നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'രാഹുൽജിയുടേത് ഉയിർത്തെഴുനേൽപ്പിനുള്ള ആഹ്വാനം, ഇടതിന് ഇന്ത്യയുടെ ഹൃദയത്തിൽ ഇടംപിടിക്കാനാവില്ല'

  'രാഹുൽജിയുടേത് ഉയിർത്തെഴുനേൽപ്പിനുള്ള ആഹ്വാനം, ഇടതിന് ഇന്ത്യയുടെ ഹൃദയത്തിൽ ഇടംപിടിക്കാനാവില്ല'

  സഖാവ് രാജേഷിന് സ്നേഹപൂർവം എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പിലാണ് ചാമക്കാലയുടെ വിമർശനം

  ജ്യോതികുമാർ ചാമക്കാല- എം ബി രാജേഷ്

  ജ്യോതികുമാർ ചാമക്കാല- എം ബി രാജേഷ്

  • News18
  • Last Updated :
  • Share this:
   രാഹുൽ ഗാന്ധിയുടെ രാജി സ്വന്തം പടയാൽ നിരന്തരം വഞ്ചിക്കപ്പെട്ട പടനായകന്റെ പിൻമടക്കമാണെന്നും ബിജെപിയെ തടയാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്നും വിമർശിച്ച പാലക്കാട് മുൻ എം പി എം ബി രാജേഷിന് മറുപടിയുമായി കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല. ഇടതുപക്ഷത്തിന് ഇനിയൊരു നൂറുവർഷം കഴിഞ്ഞാലും ഇന്ത്യയുടെ ഹൃദയത്തിൽ ഇടംപിടിക്കാനാകില്ലെന്നും ചാമക്കാല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സഖാവ് രാജേഷിന് സ്നേഹപൂർവം എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പിലാണ് ഇടതുപക്ഷത്തെ ചാമക്കാല വിമർശിക്കുന്നത്.

   ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

   സഖാവ് രാജേഷിന് സ്നേഹപൂര്‍വം………

   ആധുനിക കമ്യൂണിസ്റ്റുകള്‍ ഏറെ കൊട്ടിഘോഷിച്ച ഗ്രീസിലെ ഇടതുപക്ഷ പാര്‍ട്ടി സിരിസയെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയ അതേ ദിവസം തന്നെയാണ് സഖാവ് എം.ബി രാജേഷ് രാഹുല്‍ ഗാന്ധിയുടെ രാജിക്കത്തിനെ വിലയിരുത്തിയത്.

   ഇന്ത്യന്‍ ഇടതുപക്ഷത്തിന്‍റെ പ്രസക്തിയും കോണ്‍ഗ്രസിന്‍റെ കഴിവുകേടുമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

   സംഘപരിവാറിനെതിരെ പോരാടനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ പ്രത്യയശാസ്ത്രം ഇടതുപക്ഷത്തിന്‍റേതാണെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.

   സഖാവ് എംബി രാജേഷിന്‍റെ പാര്‍ട്ടി പാര്‍ലമെന്‍റംഗത്വത്തില്‍ പതിനഞ്ച് വര്‍ഷം കൊണ്ട് ഇരട്ടയക്കത്തില്‍ നിന്ന് ഒറ്റയക്കത്തില്‍ എങ്ങനെയെത്തി എന്ന് പഠിച്ചാല്‍ തന്നെ ഇടതുപ്രത്യയശാസ്ത്രം ഇന്ത്യ എങ്ങനെ തള്ളിക്കളയുന്നു എന്ന് വ്യക്തമാവും.

   രാജേഷ് മനസിലാക്കേണ്ട് ഒന്നുണ്ട്. കമ്യൂണിസ്റ്റുകള്‍ ഒരിക്കലും ഇന്ത്യയെ അറിഞ്ഞിട്ടില്ല, മനസിലാക്കിയിട്ടില്ല. അത് സ്വാതന്ത്ര്യസമര ചരിത്രം മുതല്‍ വ്യക്തമാണ്. ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും വേറിട്ട സംസ്കാരവും പാരമ്പര്യവുമുള്ള ഒരു രാജ്യത്തിന്‍റെ ആത്മാവ് നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.

   സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ പിടിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ലോകത്ത് ആരും പരീക്ഷിച്ചിട്ടില്ലാത്ത ആയുധമായ അഹിംസയുമായി മഹാത്മജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇറങ്ങിയപ്പോള്‍ അതിനെ പരാജയപ്പെടുത്താന്‍ ആയുധമെടുത്തു നിങ്ങള്‍.

   ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടുന്നു എന്ന് അവകാശപ്പട്ടെ നിങ്ങള്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് റഷ്യക്കൊപ്പം ചേര്‍ന്ന് ബ്രിട്ടിഷുകാരന് ജയ് വിളിച്ചു.

   അന്നു തുടങ്ങിയതാണ് ഈ രാജ്യത്തോടുള്ള നിങ്ങളുടെ വഞ്ചനയുടെ ചരിത്രം.

   പിന്നെ സംഘപരിവാര്‍ വിരുദ്ധപോരാട്ടത്തെയും ജനസംഘ രൂപീകരണത്തെയുമെല്ലാം കുറിച്ച് പറയുന്ന രാജേഷെന്തേ 1989നെക്കുറിച്ച് മിണ്ടിയില്ല.

   ആധുനിക ഇന്ത്യ കണ്ട ഏറ്റവും ധിഷണാശാലിയായ ഒരു പ്രധാനമന്ത്രിയെ, രാജീവ് ഗാന്ധിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് വി.പി.സിങ്ങിനെ പ്രധാനമന്ത്രിയാക്കിയവരല്ലേ നിങ്ങള്‍.
   അന്ന് ബിജെപിയുടെ, സംഘപരിവാറിന്‍റെ പ്രത്യയശാസ്ത്രം മറ്റൊന്നായിരുന്നോ.

   അതേ വി.പി സിങ് സര്‍ക്കാരല്ലേ മണ്ഡല്‍കമ്മിഷന്‍ റിപ്പോര്‍ട്ടുപയോഗിച്ച് ഇന്ത്യയിലെ ജാതിരാഷ്ട്രീയത്തിന് അടിത്തറയിട്ടത്.

   അത്രകാലം ജാതിമത കെട്ടുപാടുകള്‍ക്കപ്പുറം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നോട്ടുകൊണ്ടു വന്ന രാജ്യത്തെ, ജാതിയുടെ ഇരുള്‍പുറങ്ങളിലേക്ക് കൈപിടിച്ച് നടത്താന്‍ കൂട്ടു നിന്നില്ലേ നിങ്ങള്‍.

   അധികാരമോഹത്താല്‍ അന്ധരായ കോണ്‍ഗ്രസുകാര്‍ എന്നെല്ലാം പറയുമ്പോള്‍ ബംഗാളിലും ത്രിപുരയിലുമെല്ലാം എന്തായിരുന്നു നിങ്ങളുടെ നേതാക്കളെ നയിച്ചത്.

   കേരളത്തിലേക്ക് വരാം. നടുറോഡില്‍ ബീഫുണ്ടാക്കിക്കഴിച്ചാല്‍ തീര്‍ന്നു താങ്കളുടെ പ്രസ്ഥാനത്തിന്‍റെ മതേതരത്വം.

   പക്ഷേ ഉള്ളില്‍ അടക്കിവച്ചിരുന്ന വര്‍ഗീയവിഷം അതിലും എത്രയോ വലുതായിരുന്നെന്ന് ശബരിമലയില്‍ നിങ്ങള്‍ തെളിയിച്ചു.

   ഭൂരിപക്ഷസമുദായത്തെ വ്രണപ്പെടുത്തി ന്യൂനപക്ഷങ്ങളുടെയാകെ വോട്ട് നേടാമെന്ന് കരുതി നടത്തിയ പൊറാട്ടുനാടകം പക്ഷേ വിവേകമുള്ള മലയാളി ജാതിമതവ്യത്യാസമില്ലാതെ തള്ളി.

   സംഘപരിവാറിനൊപ്പം തന്നെ അപകടകരമായ മതരാഷ്ട്രീയമാണ് കേരളത്തില്‍ നിങ്ങള്‍ പരീക്ഷിച്ചത്.

   തലമുറകളായി സമാധാനപരമായി ജീവിക്കുന്ന ഒരു ജനതയെ ഭിന്നിപ്പിക്കാനുള്ള അങ്ങേയറ്റം ഹീനമായ രാഷ്ട്രീയം.

   പിന്നെ ,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെ കമ്യൂണിസ്റ്റുകള്‍ മതേതരത്വം പഠിപ്പിക്കേണ്ടതില്ല.

   ഞങ്ങള്‍ക്ക് മതേതരത്വമെന്നാല്‍ മതമില്ലാത്ത അവസ്ഥയല്ല. ഈശ്വരവിശ്വാസവും പാരമ്പര്യ. ആചാരാനുഷ്ഠാനങ്ങളും നെഞ്ചോട് ചേര്‍ക്കുന്ന അവയെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിക്കാണുന്ന 130 കോടി ജനതയെ വൈരുധ്യാത്മകഭൗതികവാദികളാക്കിക്കളയാം എന്ന പമ്പരവിഡ്ഢിത്തം കോണ്‍ഗ്രസിന്‍റെ വിദൂരചിന്തയില്‍പ്പോലുമില്ല.

   ഞങ്ങള്‍ക്ക് മതേതരത്വമെന്നാല്‍ എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശവും തുല്യ ആരാധാന സ്വാതന്ത്ര്യവുമാണ്. എല്ലാ മനുഷ്യര്‍ക്കും മത,വര്‍ണ,ഭാഷാ വ്യത്യാസമില്ലാതെ ജീവിക്കാനുള്ള അവകാശമാണ്.

   ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഈ രാജ്യത്ത് ഒരിക്കലും പ്രസക്തി നഷ്ടമാവുന്നില്ല. കാരണം മതവും വിശ്വാസവും ആചാരങ്ങളും എല്ലാം ഇഴചേർന്ന ഈ രാജ്യത്തിന്റെ ആത്മാവിനെ ആഴത്തിൽ ഉൾക്കൊണ്ട മറ്റൊരു പ്രസ്ഥാനവും ഇല്ല. ആ ആത്മാവ് ആത്യന്തികമായി മതേതരവുമാണ്.

   വ്യാജ പ്രചരണങ്ങളിലൂടെ വർഗീയ വിഷം ചീറ്റി ബിജെപി നേടിയിട്ടുള്ള ഈ വിജയം താൽക്കാലികമാണെന്നതിൽ ഞങ്ങൾക്ക് സംശയമില്ല.

   രാഹുൽജിയുടേത് പരാജിതന്റെ ഏറ്റു പറച്ചിലല്ല. ഉയിർത്തെഴുനേൽപ്പിനുള്ള ആഹ്വാനമാണ്. ഞങ്ങൾ പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യും.

   പക്ഷേ ലെനിനേയും മാവോയേയും പോലുള്ള ഏകാധിപതികളെ ആരാധിക്കുകയും ആ മാർഗം ആഗ്രഹിക്കുകയും ചെയ്യുന്ന താങ്കളുടെ പാർട്ടിക്ക് (കടപ്പാട്: രാമചന്ദ്രഗുഹ) ഇനിയൊരു നൂറു വർഷം കാത്തിരുന്നാലും ഇന്ത്യയുടെ ഹൃദയത്തിൽ ഇടംപിടിക്കാനാവില്ല. കാരണം നിങ്ങൾക്ക് ഇന്ത്യയെ ഇനിയും മനസിലായിട്ടില്ല. നിങ്ങൾ ഇന്ത്യൻ ആയിട്ടില്ല.

   ജ്യോതികുമാർ ചാമക്കാല

   KPCC സെക്രട്ടറി.

   (അഭിപ്രായം വ്യക്തിപരം)

   First published:
   )}