വിമർശനാത്മകമായ പോസ്റ്റുകളുമായി സാമൂഹികാവസ്ഥകളിൽ തന്റെ അഭിപ്രായം മറയേതുമില്ലാതെ തുറന്നു പറയുന്നയാളാണ് ജോയ് മാത്യു (Joy Mathew). പൊതുജനത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് ബോധവാനായ ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ചർച്ചചെയ്യപ്പെടാറുമുണ്ട്. ഏപ്രിൽ ഒന്ന് സർവലോക വിഡ്ഢിദിനമായി ആചരിക്കുമ്പോൾ, ജനങ്ങളുടെ മേൽ പുതിയ നികുതിഭാരം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിനമാണ് ഇത് എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
"വികസനം വികസനം എന്ന് പറഞ്ഞ് കോടികൾ കടമെടുക്കുമ്പോൾ
സാധാരണക്കാരൻ അറിയുന്നില്ല കടമെടുത്തതിന്റെ പലിശ പലവിധ നികുതികളായി തന്റെ പോക്കറ്റിൽ നിന്നാണ് അടിച്ചുമാറ്റുന്നതെന്ന് - ഏപ്രിൽ ഫൂൾ വെറുതെ പറഞ്ഞുണ്ടാക്കിയതല്ല. ഭരിക്കുന്നവർ ജനങ്ങൾക്ക് മേൽ പുതിയ നികുതിഭാരം അടിച്ചെല്പിക്കുന്ന ദിവസം ആയത് കൊണ്ടാണ് - ആയതിനാൽ എല്ലാവർക്കും മുൻകൂർ ഏപ്രിൽ ഫൂളാശംസകൾ," ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
ഇതിനു മുൻപ് പണിമുടക്കിന്റെ പേരിൽ സാധാരണക്കാരന്റെ ജീവനോപാധി തടയപ്പെടുന്ന പ്രവണതയെക്കുറിച്ചും അദ്ദേഹം തുറന്നെഴുതിയിരുന്നു.
കുറിപ്പിന്റെ പൂർണരൂപം:
പണിമുടങ്ങിയാലും പലിശമുടങ്ങില്ല
നഴ്സായ ഭാര്യയെ ജോലിക്ക് കൊണ്ടുവിട്ട് വരുന്ന ഓട്ടോ ഡ്രൈവറോട് തൊ.വ.നേതാവ് ആക്രോശിക്കുന്നത് ഇന്നത്തെ സമരക്കാഴ്ചകളിൽ കണ്ടു. മൂന്നുമാസം മുൻപ് പ്രഖ്യാപിച്ചതാണല്ലോ പണിമുടക്ക് എന്നിട്ടാണോ വണ്ടിയെടുത്തത്? തലയിൽ ചകിരിച്ചോർ മാത്രമുള്ളവരുടെ ചോദ്യമാണത്. മുൻകൂട്ടി സമയവും കാലവും കണക്കുകൂട്ടി ഒറ്റയടിക്ക് നാലുദിവസം അവധിയെടുക്കാനും ആഘോഷിക്കാനും ട്രേഡ് യൂണിയൻ നേതാക്കൾ തീരുമാനിക്കുന്നു. അടിമകൾ അനുസരിക്കുന്നു.
ദിവസക്കൂലിക്ക് പണിയെടുക്കുന്നവനും കൊള്ളപ്പലിശക്ക് വായ്പയെടുത്ത് കച്ചവടമോ വാടക വാഹനമോ ഓടിച്ചു നിത്യവൃത്തി നടത്തുന്നവന്റെയും ദുരിതം ഇരട്ടിക്കുന്നു. (ഓർക്കുക ബാങ്കിൽ നിന്നും വായ്‌പയെടുത്തവർ പണിമുടങ്ങിയ ദിവസങ്ങളിലും പലിശ കൊടുക്കേണ്ടിവരും) പണിമുടക്ക് എന്ന സമരമുറ കലഹരണപ്പെട്ടതൊന്നും ഒരിക്കൽ കമ്പ്യൂട്ടർ വിരുദ്ധരായിരുന്നവർ ഇപ്പോഴും അറിഞ്ഞിട്ടില്ല. വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവർമെന്റ് ആണെങ്കിൽ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത് ? അവരല്ലേ ജനങ്ങളോട് സമാധാനം പറയേണ്ടത് ? അതെങ്ങിനെ? ഇവിടെ മൈതാന പ്രസംഗത്തിൽ കേന്ദ്രനെ കടിച്ചുകീറുന്ന വ്യാഘ്രങ്ങൾ അങ്ങ് തലസ്ഥാനത്തെത്തുമ്പോൾ പൂക്കളുമായി കുമ്പിട്ട് നിൽക്കും. പൊതുജനം എന്നും കഴുതകൾ ആവില്ല.
Summary: Joy Mathew takes a dig at the coincidence of April Fool day and the first day of the start of a new financial yearഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.