ജൂലൈ 17നാണ് ലോകമെമ്പാടും അന്താരാഷ്ട്ര നീതി ദിനമായി ആചരിക്കുന്നത്. നീതിന്യായ സംവിധാനത്തിന്റെ ഫലപ്രദമായ പ്രവർത്തനത്തിനായി നിലകൊള്ളുന്നവരും നീതി നിഷേധിക്കപ്പെടുന്നവരുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവരും ലോകത്തിന്റെ സമാധാനം, സുരക്ഷ, ക്ഷേമം എന്നിവയ്ക്ക് വിഘാതമാകുന്ന കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിൽ പങ്കു വഹിക്കുന്നവരുമായ ജനങ്ങളെ ഒന്നിച്ചു നിർത്തുന്ന ദിനമാണ് ലോക നീതി ദിനം.
അന്താരാഷ്ട്ര നീതി ദിനം: ചരിത്രം
1998നു ശേഷമാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ ലോക നീതി ദിനം ആചരിക്കാൻ തുടങ്ങിയത്. 1998-ൽ അംഗീകരിക്കപ്പെട്ട 'റോം ചട്ട'ത്തിന്റെ വാർഷികദിനം കൂടിയാണ് ജൂലൈ 17. ഈ ചട്ടത്തിന്റെ പിൻബലത്തിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി സി) രൂപീകരിക്കപ്പെടുന്നത്. 1998-നു ശേഷം ആകെ 139 രാജ്യങ്ങൾ ആ ചട്ടത്തിൽ ഒപ്പു വെച്ചിട്ടുണ്ട്. ലോകത്തെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് 80തിലേറെ രാജ്യങ്ങൾ റോം ചട്ടം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ഇരുപതാമത് ലോക നീതി ദിനമാണ് ആഘോഷിക്കപ്പെടുന്നത്.
അന്താരാഷ്ട്ര നീതി ദിനത്തിന്റെ പ്രമേയം
'ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലെ സാമൂഹ്യ നീതി' എന്നതാണ് ഈ വർഷത്തെ ലോക അന്താരാഷ്ട്ര ദിനത്തിന്റെ ഔദ്യോഗിക പ്രമേയം. കോവിഡ് 19 മഹാമാരിയുടെ പ്രതിസന്ധിയെ അതിജീവിക്കാൻ സാങ്കേതികവിദ്യയുടെ മേഖലയിൽ കഴിഞ്ഞ ദശാബ്ദങ്ങളിൽ മാനവരാശി നേടിയ കുതിപ്പ് വലിയ രീതിയിൽ നമ്മെ സഹായിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടന 'ഡിജിറ്റൽ തൊഴിലിടങ്ങൾ' എന്ന് വിശേഷിപ്പിക്കുന്ന സംവിധാനങ്ങളുടെ സഹായത്തോടെ നിരവധി മനുഷ്യർക്ക് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാൻ കഴിയുന്നു. അയഞ്ഞ തൊഴിൽ ക്രമീകരണങ്ങളിൽ നിന്ന് വരുമാനമുണ്ടാക്കാനുള്ള സാധ്യതയാണ് 'വർക്ക് ഫ്രം ഹോം' തൊഴിലവസരങ്ങൾ സൃഷ്ടിച്ചത്. എന്നാൽ, തൊഴിലിന്റെയും വരുമാനത്തിന്റെയും സ്ഥിരത, സംഘടിക്കാനോ തൊഴിൽ സംഘടനകളിൽ ചേരാനോ തൊഴിലാളികൾക്കുള്ള ശേഷി, നൈപുണ്യങ്ങളുടെ വിനിയോഗം തുടങ്ങിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ഈ സാഹചര്യത്തിൽ വർദ്ധിച്ചു വരുന്നുണ്ട് എന്നത് കാണാതിരിക്കാൻ കഴിയില്ല.
അന്താരാഷ്ട്ര നീതി ദിനത്തിന്റെ പ്രാധാന്യം
നീതിയ്ക്ക് വേണ്ടി പൊതുജനാഭിപ്രായവും ഐക്യവും രൂപീകരിക്കുക എന്നതും ജനങ്ങളെ ബോധവൽക്കരിക്കുക എന്നതും വളരെ പ്രധാനമാണ്. ഈ കാഴ്ചപ്പാടാണ് ലോക നീതി ദിനം ആചരിക്കുന്നതിന് പിന്നിലെ ചാലകശക്തി. നീതിയുമായി ബന്ധപ്പെട്ട ആശങ്കകളിലേക്ക് ലോകശ്രദ്ധ ക്ഷണിക്കാൻ ഈ ദിനാചരണത്തിലൂടെ കഴിയുന്നു. ദേശരാഷ്ട്രങ്ങളുടെ സമാധാനം, സുരക്ഷ, ക്ഷേമം എന്നിവയെ ഭീഷണിപ്പെടുത്തുന്ന കുറ്റകൃത്യങ്ങളിൽ പങ്കാളികളാകാതെ വ്യക്തികളെ സംരക്ഷിച്ചു നിർത്താൻ അത് സഹായിക്കുന്നു.
ഈ ദിനാചരണം സമുചിതമായി കൊണ്ടാടാനും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രവർത്തനങ്ങളെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാനും ഈ ദിവസം നിരവധി പ്രവർത്തനങ്ങൾ ലോകമെമ്പാടും സംഘടിപ്പിക്കാറുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, വംശഹത്യ മുതലായ സാമൂഹ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന വിധത്തിലുള്ള പരിപാടികളും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.