അമേരിക്കൻ മാസികയായ 'ബാരോണിൽ' പ്രസിദ്ധീകരിച്ച ആമസോണിൻ്റെ പരാജയം പ്രവചിക്കുന്ന പഴയ ലേഖനം പങ്കുവെച്ച് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. തിങ്കളാഴ്ച ട്വിറ്ററിൽ ആണ് ബെസോസ് ലേഖനം പങ്കിട്ടത്. 1999 മേയ് 31 -ന് പ്രസിദ്ധീകരിച്ച, ' ആമസോൺ. ബോംബ്' എന്ന തലക്കെട്ടിലുള്ള ലേഖനം ബെസോസിനെ "മറ്റൊരു ഇടനിലക്കാരൻ" എന്നാണ് അഭിസംബോധന ചെയ്യുന്നത്. ആമസോണിന്റെ ഓഹരി വില തകരുമെന്നും ലേഖനം പ്രവചിച്ചിരുന്നു.
"ആമസോൺ സിഇഒ ജെഫ് ബെസോസ് ഒരു പുതിയ ബിസിനസ്സ് മാതൃകയ്ക്ക് തുടക്കമിട്ടു എന്ന വാദം വിഢിത്തമാണ്," എന്ന് ലേഖനത്തിൽ പറയുന്നു. "സ്വന്തം ഉൽപ്പന്നങ്ങൾ നേരിട്ട് വിൽക്കുന്ന സ്ഥാപനങ്ങൾ" യഥാർത്ഥ വിജയികളായി ഉയർന്നുവരും എന്നും ലേഖനത്തിൽ പറയുന്നു.
വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ ലേഖനം വീണ്ടും ചർച്ചാ വിഷയമാവുകയാണ്. ബെസോസിന് ഇന്ന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ധനികകരുടെ ഇടയിൽ പ്രധാനിയുമാണ് ജെഫ് ബെസോസ്.
"വിമർശനങ്ങളെ തുറന്ന മനസോടെ സ്വീകരിക്കണം. പക്ഷേ നിങ്ങൾ ആരാണെന്ന് പറയാൻ മറ്റാരെയും അനുവദിക്കരുത്. ഞങ്ങൾ പരാജയപ്പെടാൻ പോകുന്ന വഴികൾ പറഞ്ഞുതന്ന അനേകം കഥകളിൽ ഒന്ന് മാത്രമായിരുന്നു ഇത്. ഇന്ന്, ആമസോൺ ലോകത്തിലെ ഏറ്റവും വിജയകരമായ കമ്പനികളിൽ ഒന്നാണ്. കൂടാതെ ഞങ്ങൾ രണ്ട് വ്യത്യസ്ത വ്യവസായ മേഖലകളിൽ വിപ്ലവം സൃഷ്ടിച്ചു.", ലേഖനം പങ്കുവെച്ചുകൊണ്ട് ബെസോസ് എഴുതി.
Listen and be open, but don’t let anybody tell you who you are. This was just one of the many stories telling us all the ways we were going to fail. Today, Amazon is one of the world’s most successful companies and has revolutionized two entirely different industries. pic.twitter.com/MgMsQHwqZl
— Jeff Bezos (@JeffBezos) October 11, 2021
ആമസോൺ സ്ഥാപകന്റെ ഈ ട്വീറ്റ് 46000 ലൈക്കുകളും 6000 റീട്വീറ്റുകളുമായി വൈറലായി. സ്പേസ് എക്സ്, ടെസ്ല സിഇഒ എലോൺ മസ്ക് ബെസോസിന്റെ ട്വീറ്റിന് കീഴിൽ ഒരു വെള്ളി മെഡൽ ഇമോജി കമന്റ് ചെയ്തു. 213 ബില്യൺ ഡോളർ ആസ്തിയുള്ള മസ്ക്, ആമസോൺ സിഇഒയെ മറികടന്ന് സെപ്റ്റംബറിൽ ലോകത്തിലെ ഏറ്റവും ധനികനായി മാറിയിരുന്നു. അത് സൂചിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു മസ്കിന്റെ കമന്റ്. "ഞാൻ '2' എന്ന അക്കത്തിന്റെ ഒരു കൂറ്റൻ പ്രതിമ ഒരു വെള്ളി മെഡലിനൊപ്പം ജെഫ്രിയ്ക്ക് അയയ്ക്കുന്നു," മസ്ക് ഫോർബ്സിന് ഒരു ഇമെയിൽ എഴുതി.
ശതകോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ് ഈ അടുത്താണ് തൻ്റെ ബഹിരാകാശ യാത്ര പൂർത്തിയാക്കിയത്. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിന്‍ റോക്കറ്റിലായിരുന്നു യാത്ര. ജെഫ് ബെസോസിന്റെ സഹോദരൻ മാർക്ക്, 82കാരി വാലി ഫങ്ക്, 18 വയസ്സുള്ള ഒലിവർ ഡീമനെന്ന ഭൗതികശാസ്ത്ര വിദ്യാർഥി എന്നിവരാണ് ബെസോസിനൊപ്പം ചരിത്രം രചിച്ചത്.
ബഹിരാകാശം കണ്ട്, സീറോ ഗ്രാവിറ്റിയുടെ അദ്ഭുതം അനുഭവിച്ച് ആ നാലംഗ സംഘം ഭൂമിയിൽ തിരികെയെത്തിയപ്പോൾ പിറന്നത് ഒട്ടനവധി റെക്കോർഡുകളാണ്. ബഹിരാകാശ വിദഗ്ധരില്ലാതെ, നിയന്ത്രിക്കാൻ പൈലറ്റില്ലാതെ സാധാരണക്കാരുടെ സംഘം ബഹിരാകാശം തൊട്ടു തിരിച്ചുവന്ന റെക്കോർഡാണ് ആദ്യം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികൻ, ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ എന്നീ റെക്കോർഡുകളും ഇതോടൊപ്പം പിറന്നു. യാത്രികകരെല്ലാം സുരക്ഷിതർ. ലോകം കയ്യടികളോടെ നാലു പേരെയും സ്വീകരിച്ചു. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് 2000ത്തിൽ ജെഫ് ബെസോസ് ആരംഭിച്ചതാണ് ബ്ലൂ ഒറിജിൻ സ്പേസ് കമ്പനി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amazon, Amazon founder Jeff Bezos