊതുപണിമുടക്കിന്റെ തൊട്ടടുത്ത ദിവസവും കൊച്ചിയിൽ സംരംഭകനെ ആക്രമിച്ചതിന്റെ രണ്ടാം ദിനവും നിക്ഷേപകരെ ആകർഷിക്കാൻ നടത്തുന്ന സർക്കാർ പരിപാടി കൊണ്ടുണ്ടാകുന്ന നേട്ടം എന്താകുമെന്ന ആശങ്കയാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. നിക്ഷേപ പ്രോത്സാഹനത്തിനായി സർക്കാർ പണം ചെലവഴിക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ പണം ക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണമെന്നും വിജയരാഘവൻ ഫേസ്ബുക്കിൽ കുറിച്ചു.

  Also Read- മുത്തൂറ്റ് ഫിനാൻസ് എം.ഡിക്കുനേരെ കൊച്ചിയിൽ കല്ലേറ്; അക്രമം ജീവനക്കാരുടെ സമരത്തിനിടെ

  കുറിപ്പിന്റെ പൂർണരൂപം

  രാജ്യത്ത് ഏറ്റവുമധികം ആത്മഹത്യകൾ നടക്കുന്ന കേരളത്തെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. നമ്മുടെ സംസ്ഥാനത്തോട് എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ചാണ്.

  1. വർഷങ്ങൾക്കുമുമ്പ് ബി‌എം‌ഡബ്ല്യു ടീം അവരുടെ ഫാക്ടറി സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലമാണോ കേരളം എന്ന് അറിയാൻ എത്തിയിരുന്നു. അന്ന് ഒരു ഹർത്താൽ ദിനമായിരുന്നു. പിന്നീട് ബി‌എം‌ഡബ്ല്യു ടീം തിരികെ വന്നിട്ടില്ല.

  2. ഒരു പതിറ്റാണ്ടിനുള്ളിൽ വളരെ വലിയ ഒരു അമേരിക്കൻ കമ്പനി അവരുടെ ഒരു യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടെക്നോപാർക്കിലെ ഒരു കമ്പനിയുമായി ചർച്ചകൾക്ക് വന്നിരുന്നു. അതും ഒരു ഹർത്താൽ ദിനത്തിലായിരുന്നു. റിസ്ക് എടുക്കാൻ കഴിയാത്തതിനാൽ മറ്റാർക്കോ ബിസിനസ്സ് നൽകാൻ തീരുമാനിക്കുകയായിരുന്നു അവർ.

  3. തൊണ്ണൂറുകളുടെ മധ്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഹാർഡ് ഡിസ്ക് നിർമാതാക്കൾ, അവരുടെ ഹാർഡ് ഡിസ്കിലേക്കുള്ള ഉപഘടകം നിർമിക്കുന്നതിനുള്ള ഒരു യൂണിറ്റ് തുടങ്ങാൻ ടെക്നോപാർക്കിനെ പരിഗണിച്ചു. ഐടിഐ പാസായ ആയിരം പെൺകുട്ടികൾക്ക് ജോലി ലഭിക്കുന്ന സംരംഭമായിരുന്നു അത്. സമരരഹിതമായ തൊഴിൽ അന്തരീക്ഷമാണ് അവർ വശ്യപ്പെട്ടത്. മറ്റേതൊരു കമ്പനിയെക്കാളും എന്തിന് സർക്കാർ ജീവനക്കാരുടേതിനെക്കാളും മികച്ച ആനുകൂല്യങ്ങളാണ് അവർ വാഗ്ദാനം ചെയ്തത്. എന്നാൽ അന്നത്തെ പ്രതിപക്ഷ നേതാവ് ഇത് സാധ്യമല്ലെന്ന് അറിയിച്ചതോടെ അവർ ചൈനയിൽ പോയി യൂണിറ്റ് തുടങ്ങി.

  4. 24x7x365 പ്രവർത്തനം ഉറപ്പാക്കേണ്ടതിനാൽ ബിപിഒ മേഖല കേരളത്തെ പൂർണമായും ഉപേക്ഷിച്ചു. ഹർത്താലുകളും പ്രതിഷേധങ്ങളും കാരണം കേരളത്തിൽ ഇത് സാധ്യമല്ലെന്ന് അവർ വിശ്വസിച്ചു. പതിനായിരക്കണക്കിന് ജോലികൾ മറ്റ് നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലേക്ക് പോയി.

  5. മുഖ്യമന്ത്രിമാരും മന്ത്രിമാരും നിരവധി സാധാരണക്കാരും പതിറ്റാണ്ടുകൾ നടത്തിയ പരിശ്രമഫലമായാണ് കേരളത്തിൽ തൊഴിൽ ഭീകരതയില്ലെന്നും നിക്ഷേപക സൗഹൃദമാണെന്നും ഉള്ള പ്രതിച്ഛായ നേടിയെടുക്കാൻ സഹായിച്ചത്.

  6. മുത്തൂറ്റിന്റെ എംഡി തന്റെ കാറിൽ യാത്ര ചെയ്യുമ്പോൾ പണിമുടക്കിയ ജീവനക്കാരെ പിന്തുണക്കുന്നവർ അദ്ദഹത്തെ ആക്രമിക്കുകയും ഇതേതുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ഇന്ന് ഞാൻ മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കുന്നു. ഒരു പരിഷ്‌കൃത സമൂഹം തർക്കങ്ങൾ പരിഹരിക്കുന്ന രീതി ഇങ്ങനെയാണോ?

  7. നാളെ നടക്കുന്ന അഖിലേന്ത്യാ പൊതു പണിമുടക്കിന് സംസ്ഥാന സർക്കാരിന്റെ അനൗപചാരിക പിന്തുണയുമുണ്ടാകും. അത് കേരളത്തിൽ സാധാരണ ജീവിതത്തെ ബാധിക്കും, എന്നാൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ സാധാരണ ദിനംപോലെയായിരിക്കും. ഒന്നുകിൽ യൂണിയനുകൾക്ക് അവിടെ സാന്നിധ്യമില്ലാത്തതിനാലോ അവിടെയുള്ള യൂണിയനുകളിലെ അംഗങ്ങൾക്ക് ഈ സമര രീതി പ്രായോഗികമായി ഫലപ്രദമല്ലെന്ന് അറിയാവുന്നതുകൊണ്ടോ ആകാം ഇത്. ആർക്കെതിരെയാണോ നിങ്ങൾ സമരം നടത്തുന്നത് അവരെ സമരം ബാധിക്കില്ല. പകരം ബാധിക്കുന്നത് ദരിദ്രരിൽ ദരിദ്രരായ സാധാരണക്കാരെ മാത്രമാകും.

  8. ഒൻപത്, പത്ത് തീയതികളിൽ കൊച്ചിയിൽ നിക്ഷേപം ആകർഷിക്കുന്നതിനായി സർക്കാരിന്റെ അസ്സെൻഡ് കേരള 2020 നടക്കുകയാണ്. ജനങ്ങളുടെ പണം ഉപയോഗിച്ചാണിത്. പൊതു പണിമുടക്കും കൊച്ചിയിലെ ഇന്നത്തെ ആക്രമണവും കാരണം പരിപാടിക്കായി ചെലവഴിക്കുന്ന പണവും വിവിധ പ്രമോഷൻ പ്രവർത്തനങ്ങളും വിദേശ സന്ദർശനങ്ങളും പാഴായിപോകും.

  9. പൊതു പണിമുടക്കിലൂടെ കേരളത്തെ നിശ്ചലമാക്കിയ ഒരു ദിവസത്തിനുശേഷം, കൊച്ചിയുടെ ഹൃദയഭാഗത്തുള്ള റോഡുകളിൽ ഒരു സംരംഭകനെ തല്ലിച്ചതച്ച് രണ്ട് ദിവസത്തിന് ശേഷം നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിടുന്ന ഒരു പരിപാടി നത്താൻ നമ്മൾ ലജ്ജിക്കേണ്ടതല്ലേ?

  10. ഞാൻ പരിഹസിക്കുകയല്ല, ഒരുപക്ഷേ പണിമുടക്കും മർദനവും കേരളം വികസിക്കുന്നത് കാണാൻ ആഗ്രഹിക്കാത്തതും നിക്ഷേപങ്ങളെ ആകർഷിക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ പരാജയപ്പെടുന്നതുമായ നിക്ഷിപ്ത താൽപ്പര്യക്കാരുടെ ഒരു വലിയ ഗൂഢാലോചനയാണെന്ന് തോന്നുകയാണ്.

  നാം ഒരു ക്ഷേമ രാഷ്ട്രമാണെന്നും പുറത്തുനിന്നുള്ള പണത്തെ ആശ്രയിച്ചുകഴിയുന്നവരാണെന്നും ഇവിടെ മുതൽ മുടക്കുന്നത് സ്വന്തം റിസ്കിൽ വേണമെന്നും ഔദ്യോഗികമായി പറയേണ്ടിവരുമെന്ന് ചിലപ്പോൾ ഞാൻ ചിന്തിക്കുന്നു. നിക്ഷേപ പ്രോത്സാഹനത്തിനായി സർക്കാർ പണം ചെലവഴിക്കുന്നത് അവസാനിപ്പിക്കുകയും അത് ക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും വേണം.
  Published by:Rajesh V
  First published: