• HOME
 • »
 • NEWS
 • »
 • buzz
 • »
 • അനന്തകൃഷ്ണാ നാൽപ്പതു വർഷമായി നീ എവിടെ? ചെങ്ങന്നൂരിലെ അനൂപ് ചോദിക്കുന്നു

അനന്തകൃഷ്ണാ നാൽപ്പതു വർഷമായി നീ എവിടെ? ചെങ്ങന്നൂരിലെ അനൂപ് ചോദിക്കുന്നു

അച്ഛന്റെ നാടായ ചെങ്ങന്നൂരിലെ കളിക്കൂട്ടുകാരനൊപ്പമുള്ള ബാല്യകാല ഓർമകളും അനൂപ് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

anoop thomas

anoop thomas

 • Last Updated :
 • Share this:
  വർഷങ്ങൾക്കു മുമ്പ് വേർപിരിഞ്ഞ ബാല്യകാല സുഹൃത്തിനെ അന്വേഷിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി മാധ്യമപ്രവർത്തകൻ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ മുൻ ന്യൂസ് എഡിറ്റർ അനൂപ് തോമസാണ് ബാല്യത്തിലെപ്പൊഴോ വേർപിരിഞ്ഞ സുഹൃത്തിനെ അന്വേഷിച്ച് പോസ്റ്റുമായി എത്തിയിരിക്കുന്നത്. സായി എന്ന് വിളിക്കുന്ന അനന്തകൃഷ്ണനെ അന്വേഷിച്ചാണ് പോസ്റ്റ്. നാൽപ്പത് വർഷത്തോളമായി ഒരു ബന്ധവും ഇല്ലാത്ത സുഹൃത്ത് ഈ ഫേസ്ബുക്കിലെങ്കിലും ഉണ്ടോയെന്ന് ചോദിക്കുകയാണ് അനൂപ്.

  അച്ഛന്റെ നാടായ ചെങ്ങന്നൂരിലെ കളിക്കൂട്ടുകാരനൊപ്പമുള്ള ബാല്യകാല ഓർമകളും അനൂപ് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. എല്ലാ ഓണം-ക്രിസ്മസ് അവധിക്കും പിന്നെ മധ്യ വേനലവധിക്കും കൊച്ചിയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് എത്തുന്നതും സായിക്കൊപ്പമുളള സൗഹൃദവും അനൂപ് വിശദമായി തന്നെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇപ്പോഴും കളിക്കൂട്ടുകാരനായിട്ടുള്ള അന്വേഷണത്തിലാണ് അനൂപ് തോമസ്. ഒരു നാള്‍ കളിക്കൂട്ടുകാരനെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

  അനൂപ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

  സായി.അങ്ങിനായിരുന്നു അവനെ വീട്ടിൽ വിളിച്ചിരുന്നത്. ഞാനും.യഥാർത്ഥ പേര് അനന്തകൃഷ്ണൻ. ഞങ്ങൾ ബാല്യകാല സുഹൃത്തുക്കൾ. കൊച്ചിയിലല്ല. ഞങ്ങളുടെ നാട്ടിൽ. ചെങ്ങന്നൂരിൽ. അവിടായിരുന്നു അപ്പൻറ്റെ വീട്.

  വർഷത്തിൽ മൂന്ന് തവണയാണ് നാട്ടിലേക്ക് പോകുക. ഓണം-ക്രിസ്തുമസ്സ് അവധിക്കും ..... പിന്നെ...മധ്യവേനലവധിക്കും. മധ്യവേനലവധിക്ക് ഒന്നരമാസത്തേക്കു സ്കൂൾ അടച്ചാൽ അനിയച്ചായൻ (അപ്പൻറ്റെ ജ്യേഷഠൻറ്റെ മകൻ) എന്നെ വന്ന് നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകും. പക്ഷെ.....ഓണം-ക്രിസ്തുമസ്സ് അവധിക്കു വീട്ടുകാരോടൊപ്പമാണ് യാത്ര. അതിനോട് എനിക്ക് വലിയ പ്രിയമില്ലായിരുന്നു. കാരണം...കൂടെ 'ഹിറ്റ്ലർ' അപ്പനുമുണ്ടായിരുന്നു!!!

  നാട്ടിലെത്തിയാൽ ഉത്സവകാലമായിരുന്നു. വരിക്കച്ചക്കയും കൂഴച്ചക്കയും പലതരത്തിലുള്ള മാങ്ങകളും പറങ്കിപ്പഴവും (കശുമാങ്ങ), നാനാതരത്തിലുള്ള പഴക്കുലകളും കടച്ചക്കയും പേരക്കയും ചാമ്പക്കയും ബബ്ലൂസ് നാരങ്ങയും കിഴങ്ങുവർഗങ്ങളായ ചീനിയും (കപ്പ), കാച്ചിലും, കിഴങ്ങും മധുരക്കിഴങ്ങും ചേനയും, ചേമ്പും...........പിന്നെ നല്ല ശുദ്ധമായ ഒരു തരി വെള്ളം പോലും ചേരാത്ത പാട ചൂടിയ ചൂട് പശുവിൻ പാലും............എല്ലാത്തിലുമുപരി എന്തിനുമുള്ള സ്വാതന്ത്ര്യവും....TRENDING:Corona Blues |കാനഡയിലെ ജോലി സ്വപ്നം തകർന്നു; മാനസികനില തെറ്റിയ യുവാവ് വിവസ്ത്രനായി റോഡിലൂടെ ഓടി[PHOTO]Naomi Osaka|ടെന്നിസ് താരം നവോമി ഒസാക്കയുടെ സ്വിമ്മിംഗ് സ്യൂട്ട് ചിത്രങ്ങൾക്ക് വിമർശനം; അതൃപ്തി അറിയിച്ച് താരം[PHOTO]'ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല!'; മിൽമ ഫായിസിന് പേറ്റന്റ് കൊടുക്കാതെ ശരിയാവൂലെന്ന് സോഷ്യൽ മീഡിയ[NEWS]ഞങ്ങളുടെ വീടിൻറ്റെ നേരെ മുന്നിൽ കാണുന്ന വീട്ടിൽ വാടകക്കാരായിരുന്നു സായിയും പെങ്ങൾ റാണിയും പിന്നെ അച്ഛനും അമ്മയും. അച്ഛന്റ്റെ പേര് എത്ര ഓർത്തിട്ടും കിട്ടുന്നില്ല. കണ്ടാൽ ഏതാണ്ട് ആറടി പൊക്കമുള്ള കൊമ്പൻ മീശയുള്ള ബാലചന്ദ്രമേനോനെ പോലിരിക്കും. ഇലക്ട്രിസിറ്റി ബോർഡിലായിരുന്നു ജോലി എന്നാണ് തോന്നുന്നത്. അമ്മ സ്കൂൾടീച്ചറായിരുന്നു.സായിയും ഞാനും ഒരേ പ്രായക്കാർ. സായി താമസിച്ചിരുന്ന വീടിൻറ്റെ പേര് ഓർമ്മ വരുന്നില്ല. 'കിഴക്കേലെവീട്' എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്. കാരണം സിമ്പിൾ - വീട് സ്ഥിതി ചെയ്തിരുന്നത് കിഴക്കായിരുന്നു! അങ്ങാടിക്കൽ കവലയിൽ ബസ്സ് ഇറങ്ങി ഏതാണ്ട് 10 മിനിറ്റ് നടന്നാൽ ഞങ്ങളുടെ വീട്ടിലെത്താം. കിഴക്കേലെ വീടിൻറ്റെ മുന്നിലെത്തിയാൽ ''ഡാ...സായിയെ....ഞാൻ എത്തിയെടാ...'' എന്ന് അലറി വിളിച്ചിട്ടേ വീട്ടിലേക്ക് പോകാറുണ്ടായിരുന്നുള്ളു. സായി കേട്ടില്ലെങ്കിൽ വീട്ടിലെ ആരെങ്കിലും അത് കേട്ടിരിക്കും. പത്തു മിനിറ്റിനുള്ളിൽ സായി വീട്ടിൽ ഹാജർ.സായി എത്തിയാൽ പിന്നെ ഞങ്ങൾ കളിയോട് കളിയാണ്. വരുമ്പോൾ സായിയുടെ കൈയ്യിൽ കളിക്കോപ്പുകളുടെ ഒരു കിറ്റും കാണും. അതിൽ ബസ്സ്, കാർ, ജീപ്പ്....പന്ത്....കാറ്റാടി യന്ത്രം...തോക്ക്...പൊട്ടാസ്സ്...പമ്പരം...അങ്ങിനെ പലതും. ഞങ്ങടെ വീട്ടിൽ കുട്ടികളില്ലാതിരുന്നതുകൊണ്ടു അവിടെ കളിക്കോപ്പുകൾ ഉണ്ടായിരുന്നില്ല. ആകെ അവിടെ കണ്ടിരുന്നത് ഒരു പഴയ കാരം ബോർഡും അതിന്റ്റെ കോയിൻസും. കാരംസ് കളിക്കാനറിയാഞ്ഞതുകാരണം കോയിൻസിൽ ആ റൂട്ടിലോടുന്ന ബസ്സുകളുടെ പേരുകൾ എഴുതി വരാന്തയിൽ ഞങ്ങൾ ഉരുട്ടിക്കളിക്കുമായിരുന്നു.അകത്തു അലമാര തുറക്കുന്ന ശബ്ദം കേട്ടാൽ മനസ്സിലാക്കാം അധികം താമസിയാതെ എന്തെങ്കിലും കഴിക്കാൻ മുന്നിലെത്തുമെന്ന്. ''ഇന്നാ പിള്ളേരേ.....'' എന്നും പറഞ്ഞു അമ്മച്ചി (അപ്പൻറ്റെ ജ്യേഷ്ഠൻറ്റെ ഭാര്യ) ഒരു വലിയ കുപ്പി മുന്നിൽ വെക്കും. അതിൽ നിറയെ പലതരത്തിലുള്ള ഉപ്പേരികളായിരിക്കും: കായ, കപ്പ (പച്ചക്കപ്പ വറുത്തതും കപ്പ പുഴുങ്ങി വെയിലത്ത് വച്ചുണങ്ങി വറുത്തതും), ചേന, ചേമ്പ്, ചക്ക, ശീമച്ചക്ക.........ഒരിക്കൽ അലമാരയുടെ താക്കോൽ അതിൽ തന്നെ വെച്ച് അമ്മച്ചി അടുക്കളയിൽ പോയപ്പോൾ ഞാനതൊന്നു തുറന്നു നോക്കി. അതിലെ കാഴ്ച കണ്ട് ശ്വാസം നിന്നു പോയി: അലമാരയുടെ ഓരോ തട്ടിലും ഓരോ ജാതി ഉപ്പേരികൾ!!!! താക്കോൽ അമ്മച്ചി മറന്നതല്ല എന്ന് മനസ്സിലായി. ഞങ്ങൾ ഉമ്മറത്തിരിക്കുമ്പോ അമ്മച്ചി താക്കോൽ മറക്കാനോ? തുറന്ന പോലെ തന്നെ അതടച്ചു ഞാൻ തിരികെ ഉമ്മറത്തെത്തി.

  അമ്മച്ചി (പ്രായം ഇശ്ശിയുണ്ട്....പിന്നെ വേഷം വെള്ള ചട്ടയും മുണ്ടും) എന്ന് ഞാൻ വിളിക്കുന്നത് കേട്ട് സായി അമ്മച്ചിയെ ''അനൂന്റ്റെ അമ്മേ'' എന്നാണ് വിളിച്ചിരുന്നത്. എന്റ്റെ സ്വന്തം അമ്മയെ ''ആന്റ്റി'' എന്നും!! അതിൽ അമ്മച്ചിക്കോ അമ്മയ്ക്കോ ഒരു പരിഭവവുമില്ലായിരുന്നു. ഒളിച്ചുകളിക്കുമ്പോൾ പത്തു-പന്ത്രണ്ടു മുറികളുള്ള വീട്ടിലെ അറക്കുള്ളിൽ പോയിരിക്കുന്നതായിരുന്നു ഞങ്ങൾക്ക് രണ്ടു പേർക്കും ഇഷ്ടം. കാരണം...അറക്കുള്ളിലായിരിക്കും പഴക്കുലകൾ കെട്ടിത്തൂക്കി ഇടുക. ഓരോ പ്രാവശ്യം ഒളിക്കുമ്പോഴും കഴിയാവുന്നത്ര പഴങ്ങൾ കുലയിൽ നിന്നും എടുത്തു കഴിക്കുക പതിവായി. കുലയിലെ പഴങ്ങൾ കുറഞ്ഞു കുറഞ്ഞു വരുന്നതും അറക്കുള്ളിൽ പഴത്തൊലികൾ കൂടി കൂടി വരുന്നതും കണ്ടു അമ്മച്ചി ഒരു നാൾ അറയുടെ വാതിൽ അങ്ങ് അടച്ചു. നല്ല കട്ടിയുള്ള തടിയുടെ വാതിലായതുകൊണ്ടു തള്ളിത്തുറക്കാൻ വലിയ പ്രയാസമായിരുന്നു. മാത്രവുമല്ല...തുറക്കുമ്പോൾ ഭീകര ശബ്ദവും. ശബ്ദമാണെങ്കിൽ അങ്ങ് അടുക്കള വരെ കേൾക്കുകയും ചെയ്യും!! ശബ്ദം ഞങ്ങൾ പരിഹരിച്ചു - വിജാഗിരികളിൽ വെളിച്ചെണ്ണ ഒഴിച്ചു. വിജാഗിരികൾ സ്മൂത്ത് ആയപ്പോൾ വാതിൽ തുറക്കലും എളുപ്പമായി. ഒരു നാൾ അറയ്ക്കു പൂട്ട് വീണപ്പോളാണ് മനസ്സിലായത് അതും കണ്ടുപിടിക്കപെട്ടു എന്ന്. പിന്നെയുമുണ്ടായിരുന്നു വിനോദങ്ങൾ: അയ്യത്തു (പറമ്പിൽ) പോയി കപ്പ മാന്തിയെടുത്തു കഴിക്കുക, മാങ്ങയും പറങ്കിമാങ്ങയും എറിഞ്ഞിട്ട് കഴിക്കുക....തോട്ടി കൊണ്ട് ബബ്ലൂസ് നാരങ്ങ കുത്തിയിടുക, പച്ച കോവക്ക ഇലിമ്പൻ പുളിയും ചേർത്ത് ശാപ്പിടുക....വാളൻപുളിയും കൊപ്രയും....അങ്ങിനെ എന്തെല്ലാം.......ഊണ് കഴിക്കുക ഒന്നുകിൽ ഞങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ സായിയുടെ വീട്ടിൽ. രണ്ടിടത്തും നല്ല ഉശിരൻ ഊണായിരുന്നു......പറയാതെ വയ്യ.  വിളക്ക് വെക്കുന്ന നേരം കഴിഞ്ഞും സായിയെ കണ്ടില്ലെങ്കിൽ സായിയുടെ വീട്ടിൽ നിന്നും ഒരു വിളി ഉയരും: ''ഡാ...സായിയേ........'' അമ്മയുടെ വിളിയാണെങ്കിൽ അഞ്ചു മിനിറ്റുകൂടി കഴിഞ്ഞേ സായി പോകുമായിരുന്നുള്ളൂ. അച്ഛന്റ്റെ ശബ്ദമാണെങ്കിൽ നിൽക്കുന്ന നിൽപ്പിൽ ''എന്തോ...'' എന്ന് നീട്ടി വിളികേട്ട് ആശാൻ അപ്പൊ തന്നെ സ്ഥലം കാലിയാക്കുമായിരുന്നു. ഒരിക്കൽ മാത്രം അച്ഛന്റ്റെ വിളി വന്നിട്ടും പോകാൻ കൂട്ടാക്കാത്ത സായിയെ കൂട്ടിക്കൊണ്ടുപോകാൻ ജോലിക്കാരി വന്നു. പോയി അഞ്ചു മിനിറ്റ് കഴിഞ്ഞു സായിയുടെ അലർച്ച കേട്ടു. അടുത്ത ദിവസം അച്ഛനെ കണ്ട് ഞാൻ സങ്കടം പറഞ്ഞു. ''ഒരു ദിവസം മുഴുവൻ അവന് കളിക്കാൻ വിട്ടുകൊടുത്തിട്ടില്ലേ. വൈകിട്ട് വിളക്ക് വെക്കുന്ന നേരത്തെങ്കിലും തിരിച്ചു വരണ്ടേ? കുളിയുമില്ല...നാമജപവുമില്ല.....ഏതു നേരവും കളി....കളി....കളി....'' എൻറ്റെ ശബ്ദം കേട്ട് മുറിക്കുള്ളിൽ നിന്നും സായി ഇറങ്ങി വന്നു.''ബാ...പൂവാം...''''ഡാ......''''വിളക്ക് വെക്കുന്നതിന് മുന്നേ എത്താം അച്ഛാ.....''ഞങ്ങൾ തോളത്തു കയ്യിട്ടു തിരിച്ചു വീട്ടിലേക്ക് നടക്കുന്നത് അച്ഛന് ചുമ്മാ നോക്കി നിക്കാനേ സാധിച്ചുള്ളൂ.  അയ്യത്തെ അക്രമങ്ങൾ കഴിഞ്ഞാൽ പിന്നെ തോർത്തും കുപ്പിയും ചൂണ്ടയുംകൊണ്ട് കണ്ടത്തിലേക്കിറങ്ങുകയായി - മീൻപിടിക്കാൻ. ചാലിലൂടെ ഒഴുകിവരുന്ന വെള്ളത്തിൽ തോർത്തുവെച്ചായിരുന്നു ചെറുമീനുകളെ പിടിച്ചിരുന്നത്. പിടിക്കുന്ന മീനുകളെ അന്നേരം തന്നെ വെള്ളം നിറച്ച കുപ്പിയിലേക്ക് മാറ്റും. കണ്ടത്തിന്റ്റെ നടുവിലൂടെ ഒഴുകുന്ന കനാലിൽ ചൂണ്ട ഇട്ടു ഇമ്മിണി വലിയ മീൻ പിടിക്കുമായിരുന്നു. ഒരിക്കൽ വരമ്പത്തുനിന്നും കാൽ വഴുതി ചെളിക്കുണ്ടിൽ വീണിട്ടും ചോർന്നു പോകാത്ത ധൈര്യം അപ്പാടെ പോയത് ചൂണ്ടയിൽ പുളവൻ പാമ്പിനെക്കിട്ടിയപ്പോളാണ്!! അതോടെ നിന്നു ഞങ്ങളുടെ മീൻപിടുത്തം! മീൻപിടുത്തം നിർത്തി ചില നേരങ്ങളിൽ അയ്യത്തു പോയി വെറുതെ റോഡിലേക്ക് കണ്ണ് പായിച്ചു ഞങ്ങൾ സ്കൂൾ വിശേഷങ്ങളും പറഞ്ഞിരിക്കും. കണ്ടത്തിൻറ്റെ അപ്പുറത്താണ് റോഡും അപ്പച്ചൻറ്റെ ആപ്പീസും (അപ്പച്ചനും ഒന്ന്-രണ്ട് സുഹൃത്തുക്കളും ചേർന്നായിരുന്നു അക്കാലത്തെ വിഖ്യാതമായ 'വിജയലക്ഷ്മി മോട്ടോർസ്' ബസ്സ് സർവീസ് നടത്തിയിരുന്നത്). അപ്പച്ചൻറ്റെ ആപ്പീസിന് പുറകിൽ കെ ആർ തിയേറ്ററും.ഷോ വിട്ടു കഴിഞ്ഞാൽ തിയേറ്ററിൽ നിന്നും ഒഴുകിയെത്തുന്ന പാട്ടും കേട്ട് ഞങ്ങളങ്ങിനിരിക്കും. ആ ഇരിപ്പ് ഒരു നാൾ നിർത്തേണ്ടി വന്നു. രണ്ട് പേരുടെയും ട്രൗസറിനുള്ളിലേക്ക് കട്ടുറുമ്പു കയറി അക്രമം കാണിച്ചപ്പോ..... പ്രാണരക്ഷാർത്ഥം ട്രൗസർ അഴിച്ചു അയ്യത്തിട്ടു കരഞ്ഞുകൊണ്ട് നേരെ വീടിനുള്ളിൽ ഓടി കയറിയ ഞങ്ങൾക്ക് ആശ്വാസം നൽകിയത് കടി കിട്ടിയ ഭാഗത്തു വെളിച്ചെണ്ണയിൽ ചാലിച്ച മഞ്ഞൾപൊടി പുരട്ടിയപ്പോളാണ്. വീണ്ടും അയ്യത്തേക്ക് പോകാൻ വിസമ്മതിച്ച ഞങ്ങൾ രണ്ട് പേരുടെയും ട്രൗസറുകൾ അമ്മച്ചി പോയി എടുത്തോണ്ട് വരേണ്ടി വന്നു! അന്ന് ഞങ്ങളെ കിണറ്റിങ്കരയിൽ നിർത്തി പാറക്കെട്ടുകളിൽ നിന്ന് ഒഴുകി വരുന്ന നല്ല തണുത്ത വെള്ളം തൊട്ടിയിൽ കോരിയെടുത്തു രണ്ട് പേരെയും അമ്മച്ചി കുളിപ്പിച്ചു.

  അമ്മയും പെങ്ങളും 'ഹിറ്റ്ലർ' അപ്പനും എത്തിയാൽ പിന്നെ ഞങ്ങൾക്ക് മൂഡൗട്ടാണ്. ഒന്ന്.... സ്വാതന്ത്ര്യം നഷ്ടപെട്ടതിന്റ്റെ സങ്കടം. എന്നാലും കളികൾക്ക് കുറവൊന്നുമില്ലായിരുന്നു. കുറുമ്പിനും. രണ്ടാമത്.....ഞങ്ങളുടെ ദിവസങ്ങൾ എണ്ണപ്പെട്ടതിന്റ്റെ സങ്കടം. കാരണം...അവരെത്തിയാൽ ഒരാഴ്ചക്കുള്ളിൽ ഞങ്ങൾ തിരുവല്ലക്ക് യാത്ര തിരിക്കും. തിരുവല്ലയിലാണ് അമ്മയുടെ വീട്. അവിടെ ഒരാഴ്ച നിന്നിട്ട് തിരികെ കൊച്ചിയിലേക്ക് മടക്കം. തിരികെ പോരുന്നത് ഹൃദയഭേദകമായിരുന്നു. യാത്ര പറഞ്ഞു പോരുമ്പോൾ സായിയും ഞാനും കെട്ടിപ്പിടിച്ചു കരയും.''അടുത്ത അവധിക്ക് കാണാലോ........പിന്നെന്താ.....'' മുതിർന്നവരുടെ വാക്കുകൾ ഞങ്ങൾക്ക് തെല്ല് ആശ്വാസം നൽകിയിരുന്നു.''എന്നാൽ അടുത്ത അവധിക്ക് കാണാം.......പുതിയ കഥകളുമായി....''''ശരി.....''അങ്ങിനെ വർഷങ്ങൾ പലതും കഴിഞ്ഞു.....ഒരു നാൾ അവധിക്ക് നാട്ടിലെത്തിയപ്പോൾ സായിയുടെ വീട് പൂട്ടിക്കിടക്കുന്നത് കണ്ടു. മുറ്റം നിറയെ ചപ്പും ചവറും കരിയിലകളും മാമ്പൂവും മാങ്കൊമ്പും.......ആ വീട്ടിൽ ആൾ താമസമില്ലാതായിട്ട് നാളുകളായ പോലെ.......''അമ്മച്ചി....സായും വീട്ടുകാരും എവിടെ പോയി? ആ വീട് പൂട്ടികിടക്കുന്നു.....''''അവർ വീടൊഴിഞ്ഞു പോയി. പോകുന്നതിന് മുന്നേ യാത്ര പറയാൻ എല്ലാവരും ഇവിടെ വന്നിരുന്നു. അനുവിനോട് പറയണേ അനൂൻറ്റെ അമ്മേ എന്ന് സായി പറഞ്ഞിരുന്നു. അച്ചായനോട് (അപ്പച്ചൻ) പറഞ്ഞിരുന്നു ജോയിക്കുട്ടിക്ക് (അപ്പൻ) കത്തെഴുതുമ്പോ സായി പോയ വിവരം സൂചിപ്പിക്കണേ എന്ന്. അച്ചായൻ മറന്ന് പോയി കാണും.......'' ''അവരെങ്ങോട്ടാണ് പോയത്?''''ഇവിടെ അങ്ങാടിക്കൽ തന്നെ......നിനക്ക് തലക്കോട്ടെ ചിന്നക്കുട്ടിയുടെ വീടറിയുമോ? അവിടെയാണവരിപ്പോ.....'' ചെങ്ങന്നൂരിലെ പ്രമാണിമാരിൽ ഒരാളായിരുന്നു തലക്കോട്ടെ ചിന്നക്കുട്ടി. പലപ്പോഴും ആ പേര് മുതിർന്നവരുടെ സംസാരത്തിൽ കേട്ടിട്ടുണ്ട്.''അങ്ങാടിക്കലിൽ എവിടായിട്ട് വരും?''''പുത്തൻകാവിലേക്ക് പോകുമ്പോ വലത് വശത്തു കാണുന്ന വലിയ ബംഗ്ലാവ്....അതിപ്പോ കൊറേ നാളായി ആളുകൾക്ക് വാടകക്ക് കൊടുക്കുകയാ.......'' ''ഞാൻ അവിടം വരെ ഒന്ന് പോയിട്ട് വരാം....''''ഞാൻ കൂടെ വരണോ അതോ നാളെ രാവിലെ അച്ചായൻ ആപ്പീസിൽ പോകുന്ന വഴി അങ്ങോട്ടിറങ്ങിയാ മതിയോ?''''ഞാൻ ഇപ്പൊ ഏഴാം ക്ളാസ്സിലൊക്കെ ആയില്ലേ? തനിയെ പൊക്കോളാം....'' അങ്ങിനെ പഴയ കളികൂട്ടുകാരനെ കാണാൻ ഞാനിറങ്ങി. മനസ്സിൽ സന്തോഷവും ഒപ്പം ഒരു വിങ്ങലുമായിരുന്നു. വീട് കണ്ടുപിടിക്കാൻ വളരെ എളുപ്പമായിരുന്നു. റോഡിൽ നിന്നും കുറച്ചു ഉള്ളിലേക്ക് തള്ളി ഒരു വലിയ പറമ്പിൻറ്റെ ഒത്ത നടുക്ക് തലയെടുപ്പോടെ നിൽക്കുന്നു കൊട്ടാരം കണക്കെ ആ വലിയ ബംഗ്ലാവ് - തലക്കോട്ടെ ചിന്നക്കുട്ടിയുടെ വീട്.  ഇല്ല....ഗേറ്റ് പൂട്ടിയിട്ടില്ല. ചാരിയിട്ടേ ഒള്ളൂ. അവിടെയും നിറയെ ഇലകളും മാമ്പൂവും....മരങ്ങളുടെ ചില്ലകളും വീണുകിടക്കുന്നു. ബംഗ്ലാവിൻറ്റെ ജനാലകൾ എല്ലാം അടഞ്ഞു കിടന്നിരുന്നു. കോളിംഗ്ബെല്ല് അടിച്ചു. ഒരനക്കവും ഇല്ല. രണ്ട്-മൂന്ന് പ്രാവശ്യം അടിച്ചു. ''സായി..സായി'' എന്നുറക്കെ വിളിച്ചു. ആരും വിളി കേട്ടില്ല. ചുറ്റുവട്ടത്ത് ഒരു വീടും കണ്ടില്ല ചോദിക്കാൻ. എവിടുന്നോ പട്ടികൾ കടികൂടുന്ന ശബ്ദം കേട്ടു. നിന്നാൽ പന്തികേടാവുമെന്ന് കരുതി ഞാൻ തിരിഞ്ഞു നടന്നു. ഇക്കുറി കൂടെ മനസ്സിന്റ്റെ വിങ്ങൽ മാത്രമാണുണ്ടായിരുന്നത്. സന്തോഷം എവിടെയോ പോയി മറഞ്ഞിരുന്നു. ''ആ വീട്ടിൽ ആരുമില്ലേ?'' ഒരു വഴിപോക്കനോട് ചോദിച്ചു. ഗ്രാമപ്രദേശമായതുകൊണ്ടു മിക്കവർക്കും തമ്മിൽ അറിയുമല്ലോ എന്ന് കരുതി. ''കുറച്ചു നാളുകൾക്ക് മുൻപ് അവിടെ ആൾതാമസമുണ്ടായിരുന്നു. ഇപ്പൊ കൊറേ നാളായി ആരെയും കാണാറില്ല...''''ഇവിടുണ്ടായിരുന്നവർ എങ്ങോട്ടാണ് പോയതെന്നറിയാമോ?''''അതറിയില്ല....ആ വീട്ടിൽ ഒന്ന് ചോദിച്ചു നോക്ക് ''അങ്ങേര് ചൂണ്ടിക്കാണിച്ച വീട്ടിൽ ചെന്ന് ചോദിച്ചു. ഇല്ല......അവിടെ വർഷങ്ങളായി ആൾതാമസമില്ല എന്നാണ് അവർ പറഞ്ഞത്. സായിയും കുടുംബവും അവിടെ താമസിച്ച കാര്യമൊന്നും അവർക്കറിയില്ല.മനസ്സ് തകർന്നാണ് തിരികെ വീട്ടിലെത്തിയത്.''ഇല്ല.....അവിടുന്ന് പോയ കാര്യം അറിഞ്ഞില്ല. അറിയിച്ചില്ല. അവർക്ക് നാല് പേർക്കും ആ ബംഗ്ലാവ് അധികപ്പറ്റായതുകൊണ്ട് മാറിയതായിരിക്കും. ഇവിടുന്ന് പോയിട്ട് ആകെ ഒന്നോ രണ്ടോ തവണയേ അവരെ കണ്ടിട്ടുള്ളൂ.....അവിടെത്തന്നെ കാണുമെന്നാണ് ഞാനും വിചാരിച്ചത്........'' അമ്മച്ചി പറഞ്ഞു. തിരികെ കൊച്ചിയിൽ എത്തിയിട്ടും മനസ്സിൻറ്റെ വിങ്ങൽ മാറിയിരുന്നില്ല. അവധികൾ പിന്നെയും വന്നു പോയി. കിഴക്കേലെ വീട്ടിൽ പുതിയ താമസക്കാര് വന്നു. കുറേക്കാലം കഴിഞ്ഞു അവരും പോയി. പിന്നെയും ആരൊക്കെയോ വന്നു. അവസാനം ആ വീട് ആരോ മേടിച്ചു എന്നറിഞ്ഞു......സ്കൂൾ കഴിഞ്ഞു കോളേജ്. അത് കഴിഞ്ഞു ഉദ്യോഗം.......വർഷങ്ങൾ പലതും പോയ്മറഞ്ഞു .....  ചെങ്ങന്നൂർക്കുള്ള പോക്കും വരവും പതിവ് പോലെ തുടർന്നുകൊണ്ടിരുന്നു. വിവാഹം കഴിഞ്ഞപ്പോൾ എൽസിയും കൂടെയുണ്ടായിരുന്നെന്ന് മാത്രം. എപ്പോൾ ചെങ്ങന്നൂരിൽ കാല് കുത്തിയാലും എല്ലായിടത്തും ഞാൻ തിരയുന്ന ഒരു മുഖമുണ്ടായിരുന്നു: സായി. ഇല്ല.....അങ്ങനൊരു മുഖം കണ്ടതായി ഓർമ്മയില്ല. ഒരു പക്ഷെ....കണ്ടുകാണുമോ? എനിക്ക് മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും അവനും മാറ്റങ്ങൾ വന്നു കാണില്ലേ?  ''കുട്ടൻ നാട്ടിൽ തന്നെയുണ്ട് എന്ന് കരുതി സായി നാട്ടിൽ കാണണമെന്നില്ലല്ലോ...'' ഒരിക്കൽ എൽസി പറഞ്ഞു. ''സായി ഇന്ത്യയിൽ എവിടെ വേണമെങ്കിലും ആവാം. അല്ലെങ്കിൽ...വിദേശത്തെവിടെയെങ്കിലും....'' ''ഇനി അവൻ നമ്മുടെ മൂക്കിന് താഴെ കൊച്ചിയിലെങ്ങാനും....'' ഞാൻ പറഞ്ഞു.''അതും ശരിയാണ്....'' എവിടെയാ അന്വേഷിക്കുക....ആരോടാ അന്വേഷിക്കുക.....ഒരെത്തും പിടിയും കിട്ടിയില്ല. കൊച്ചിയിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോ കണ്ടെത്തിയാലോ? പണ്ട്....അപ്പൻ അപ്പൻറ്റെ ബാല്യകാല സുഹൃത്തും സ്കൂൾ സഹപാഠിയുമായ 'രാജുച്ചായൻ' എന്ന് ഞങ്ങൾ വിളിച്ചിരുന്ന രാജുവിനെ പതിറ്റാണ്ടുകൾക്ക് ശേഷം കൊച്ചി നഗരത്തിൽ കണ്ടുമുട്ടിയപോലെ....ഇല്ല. ഇത് വരെ കണ്ടെത്തിയില്ല.ഡാ...സായി......ഇനി നീ എൻറ്റെ മൂക്കിന് തൊട്ടു താഴെ ഈ ഫേസ്ബുക്കിലെങ്ങാനും ഉണ്ടോടാ? ഒരു നാൾ കണ്ടെത്തും. എന്നിട്ട് വേണം ഒരിക്കലും പറഞ്ഞു തീരാത്ത കഥകളുടെ ഭാണ്ഡക്കെട്ട് അഴിക്കാൻ...

  Published by:Gowthamy GG
  First published: