മദ്യപാനാസക്തിയിൽ നിന്നും മോചിപ്പിക്കാനുള്ള സർക്കാരിന്റെ ആപ്പിനെ മദ്യവിരുദ്ധർ പിന്തുണക്കാത്തത് എന്ത്? ജോയ് മാത്യു

Joy Mathew marks his resentment against Bev Q app | ഇങ്ങനെയൊക്കെയല്ലാതെ എങ്ങിനെയാണ് നമ്മുടെ സംസ്ഥാനം മദ്യവിമുക്തമാക്കേണ്ടത്? ജോയ് മാത്യു ചോദിക്കുന്നു

News18 Malayalam | news18-malayalam
Updated: May 30, 2020, 10:12 PM IST
മദ്യപാനാസക്തിയിൽ നിന്നും മോചിപ്പിക്കാനുള്ള സർക്കാരിന്റെ ആപ്പിനെ മദ്യവിരുദ്ധർ പിന്തുണക്കാത്തത് എന്ത്? ജോയ് മാത്യു
ജോയ് മാത്യു
  • Share this:
ലോക്ക്ഡൗൺ കാലത്ത് ബാറും ബിവറേജും അടഞ്ഞു കിടന്നതിന് ശേഷം തുള്ളിപോലും കിട്ടാതെ വലഞ്ഞവർക്ക് ലഭിച്ച പിടിവള്ളിയാണ് Bev Q ആപ്പ്. പക്ഷെ ആപ്പ് തുടക്കത്തിലേ ആപ്പായോ എന്ന ചർച്ച സജീവമാണ്. ബഹുഭൂരിപക്ഷത്തിനും സംഗതി അത്ര രസിച്ചിട്ടില്ല. അതേസമയം സർക്കാർ ആപ്പിനെ മദ്യവിരുദ്ധ പ്രസ്ഥാനക്കാർ എന്തുകൊണ്ട് പിന്തുണക്കുന്നില്ല എന്ന പോസ്റ്റുമായി നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു എത്തുന്നു. 'നമ്മൾ ദൈവരാജ്യത്തോട് അടുക്കുന്നു' എന്ന തലക്കെട്ടുമായി ആരംഭിക്കുന്ന പോസ്റ്റ് ചുവടെ:

കള്ളുകുടിയന്മാരെ നേർവഴിക്ക് നടത്താനും അവരെ മദ്യപാനാസക്തിയിൽ നിന്നും മോചിപ്പിക്കുവാനുമായി കേരള ഗവൺമെന്റ് നടപ്പിലാക്കിയ ആപ്പ് പരിപാടിയെ എന്തുകൊണ്ടാണ് മദ്യവിരുദ്ധ പ്രസ്ഥാനക്കാർ പിന്തുണക്കാത്തത്? സ്വന്തമായി ഒരു ഐ ടി വകുപ്പും വകുപ്പിന് ഒരു മന്ത്രിയും അതിനു കീഴെ ഐ ടി സെക്രട്ടറി. അതിന്നും കീഴെ നിരവധി ഐ ടി പ്രൊഫഷണലുകൾ (ചിരിക്കാൻ വേണ്ടി പറഞ്ഞതല്ല) പിന്നെ ഇവർക്ക് തുലയ്ക്കുവാൻ പൊതുഖജാനാവ്! എന്നിട്ടും ഇവർക്കൊന്നും സാധിക്കാത്ത കാര്യം ഒരു സ്വകാര്യ കമ്പനിക്ക് കരാർ കൊടുത്തതിന്റെ ഗുട്ടൻസ് ആർക്കും മനസ്സിലായിട്ടില്ല. അവിടെയാണ് സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത തിരിച്ചറിയേണ്ടത്.

ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞപോലെ ഘട്ടം ഘട്ടമായി മദ്യലഭ്യത കുറയ്ക്കുന്നതോടെ മദ്യപാനികളിൽ മദ്യാസക്തി കുറയുകയും അതുവഴി മദ്യവിമുക്തമായ, ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറുകയും ചെയ്യും. ഇത് നമ്മുടെ ഐ ടി വകുപ്പിന് മനസ്സിലായില്ല. എന്നാൽ സ്വകാര്യകമ്പനിക്ക് മനസ്സിലാവുകയും ചെയ്തു.അത് മനസ്സിലാക്കിത്തന്നെയാണ് ഗവൺമെന്റ് ഈ പുതിയ ആപ്പ് മദ്യപാനികളിൽ അടിച്ചു കേറ്റിയിരിക്കുന്നത്ത്. സംശയമുണ്ടെങ്കിൽ നിങ്ങൾ ഇതൊന്നു ഡൌൺ ലോഡ് ചെയ്യൂ.

TRENDING:Lockdown 5.0 FAQ | അ‍ഞ്ചാം ഘട്ട ലോക് ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ [NEWS]Lockdown 5.0 | ലോക് ഡൗൺ ജൂൺ 30 വരെ നീട്ടി; നിയന്ത്രണം കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം [NEWS]Lockdown 5: അന്തർസംസ്ഥാന യാത്രകൾക്ക് വിലക്കില്ല; പ്രത്യേക അനുമതി തേടേണ്ടതില്ല [NEWS]

നിങ്ങൾ കോഴിക്കോട്ടുകാരനാണെങ്കിൽ നിങ്ങൾക്ക് കണ്ണൂരിലെ ഒരു ബാറിൽ നിന്നും മദ്യം കിട്ടും.കോട്ടയംകാരനാണെങ്കിൽ കൊച്ചിയിലും കൊച്ചിക്കാരനാണെങ്കിൽ കാഞ്ഞിരപ്പള്ളിയിലും! ആപ്പിൽപ്പെട്ട പാവം മദ്യപാനി ഇത്രയൂം ദൂരം യാത്ര ചെയ്തു ആപ്പ് നിർദ്ദേശിച്ച സ്ഥലത്ത് എത്തിയാലോ? സാധനം തീർന്നു എന്നായിരിക്കും ഉത്തരം. അല്ലെങ്കിൽ ബീവറേജിൽ വിറ്റഴിയാതെ കെട്ടിക്കിടക്കുന്ന കൂതറ ചരക്കുകൾ ഭാഗ്യമുണ്ടെങ്കിൽ കിട്ടിയെങ്കിലായി. അത് അടിച്ചു കഴിഞ്ഞാലോ, ജീവിതത്തിൽ പിന്നെ ഒരിക്കലും അയാൾ മദ്യം കൈകൊണ്ടു തൊടില്ല.

ഇങ്ങനെയൊക്കെയല്ലാതെ എങ്ങിനെയാണ് നമ്മുടെ സംസ്ഥാനം മദ്യവിമുക്തമാക്കേണ്ടത്? മദ്യപാനം ഒരു ശീലമാക്കിയ മലയാളികളെ മദ്യാസക്തിയിൽ നിന്നും മോചിപ്പിക്കാൻ കേരള ഗവൺമെന്റ് കാണിക്കുന്ന ഈ ശുഷ്കാന്തിയെ നമ്മൾ പിന്തുണച്ചില്ലെങ്കിൽ പിന്നെ ആരാണ് പിന്തുണക്കുക ! ചുരുങ്ങിയപക്ഷം സഖാക്കളെങ്കിലും ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇമ്മാതിരി ഒരു ആപ്പ് കണ്ടുപിടിച്ച സ്വകാര്യ കമ്പനിയെയും അതിലെ ആപ്പ് ശില്പികളെയും ആദരിക്കാൻ കേരള ജനത രാഷ്ട്രീയ ഭേദമെന്യേ തയ്യാറായി കഴിഞ്ഞു, അവർ ഒന്ന് പുറത്തേക്ക് വന്നാൽ മാത്രം മതി.

First published: May 30, 2020, 10:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading