• HOME
  • »
  • NEWS
  • »
  • buzz
  • »
  • Karipur Air India Express Crash | 'സ്വന്തം ജീവൻ അപകടത്തിലായേക്കാവുന്ന കാലത്തും ജാതിയും മതവും നോക്കാതെ ഓടിയെത്തിയവർ'

Karipur Air India Express Crash | 'സ്വന്തം ജീവൻ അപകടത്തിലായേക്കാവുന്ന കാലത്തും ജാതിയും മതവും നോക്കാതെ ഓടിയെത്തിയവർ'

"കോരിച്ചൊരിയുന്ന മഴയിൽ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥർ എത്തും മുന്നേ അരയും തലയും മുറുക്കി ഇറങ്ങിയ പ്രിയപ്പെട്ടവരെ... നിങ്ങള് എന്തൊരു മനുഷ്യരാണ്!! ഒരു കോവിഡിനും നിങ്ങളുടെ സഹജീവി സ്നേഹത്തെ തോൽപ്പിക്കാനാവില്ല."

Karipur Plane Crash

Karipur Plane Crash

  • Share this:
കഴിഞ്ഞ ദിവസം രാത്രിയോടെ കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ 18 പേർക്കാണ് ജീവൻ നഷ്ടമായത്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ റണ്‍വേയിൽ നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടുന്നുണ്ട്.

അപകടം നടന്നയുടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി ഓടിക്കൂടിയ നാട്ടുകാർ തന്നെയാണ് ദുരന്തവ്യാപ്തി കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായിച്ചതും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയവരെ സ്വന്തം നാടുകളിലേക്ക് മടക്കിയെത്തിക്കുന്ന വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്.

രോഗവ്യാപനത്തിന്‍റെ അപകടം എന്ന ഭീഷണി മുന്നിലുണ്ടായിട്ട് പോലും ഒട്ടും മടിച്ച് നിൽക്കാതെയാണ് നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി ഓടിക്കൂടിയത് എന്നതായിരുന്നു ശ്രദ്ധേയമായ കാര്യം. 'സ്വന്തം ജീവൻ അപകടത്തിൽ ആയേക്കാവുന്ന കാലത്ത് കോരിച്ചൊരിയുന്ന മഴയിൽ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥർ എത്തും മുന്നേ അരയും തലയും മുറുക്കി ഇറങ്ങിയ' പ്രദേശവാസികളെ അഭിനന്ദിച്ച് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്..

രാത്രിയും മഴയും തണുപ്പും കൊറോണയും ജാതിയും മതവും രാഷ്ട്രീയവും ഒന്നും വകവയ്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോൾ അവർ ഓടിയെത്തിയത്. ഒരു കോവിഡിനും നിങ്ങളുടെ സഹജീവി സ്നേഹത്തെ തോൽപ്പിക്കാനാവില്ല എന്നാണ് കുറിപ്പിൽപറയുന്നത്.

വൈറലായ കുറിപ്പിന്‍റെ പൂർണ്ണരൂപം:

"ഞമ്മള് ഈ പരിസരത്ത് ഇള്ളതാണ്. വിമാനം കൊറേ നേരിയി എറങ്ങാൻ കയ്യാതെ പറക്ക്ണത് കണ്ടിരുന്നു. നല്ല മഴണ്ടേനി. പിന്നെ വല്ല്യൊരു സൗണ്ട് കേട്ടു. ഇവിടെ എത്തുമ്പ കണ്ടത് ജീവിതത്തിൽ മറക്കാനാത്ത രംഗാണ്. ഒരു വിമാനം ചിന്നിച്ചിതറിക്കിറക്കുന്നു. ആ ഒരു സമയത്ത് ഞമ്മക്ക് കൊറോണ ഇല്ല, മാസ്ക് ഇല്ല, സാമൂഹിക അകലും ഇല്ല..
37 ആൾക്കാരെണ് ഈ കയ്യോണ്ട് രക്ഷപ്പെട്ത്തീത് "
- ഒരു കൊണ്ടിട്ടിക്കാരൻ.
വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയിന്മെൻ്റ് സോണിലാണ്.
രാത്രിയും മഴയും തണുപ്പും കൊരോണയും ജാതിയും മതവും രാഷ്ട്രീയവും ഒന്നും വകവയ്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോൾ അവർ ഓടിയെത്തിയത്. വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശത്ത് നിന്ന് വന്ന വിമാനമാണ്. അതിൽ പലർക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും അവർ കണക്കിലെടുത്തില്ല. അവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏൽപ്പിക്കാനും അവർ മുൻപന്തിയിൽ നിന്നു. തകർന്ന വിമാനത്തിൽ പി പി ഇ കിറ്റും ഫെയ്സ് ഷെൽട്ടറും ധരിച്ചെത്തിയ പ്രവാസികളെ ആംബുലൻസിന് പോലും കാത്തു നിൽക്കാതെ കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിലെത്തിക്കാനും സംഭവിച്ചെതെന്തന്നറിയാതെ വാവിട്ട് കരയുന്ന പിഞ്ചു മക്കളെ മാറോട് ചേർത്ത് നിർത്തി ആശ്വസിപ്പിച്ച് രക്ഷകർത്താക്കളെ കണ്ടെത്തി സുരക്ഷിതമായി കൈകളിലേൽപ്പിക്കുകയും ചെയ്യുന്ന മലപ്പുറത്തെ നാട്ടുകാരുടെ ആ വലിയ മനസുണ്ടല്ലോ... മാനവികതയുടെ മനസ്സ്.
അതിനൊരു ബിഗ് സല്യൂട്ട്.. ആംബുലൻസും സി ആർപി എഫും എത്തുന്നതിനു മുന്നേ കിട്ടിയ വണ്ടിയിൽ കൊണ്ടോട്ടിയിലെ ആശുപത്രികളിലേക്കും കോഴിക്കോട്ടേക്കും വണ്ടി ഓടിച്ച് പാഞ്ഞവരെ എങ്ങനെ അഭിനന്ദിച്ചാലും മതിയാകില്ല
സീറ്റ് പൊളിച്ചും ഷീറ്റ് മാറ്റിയും പുറത്തെടുത്ത ചെറുപ്പക്കാരെ നിങ്ങളെ എങ്ങനെയാണ് ചേർത്ത് പിടിക്കേണ്ടത് ?
സ്വന്തം ജീവൻ അപകടത്തിൽ ആയേക്കാവുന്ന കാലത്ത് കോരിച്ചൊരിയുന്ന മഴയിൽ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥർ എത്തും മുന്നേ അരയും തലയും മുറുക്കി ഇറങ്ങിയ പ്രിയപ്പെട്ടവരെ... നിങ്ങള് എന്തൊരു മനുഷ്യരാണ്!! ഒരു കോവിഡിനും നിങ്ങളുടെ സഹജീവി സ്നേഹത്തെ തോൽപ്പിക്കാനാവില്ല. മലപ്പുറത്തെ എന്റെ സഹോദരങ്ങളെ ... സ്നേഹം.
Published by:Asha Sulfiker
First published: