• HOME
  • »
  • NEWS
  • »
  • buzz
  • »
  • Kangaroo | സ്മോൾ? ലാർജ്? ബാറിൽ അതിഥിയായൊരു കംഗാരു; കൂസലില്ലാതെ ആളുകൾ

Kangaroo | സ്മോൾ? ലാർജ്? ബാറിൽ അതിഥിയായൊരു കംഗാരു; കൂസലില്ലാതെ ആളുകൾ

ബാറിലേക്ക് അലസമായി നടന്ന് വരികയാണ് ഒരു കംഗാരു. ഇതിൽ ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം അവിടെ നിൽക്കുന്ന ആളുകളുടെ മനോഭാവമാണ്.

  • Share this:
    കംഗാരുക്കളുടെ (Kangaroos) നാടെന്നാണ് ഓസ്ട്രേലിയ (Australia) അറിയപ്പെടുന്നത്. ഓസ്ട്രേലിയയിൽ എവിടെച്ചെന്നാലും കംഗാരുക്കളെ കാണാൻ സാധിക്കുമെന്നത് ഒരു പുതുമയുള്ള കാര്യമല്ല. എന്നാൽ കംഗാരു ഒരു ബാറിൽ കയറിച്ചെന്നാലോ... അതിലും തങ്ങൾക്ക് അസ്വാഭാവികതയൊന്നുമില്ലെന്ന് തെളിയിക്കുകയാണ് ഓസ്ട്രേലിയക്കാ‍ർ. ഇൻസ്റ്റഗ്രാമിൽ (Instagram) ഓസ്ട്രേലിയൻ ഡോട്ട് അനിമൽസ് എന്ന പേജിൽ ഷെയ‍ർ ചെയ്ത കംഗാരുവിൻെറ വീഡിയോ വൈറലാവുകയാണ്. ബാറിലേക്ക് അലസമായി നടന്ന് വരികയാണ് ഒരു കംഗാരു. ഇതിൽ ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം അവിടെ നിൽക്കുന്ന ആളുകളുടെ മനോഭാവമാണ്. ആ‍ർക്കും യാതൊരു അസ്വാഭാവികതയുമില്ല.

    ബാറിൽ വരി നിൽക്കുന്നവരുടെ അടുത്തേക്കാണ് കംഗാരു എത്തിയത്. അവ‍ർ മെല്ലെ കംഗാരുവിന് പോവാനായി വഴി കൊടുത്തു. അത് അതിൻെറ വഴിക്ക് പോയി. വരിനിൽക്കുന്നവ‍ർ തങ്ങളുടെ ജോലിയും തുട‍ർന്നു. നമ്മുടെ നാട്ടിൽ പൂച്ചയും പട്ടിയുമൊക്കെ ഇത് പോലെ ഹോട്ടലുകളിലും മറ്റും എത്താറുണ്ട്. എന്നാൽ ഒരു വലിയ ബാറിൽ കയറി കംഗാരു ഇത്ര സ്വതന്ത്രമായി നടന്ന് പോവുന്ന കാഴ്ച അപൂ‍ർവമാണ്.



    ഓസ്ട്രേലിയക്കാ‍ർക്ക് അത്ഭുതമൊന്നുമില്ലെങ്കിലും വീഡിയോ വൈറലായതോടെ ലോകത്തെ മറ്റ് പലയിടങ്ങളിലുമുള്ളവ‍രും അമ്പരപ്പെട്ടു പോയി എന്ന തരത്തിലാണ് പ്രതികരിച്ചിരിക്കുന്നത്. വീഡിയെ അപ്ലോഡ് ചെയ്തതിന് ശേഷം ഇത് വരെ ഈ വീഡിയോക്ക് 85000ന് അടുത്ത് ലൈക്കാണ് ലഭിച്ചിരിക്കുന്നത്. "കംഗാരുവിനെ കണ്ട് ആർക്കും ഒരു കൂസലുമില്ല. എന്നാൽ അത് വന്നപ്പോൾ വഴിമാറി കൊടുത്തത് രസകരമായി തോന്നി," വീഡിയോക്ക് താഴെ ഒരാളുടെ കമൻറ് ഇങ്ങനെയാണ്. "അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചതായി ആർക്കും തോന്നുന്നില്ല. എല്ലാവരും അവരവരുടെ പണി തുടരുകയാണ്. ഒച്ചപ്പാടോ ബഹളമോ ഒന്നുമില്ല. സാധാരണ വരാറുള്ളയാളെ പോലെ കംഗാരു കൂളായി നടന്നുപോവുന്നു," മറ്റൊരാൾ കമൻറ് ചെയ്തു.

    ഈ മാസത്തിൻെറ തുടക്കത്തിൽ കംഗാരുക്കളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വളരെ അവിചാരിതമായ ഒരു സംഭവം നടന്നിരുന്നു. ബംഗാളിലെ തെരുവുകളിലൂടെ നടക്കുന്ന കംഗാരുക്കളുടെ വീഡിയോയാണ് ഇത്തരത്തിൽ വൈറലായത്.

    വീഡിയോ സോഷ്യൽ മീഡിയയെ ഒരു പോലെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. കംഗാരുക്കളെ പൊതുവിൽ ഓസ്ട്രേലിയയിൽ മാത്രമാണ് കാണുന്നത്. അവിടുത്തെ സാഹചര്യത്തിൽ നിന്ന് മാറിയിൽ അവയ്ക്ക് ജീവിക്കാൻ എളുപ്പമല്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കംഗാരുക്കൾ എത്തുന്നത് അസ്വാഭാവികമായ കാര്യമാണ്.

    ബംഗാളിലെ ജൽപായ്ഗുരിയിലാണ് കംഗാരുക്കളെ കണ്ടത്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ഇവയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും ഷെയർ ചെയ്തിരുന്നു. കംഗാരുക്കൾ ഇന്ത്യയിൽ സ്വാഭാവികമായി എത്തിയതല്ലെന്ന് വ്യക്തമാക്കി ഐഎഫ്എസ് ഓഫീസർ പർവീൻ കസ്വാൻ ട്വീറ്റ് ചെയ്തിരുന്നു. ഇവയെ അനധികൃതമായി കടത്തി കൊണ്ടുവന്നതാണ്. “ബംഗാളിലെ മൃഗശാലയിലും കംഗാരുക്കളില്ല. ഇവയെ കടത്തിക്കൊണ്ടു വന്നതാണ്. കംഗാരുക്കളെ സുരക്ഷിതമായി മൃഗശാലയിലേക്ക് മാറ്റിയിട്ടുണ്ട്. കംഗാരുക്കടത്തിന് കഴിഞ്ഞ മാസം രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു,” കസ്വാൻ പറഞ്ഞു.
    Published by:Sarath Mohanan
    First published: