• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ശുചീകരണം വൃത്തിഹീനമായ തൊഴിലോ? വികലമായ പരിഭാഷ കണ്ടപ്പോൾ അവന്റെയും മറ്റു കുഞ്ഞുങ്ങളുടെയും മുഖം ഓർത്തു'

'ശുചീകരണം വൃത്തിഹീനമായ തൊഴിലോ? വികലമായ പരിഭാഷ കണ്ടപ്പോൾ അവന്റെയും മറ്റു കുഞ്ഞുങ്ങളുടെയും മുഖം ഓർത്തു'

ഔദ്യോഗിക സംവിധാനങ്ങളിലടക്കം ഉപയോഗിക്കുന്ന ഈ പരിഭാഷ തിരുത്തണമെന്ന് അധ്യാപകൻ. പിന്തുണച്ച് സോഷ്യൽ മീഡിയയും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ശുചീകരണ ജോലി വൃത്തിഹീനമായ തൊഴിലാണോ? നാടിനെയും സമൂഹത്തിനെ ആകെയും പകർച്ച വ്യാധികളിൽ നിന്നും രക്ഷിക്കുന്നവരാണ് ശുചീകരണ തൊഴിലാളികൾ. അവർ ചെയ്യുന്നത് വൃത്തിഹീനമായ തൊഴിലാണെന്ന് പറയാനാകുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ശുചീകരണ തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പാണ് ഇപ്പോൾ ചർച്ചക്ക് വഴിതുറന്നത്. എറണാകുളം മഹാരാജാസ് കോളജിലെ ഇക്കണോമിക്സ് അസി. പ്രൊഫസർ ആർ.എൽ. രജിത് ആണ് ഈ വിഷയം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

    'വൃത്തിഹീന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മക്കൾക്കുള്ള ധനസഹായം' , അപേക്ഷയിൽ പറയുന്നത് ഇങ്ങനെയാണ്. അച്ഛന് കോർപറേഷനിൽ ക്ലിനീങ് ജോലി കിട്ടിയെന്ന് അഭിമാനത്തോടെ പറഞ്ഞ ഡിഗ്രി വിദ്യാർഥിയുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് അധ്യാപകന്റെ കുറിപ്പ്. തങ്ങളുടെ അച്ഛനോ, അമ്മയോ ചെയ്യുന്നത് വൃത്തിഹീനമായ തൊഴിലാണ് എന്ന് പറയുന്നതിനേക്കാൾ വലിയ ക്രൂരത മറ്റെന്താണ്. സ്കോളർഷിപ്പിനുള്ള അപേക്ഷ കണ്ടപ്പോൾ നേരത്തെ പറഞ്ഞ ഡിഗ്രി വിദ്യാർഥിയുടെയും മറ്റു കുഞ്ഞുങ്ങളുടെയും മുഖം മനസ്സിലോർത്തുവെന്നും അധ്യാപകൻ പറയുന്നു.

    കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ- 'കോളേജിൽ ഞാൻ അവനെ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം ഒന്നിച്ചു ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ സന്തോഷത്തോടെ അവൻ പറഞ്ഞു "സാറേ അച്ഛന് ജോലി കിട്ടി, കോർപറേഷനിൽ ക്ലീനിങ് ആയിട്ടാണ്. ഹോട്ടലിൽ ചായ അടിക്കുകയായിരുന്നു ഇതുവരെ ജോലി. ഈ പ്രായത്തിൽ ഈ ജോലി കിട്ടിയപ്പോൾ അച്ഛന് എന്തൊരു സന്തോഷം ആയെന്നോ."
    സാധാരണ മക്കൾക്ക് ജോലി കിട്ടിയ അച്ഛന്മാരുടെ സന്തോഷം കുറേ കണ്ടിട്ടുണ്ട് ഇവിടെയിതാ ഡിഗ്രിക്ക് പഠിക്കുന്ന മകൻ അച്ഛന് ജോലി കിട്ടിയതിനെ കുറിച്ച് പറഞ്ഞു സന്തോഷിക്കുന്നു. ഞാൻ അവനെ നോക്കി ചിരിച്ചു.
    ശുചീകരണ ജോലിക്ക് വൃത്തി ഹീനമായ തൊഴിലിൽ ഏർപ്പെടുന്നവർ എന്ന അങ്ങേയറ്റം വികൃതമായ പരിഭാഷ കണ്ടപ്പോൾ അവനെയും,ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുഞ്ഞുങ്ങളുടെ മുഖവും ഞാനോർത്തു. തങ്ങളുടെ അച്ഛനോ, അമ്മയോ ചെയ്യുന്നത് വൃത്തിഹീനമായ തൊഴിലാണ് എന്ന് പറയുന്നതിനേക്കാൾ വലിയ ക്രൂരത മറ്റെന്താണ്.
    ഈ പരിഭാഷ ഔദ്യോഗിക സംവിധാനം ഉൾപ്പെടെയുള്ളിടത്ത്  ഉപയോഗിക്കുന്നുവെന്ന് പലരും ചൂണ്ടി കാണിക്കുന്നുണ്ട്. അടിയന്തിരമായി തിരുത്തണം.'





    നിരവധി പേരാണ് അധ്യാപകന്റെ പോസ്റ്റിന്  പിന്തുണയുമായി എത്തിയത്. മോശം പരിഭാഷ തിരുത്തേണ്ടത് ആവശ്യമാണെന്നാണ് പോസ്റ്റിന് കമന്റിട്ട ഭൂരിഭാഗംപേരുടെയും അഭിപ്രായം.
    Published by:Rajesh V
    First published: