നമ്മുടെ നാട്ടിൽ പത്ത് നിലയുള്ള ഒരു ഫ്ലാറ്റ് സമുച്ചയം പണിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാസങ്ങൾ കൊണ്ടാകും അത് പണി തീർക്കാനാകുക. നൂറ് കണക്കിന് ആളുകളുടെ അധ്വാനശേഷി, നിരവധി ഉപകരണങ്ങൾ, യന്ത്രങ്ങൾ, നിർമാണസാമഗ്രികളൊക്കെ ഇതിനായി വേണം. എന്നാൽ വെറും 29 മണിക്കൂർകൊണ്ട് പത്തുനില കെട്ടിടം പണിതുയർത്തിയിരിക്കുകയാണ് ചൈനയിലെ ഒരു ബിൽഡർ.
ഈ ശ്രദ്ധേയമായ നേട്ടം നോർവീജിയൻ നയതന്ത്രജ്ഞനും മുൻ രാഷ്ട്രീയക്കാരനുമായ എറിക് സോൾഹൈമിന്‍റെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. സോൾഹൈം പങ്കിട്ട വീഡിയോയിൽ, 29 മണിക്കൂറിനുള്ളിൽ 10 നില കെട്ടിടം നിർമ്മിക്കുന്നത് കാണാം. “ചൈനയിൽ മാത്രം” എന്ന അടിക്കുറിപ്പിൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ എഴുതി. ബിംഗ്, ബിംഗ്, ബിംഗ്! ഒരു ദിവസം കൊണ്ട് 10 നിലകളുള്ള ഒരു ആധുനിക അപ്പാർട്ട്മെന്റ് കെട്ടിടം എങ്ങനെ നിർമ്മിക്കാം!”
കെട്ടിടം പണിയുന്നതിനായി ക്രെയിനുകൾ ഒരു ബ്ലോക്കിന് മുകളിൽ മറ്റൊന്ന് സ്ഥാപിക്കുന്നത് എങ്ങനെയെന്ന് വീഡിയോ കാണിക്കുന്നു. അതിനിടെ, വിദഗ്ധരായ തൊഴിലാളികൾ ഉപകരണങ്ങളുടെ സഹായത്തോടെ അവരെ ഒന്നിപ്പിക്കാൻ അശ്രാന്തമായി പരിശ്രമിക്കുന്നു. വീഡിയോയുടെ അവസാനം, കെട്ടിടം പൂർണ്ണമായും തയ്യാറാകുന്നതും കാണാം. കെട്ടിടത്തിനുള്ളിലെ മുറികളുടെ അതിശയകരമായ കാഴ്ചയും കാണിച്ചിരിക്കുന്നു. ഒരു ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയെങ്കിലും, ഈ കെട്ടിടത്തിൽ എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും ലഭ്യമാണ്. രൂപകൽപനയിലും ഏറ്റവും മുന്തിയത് തന്നെ.
Only in China 🇨🇳!
Bing, bing, bing! How to build a modern 10-story apartment building in a day!— Erik Solheim (@ErikSolheim) March 20, 2023
ഏതായാലും സോൾഹൈമിന്‍റെ പോസ്റ്റിൽ നിരവധി കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ ചൈന വൈദഗ്ധ്യം നേടിയതായി നിരവധി ഉപയോക്താക്കൾ എഴുതി.
ചൈനയിലെ ചാങ്ഷ നഗരത്തിൽ 28 മണിക്കൂറും 45 മിനിറ്റും കൊണ്ടാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്.ആവശ്യമുള്ളപ്പോൾ പൊളിച്ചുമാറ്റി മറ്റിടത് സ്ഥാപിക്കാനാകുന്ന പ്രീ-ഫാബ് സാങ്കേതികവിദ്യയിലാണ് ഈ കെട്ടിടം നിർമിച്ചിരിക്കുന്നതെന്ന് ബിൽഡർമാരായ ബ്രോഡ് ഗ്രൂപ്പ് അഭിപ്രായപ്പെടുന്നു. 200 നിലകളോളം ഉയരമുള്ള ഉയർന്ന കെട്ടിടങ്ങൾ നിർമ്മിക്കാൻ തങ്ങളുടെ കൈവശമുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്നും കമ്പനി സൂചിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.