• HOME
 • »
 • NEWS
 • »
 • buzz
 • »
 • 15 വർഷമായി മെഡിക്കൽ അവധിയിലുള്ള IBM ജീവനക്കാരൻ എന്തിന് കേസ് കൊടുത്തു?

15 വർഷമായി മെഡിക്കൽ അവധിയിലുള്ള IBM ജീവനക്കാരൻ എന്തിന് കേസ് കൊടുത്തു?

തനിക്ക് ശമ്പളവർദ്ധനവ് അനുവദിക്കാത്തത് വിവേചനമാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം

 • Share this:

  നീണ്ട 15 വർഷമായി മെഡിക്കൽ അവധിയിലായിരുന്നിട്ടും തന്റെ ശമ്പളം വർധിപ്പിക്കാത്തതിന് ഐബിഎമ്മിനെതിരെ കേസ് കൊടുത്ത് വാർത്തകളിൽ ഇടം നേടിയ ആളാണ് ഐടി ജീവനക്കാരനായ ഇയാൻ ക്ലിഫോർഡ്. ടെക്‌നോളജി ഭീമനായ IBMനെതിരെയാണ് ഇയാൻ കേസ് കൊടുത്തത്. എന്നാൽ ഇയാന്റെ കേസ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ ജഡ്ജി തള്ളുകയായിരുന്നു. ഈ വിധിക്കെതിരെ അപ്പീൽ നൽകിയിരിക്കുകയാണ് ഇയാൻ. തനിക്ക് ശമ്പളവർദ്ധനവ് അനുവദിക്കാത്തത് വിവേചനമാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. തനിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അന്യായമായി തടഞ്ഞ് വച്ചുവെന്നും ഇയാൻ പറയുന്നു.

  എന്നാൽ ഇയാന്റെ ആവശ്യങ്ങളും പരാതികളും അതിര് കടന്നതാണെന്ന് സൂചിപ്പിച്ചാണ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ ജഡ്ജി കേസ് തള്ളിയത്. കോടതി വിധിയ്ക്ക് ശേഷമാണ് ഇത്തരത്തിലൊരു കേസ് കൊടുക്കാൻ ഇയാനെ പ്രേരിപ്പിച്ച കാരണം അദ്ദേഹം വെളിപ്പെടുത്തിയത്. തന്റെ കുടുംബത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കയാണ് ഇത്തരത്തിലൊരു കേസ് കൊടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ലുക്കീമിയയുടെ നാലാം ഘട്ടമാണ് എന്നും കീമോതെറാപ്പി ചെയ്ത് വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

  Also read- ഭർത്താവിന്റെ അമിത മദ്യപാനം കുറയ്ക്കാന്‍ ഭാര്യ ‘മദ്യപാനിയായി’

  വർഷങ്ങളായി അസുഖ ബാധിതനാണ് ഇദ്ദേഹം. തനിക്ക് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന ഒരു മകനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശമ്പളവും ഇൻഷുറൻസും പെൻഷനും എല്ലാം തന്റെ കുടുംബത്തിന് വേണ്ടിയാണ് എന്നും ഇയാൻ പറയുന്നു. തന്റെ ഇതുവരെയുള്ള മുഴുവൻ സമ്പാദ്യവും കേസിനും ചികിത്സയ്ക്കുമായി ചെലവഴിച്ചു. ഒടുവിൽ ക്രെഡിറ്റ് കാർഡിൽ നിന്ന് പോലും കടം വാങ്ങേണ്ടി വന്നിരിക്കുകയാണെന്നും ഇത് തന്നെ സാമ്പത്തികമായി തകർത്തുവെന്ന് ഇയാൻ പറയുന്നു. താൻ ജീവനോടെയിരിക്കുന്ന സമയം കുറഞ്ഞ് കുറഞ്ഞ് വരികയാണെന്നും 65 വയസ്സ് വരെ ജീവിക്കുമോ എന്നകാര്യം പോലും ഉറപ്പില്ലെന്നും ഇയാൻ പറയുന്നു.

  ഈ നിയമനടപടികൾ തന്റെ അവസാന ആശ്രയമാണെന്നും താൻ ഇന്നും കമ്പനിയുടെ ജീവനക്കാരനാണെന്നും അദ്ദേഹം വാദിക്കുന്നു. 2013 നും 2022 നും ഇടയിൽ 2.5 ശതമാനം ശമ്പള വർദ്ധനവാണ് താൻ ആവശ്യപ്പെട്ടത്. അക്കാര്യത്തിൽ ഒരു ഔപചാരിക പരിശോധന നടത്തിയോ എന്ന് ഐബിഎം വ്യക്തമാക്കണമെന്നും ഇയാൻ ക്ലിഫോർഡ് ആവശ്യപ്പെട്ടു. ഹിയറിംഗിന് മുമ്പ് ഐബിഎമ്മിന് താനും അഭിഭാഷകരും രണ്ട് വ്യത്യസ്ത സെറ്റിൽമെന്റ് ഓഫറുകൾ നൽകിയതായും അദ്ദേഹം പറഞ്ഞു.

  Also read- രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ ശരീരം മുഴവുൻ വേദനയുണ്ടോ? കാരണങ്ങൾ ഇതാകാം

  2000ൽ ഐബിഎം ഏറ്റെടുത്ത ലോട്ടസ് ഡെവലപ്‌മെന്റിൽ ചേർന്നതോടെയാണ് ഇയാൻ ക്ലിഫോർഡിന്റെ കഥ ആരംഭിക്കുന്നത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ 2008-ൽ ക്ലിഫോർഡ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി തനിക്ക് ശമ്പള വർദ്ധനവോ അവധിക്കാല വേതനമോ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി 2013 ൽ അദ്ദേഹം ഒരു പരാതി നൽകി. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിൽ IBM ക്ലിഫോർഡിനെ അവരുടെ ഡിസെബിലിറ്റി പദ്ധതിയിൽ ചേർത്തു.

  ഇത് അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ 75 ശതമാനം അദ്ദേഹത്തിന് ഉറപ്പു നൽകുന്ന പദ്ധതിയായിരുന്നു. 65 വയസ്സ് എത്തുന്നതുവരെ പ്രതിവർഷം 54,028 പൗണ്ട് (55 ലക്ഷത്തിലധികം രൂപ) ശമ്പളവും റിട്ടയർമെന്റ് വരെ അദ്ദേഹത്തെ പരിരക്ഷിക്കുന്ന പദ്ധതിയുമായിരുന്നു. അതായത് ക്ലിഫോർഡിന് 65 വയസ്സ് തികയുന്നതുവരെ മൊത്തത്തിൽ 1.5 മില്യണിലധികം പൌണ്ട് എന്ന ഭീമമായ തുകയാണ് ലഭിക്കുക.

  എന്നാൽ പണപ്പെരുപ്പത്തിന്റെ തോത് പരിഗണിക്കാത്തതിനാൽ കാലക്രമേണ തന്റെ ശമ്പളത്തിന്റെ മൂല്യം കുറയുമെന്ന് ക്ലിഫോർഡ് വാദിച്ചു. അതേസമയം ജോലി ചെയ്യാൻ കഴിയാത്ത ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഡിസെബിലിറ്റി പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും അത് വിവേചനപരമല്ലെന്നും കേസ് പരിഗണിച്ച ജഡ്ജി പോൾ ഹൗസ്ഗോ വിധി പുറപ്പെടുവിച്ചു.

  Published by:Vishnupriya S
  First published: