കോട്ടയം: രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ, കുറച്ചുദിവസത്തേക്ക് താനും ഏകാന്തവാസത്തിലാണെന്ന് ഏറ്റുമാനൂർ എംഎൽഎ കെ സുരേഷ് കുറുപ്പ്. കൊറോണ നിരീക്ഷണത്തിന്റെ ഭാഗമായല്ല ഈ ഏകാന്തവാസം. യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെ. രക്തധമനികളുടെ ആരോഗ്യത്തെ ദുർബലപ്പെടുത്തുന്ന രോഗത്തിനുള്ള തീവ്രചികിത്സയിലാണ് താനെന്നും ഇതിന്റെ പാർശ്വഫലമെന്ന നിലയ്ക്ക് പ്രതിരോധ ശേഷി കുറഞ്ഞിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ഏകാന്തവാസത്തിലേക്ക് പോകാൻ ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണെന്നുമാണ് സുരേഷ് കുറുപ്പ് അറിയിക്കുന്നത്.
കുറിപ്പ് ഇങ്ങനെ
സുഹൃത്തുക്കളേ, സഖാക്കളേ,
ലോകം, ഇതിനു മുൻപൊരിക്കലുമില്ലാത്ത വിധമുള്ള ഒരു വൈറസ് രോഗവ്യാപനത്തെ ധൈര്യപൂർവം നേരിടുന്ന ഈ അവസ്ഥയിൽ ലോകജനതയ്ക്കാകെ മാതൃകയാകുന്ന തരത്തിൽ കേരള സമൂഹവും മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ നേതൃത്ത്വത്തിൽ സർക്കാരും അതീവ ജാഗ്രതയോടെ, ഏകോപനത്തോടെ പ്രവർത്തിക്കുകയാണ്. ഈ വേളയിൽ തികച്ചും വ്യക്തിപരമായ ഒരു കാര്യം, എന്റെ ശാരീരികാവസ്ഥയെ കുറിച്ച്, പറയാനാണ് ഈ കുറിപ്പെഴുതുന്നത്.
രക്തധമനികളുടെ ആരോഗ്യത്തെ ദുർബലപ്പെടുത്തുന്ന Vasculitic Neuropathy എന്ന രോഗത്തിനുള്ള തീവ്രചികിത്സയിലാണ് ഈ ദിവസങ്ങളിൽ ഞാൻ. രക്തധമനികൾ ദുർബലപ്പെട്ട് നീർക്കെട്ട് ഉണ്ടാകുന്ന ഈ രോഗം മൂന്നു നാലു കൊല്ലങ്ങളായി കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ അസംബ്ലി സമ്മേളനത്തിനിടയിൽ പാർടിയിൽ നിന്നും അനുവാദത്തോടെ അവധിയെടുത്ത് അടിയന്തര ചികിത്സക്കായി വെല്ലൂർ ആശുപത്രിയിൽ പോകേണ്ടി വന്ന ഞാൻ കഴിഞ്ഞ ദിവസം തിരികെ ഏറ്റുമാനൂരെത്തി.
You may also like:ഞാൻ ഇന്ത്യയിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു; കോവിഡ് ലക്ഷണങ്ങളുമായി മലേഷ്യയിലെ ആശുപത്രിയില്‍ പോയ മലയാളി [NEWS]നിരീക്ഷണത്തിലിരിക്കെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; പരിശോധനാഫലം വന്നപ്പോൾ നെഗറ്റീവ് [NEWS]വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]ചികിത്സയുടെ പാർശ്വഫലമെന്നോണം രക്തത്തിലെ കൗണ്ട് ക്രമാതീതമായി കുറഞ്ഞതിനാൽ എന്റെ രോഗ പ്രതിരോധ ശേഷി തുലോം കുറവാണെന്നാണ് കോട്ടയം മെഡിക്കൽ കോളെജിൽ എന്നെ പരിശോധിക്കുന്ന ഡോക്ടർമാർ പറയുന്നത്. അതിനാൽ കുറച്ചു ദിവസത്തേക്ക് പൂർണമായ ഏകാന്തവാസത്തിന് അവർ വൈദ്യ വിധി കൽപിച്ചിരിക്കുകയാണ്.
നാടു മുഴുവൻ കൊറോണാ രോഗവ്യാപനത്തിനെതിരേ പ്രവർത്തിക്കുന്ന സമയത്ത് ഇങ്ങനെ ഒരു അവസ്ഥ വന്നതിൽ ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത വിഷമമുണ്ട്. കേരളം കൊറോണയെ പരാജയപ്പെടുത്തുമെന്ന കാര്യത്തിൽ നമുക്ക് സംശയമില്ല. അത് നമ്മുടെ നിശ്ചയദാർഢ്യമാണ്.
പൊതുരംഗത്തേക്കിറങ്ങാൻ ഡോക്ടർമാർ അനുവദിക്കുന്ന നിമിഷത്തിൽ തന്നെ ഞാൻ നിങ്ങളോടൊപ്പമുണ്ടാകും.
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
കെ. സുരേഷ് കുറുപ്പ് MLA
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.