കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത്, കളമശ്ശേരിയിലെ കണ്ണായ ഭൂമി. വളരെ വർഷങ്ങൾക്ക് മുൻപ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു ഈ പറമ്പ് വാങ്ങിയതാണ്. അന്ന് മുതൽ വെറും നിലമായി കിടന്നിരുന്ന മണ്ണിൽ ഈ ലോക്ക്ഡൗൺ ദിനങ്ങളിൽ പുതുനാമ്പുകൾ തലയുയർത്തും.
അയല്പക്കക്കാരനായ അനോജും കുടുംബവും ഇവിടെ കൃഷി ആരംഭിച്ചിട്ടുണ്ട്. മരപ്പണിക്കാരനായിരുന്ന അനോജിന് ലോക്ക്ഡൗൺ ആരംഭിച്ചതോടു കൂടി തൊഴിൽ ലഭ്യമല്ലാതായി തുടങ്ങിയപ്പോൾ ഉദിച്ച ആശയത്തിന് ജോയ് മാത്യു പച്ചക്കൊടി കാണിക്കുകയായിരുന്നു. അനോജും സഹോദരനും കൂട്ടുകാരനും കുടുംബങ്ങളും ചേർന്ന് ഇന്നിവിടെ പകലന്തിയോളം പണിയെടുത്ത് കപ്പയും ചീരയുമെല്ലാം നട്ട് കഴിഞ്ഞു.
Also read: COVID 19| നടികര്‍ സംഘത്തിലെ 1000 അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി രജനികാന്ത്"ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. പക്ഷെ അദ്ദേഹമെന്നെ നേരിൽ കണ്ടിട്ടില്ല. ഞങ്ങൾ കൃഷി ചെയ്തോട്ടെ എന്ന് ചോദിച്ചപ്പോൾ സന്തോഷത്തോടെ സമ്മതം നൽകി. ഇവിടെ 22 സെന്റ് സ്ഥലമുണ്ട്. അഞ്ചു സെന്ററിൽ കൃഷി ആരംഭിച്ചു കഴിഞ്ഞു. ബാക്കി സ്ഥലത്ത് കുറച്ചു കൂടി പണി നടക്കാനുണ്ട്," അനോജ് ഒ.എ. പറയുന്നു.
നാല് ദിവസം മുൻപാണ് ഇവിടെ മണ്ണൊരുക്കാൻ തുടങ്ങിയത്. ശേഷം രണ്ട് ദിവസങ്ങൾക്ക് മുൻപ് കപ്പയും ചീരയും നട്ടു. "ഞങ്ങൾ രാവിലെ ആറു മണിക്ക് തന്നെ ഇങ്ങോട്ടു പോരും. വെയിൽ കടുക്കുമ്പോൾ മരത്തണലിൽ തണൽ തേടാം. ചീര വളരെ വേഗം വളരും. ഒരാഴ്ചക്കുള്ളിൽ വിളവെടുക്കാം," അനോജിന്റെ വാക്കുകളിൽ പ്രതീക്ഷ.
Also read: പത്ത് വയസ്സുകാരൻ 'ലയണൽ' ഡാനി കുടുക്ക പൊട്ടിച്ചു; നുള്ളിപ്പെറുക്കിയതെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുസാറ്റ് ക്വാർട്ടേഴ്സിന് പിന്നിലായാണ് ഭൂമിയുടെ കിടപ്പ്. എത്ര വെള്ളം പൊങ്ങിയാലും, ലവലേശം പോലും ഈ മണ്ണിൽ കയറില്ലെന്ന് അനോജ് പറയുന്നു. ലോറി തൊഴിലാളിയാണ് സുഹൃത്ത്. തൊഴിൽ സാധ്യത കുറഞ്ഞ നാളുകൾ വെറുതെ കളയേണ്ട എന്ന തീരുമാനമാണ് ഇവരെ കൃഷിയിലേക്ക് നയിച്ചത്. അനോജിന്റെ എട്ടാം ക്ളാസ്സുകാരി മകളും, ഏഴാം ക്ളാസ്സുകാരൻ മകളും സഹോദരന്റെ കുട്ടികളും ചേർന്നാൽ കുട്ടികൾക്കും ഉത്സവം തന്നെ.
വിളവെടുത്താൽ ഒരു ഭാഗം ജോയ് മാത്യുവിന്റെ വീട്ടാവശ്യത്തിനായി നൽകും. ശേഷം ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് ലക്ഷ്യം. നാട്ടുക്കാർക്ക് വിഷമയമില്ലാത്ത പച്ചക്കറി നൽകുന്നത് കൂടാതെ കോവിഡ് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും അനോജിന് താത്പ്പര്യമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.