അന്താരാഷ്ട്ര യോഗ ദിനമായ (International Yoga Day) ജൂൺ 21ന് മുന്നോടിയായി 22,850 അടി ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ അബി ഗാമിൻ പർവതത്തിലെ മഞ്ഞുമൂടിയ മലനിരകളിൽ യോഗ പരിശീലനം നടത്തി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (Indo-Tibetan Border Police -ITBP) കഴിഞ്ഞ ആഴ്ചയാണ് യോഗ പരിശീലനം നടന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ചുവന്ന ജാക്കറ്റും ഒലിവ് പച്ച നിറമുള്ള പാന്റും ധരിച്ച്, ഐടിബിപി സേനാംഗങ്ങൾ കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും യോഗ അഭ്യസിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 20 മിനിറ്റ് നേരം നീണ്ട യോഗാ സെഷനിൽ 14 ഐടിബിപി അംഗങ്ങളാണ് പങ്കെടുത്തത്.
''ഉയർന്ന പ്രദേശത്ത് യോഗ ചെയ്ത് പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഐടിബിപി അംഗങ്ങൾ. 2022 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി ഉത്തരാഖണ്ഡിലെ അബി ഗാമിൻ പർവതത്തിന് സമീപം മഞ്ഞുവീഴ്ചക്കിടെയും, 22,850 അടി ഉയരത്തിൽ 'മാനവികതയ്ക്ക് വേണ്ടിയുള്ള യോഗ' എന്ന പ്രമേയം മുൻനിർത്തി ഐടിബിപി അംഗങ്ങൾ യോഗ പരിശീലിപ്പിക്കുന്നു'', വീഡിയോ പങ്കുവെച്ചു കൊണ്ട് ഐടിബിപി ട്വീറ്റ് ചെയ്തു.
മഞ്ഞുമൂടിയ മലനിരകളിൽ ഐടിബിപി അംഗങ്ങൾ സൂര്യനമസ്കാരം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. ഞായറാഴ്ച ഇന്ത്യൻ പതാകയുമായി സംഘം പോസ് ചെയ്യുന്ന വീഡിയോ അതിനു മുൻപുള്ള ട്വീറ്റിൽ കാണാം.
बद्री विशाल की जय!
View after successful summit by ITBP at Mount Abi Gamin (24,131 ft), Uttarakhand on 2 June, 2022. Mount Nanda Devi & Kamet also seen. ITBP holds a unique distinction of successfully completing more than 230 mountaineering expeditions over the past 6 decades. pic.twitter.com/xRqUFxWIW6
ജൂൺ 5 ന്, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, സിക്കിമിലെ ഐടിബിപി സേനാംഗങ്ങൾ ഗുരുഡോംഗ്മാർ തടാകത്തിൽ (Gurudongmar Lake) ഒരു ശുചിത്വ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. 5,430 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തടാകങ്ങളിൽ ഒന്നാണ്. സിക്കിമിലെ മംഗൻ ജില്ലയിലുള്ള ഹിമാലയ സാനുക്കളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും അത് ജീവിതത്തിന്റെ ഭാഗമാക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എല്ലാ വർഷവും ജൂൺ 21 ന് യോഗ ദിനം ആഘോഷിക്കുന്നത്. 2014 ഡിസംബറിലാണ് 'ജൂൺ 21' അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത്. മനുഷ്യത്വത്തിനായുള്ള യോഗ എന്നതാണ് ഇത്തവണത്തെ യോഗാ ദിനത്തിന്റെ പ്രമേയം. ട്രാന്‍സ്ജെന്‍ഡര്‍, സ്ത്രീകള്‍, കുട്ടികള്‍, അംഗപരിമിതര്‍ എന്നിവര്‍ക്കായുള്ള പ്രത്യേക പരിപാടികളും ഈ വര്‍ഷം സംഘടിപ്പിക്കും.
ശാരീരിക ക്ഷമത നിലനിർത്തുന്നതിൽ യോഗക്ക് പ്രധാന പങ്കു വഹിക്കാനാകും. ശാരീരിക ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും യോഗ ചെയ്യുന്നതു വഴി മെച്ചപ്പെടും. ജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ലോകമെമ്പാടും വിവിധ സർക്കാരുകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധ സെഷനുകളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. ഇന്ത്യയിലും അന്താരാഷ്ട്ര യോഗാ ദിനത്തോട് അനബന്ധിച്ച് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.