മലപ്പുറം: ഫുട്ബോൾ ഭ്രാന്തൻ എന്ന വിളിപ്പേരുള്ള കേരളത്തിന് ഫൂട്ട്ബോൾ തട്ടി ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചു. മഞ്ചേരിയിലെ പയ്യനാട് ഫുട്ബോൾ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച ഡ്രീം ഗോൾ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഈ നേട്ടം കൈവരിക്കാനായത്. രാവിലെ ഏഴിന് ആരംഭിച്ച ഡ്രീം ഗോൾ പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ 12 മണിക്കൂർകൊണ്ട് 4500 കിക്ക് എടുത്താണ് ലോക റെക്കോഡ് നേടിയത്.
ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം. 12 മണിക്കൂർകൊണ്ട് ഏറ്റവുമധികം പെനാൽറ്റി കിക്കുകൾ പൂർത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് കൈവരിച്ചത്. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് റെക്കോഡ് ഉദ്യമത്തിൽ മലപ്പുറം ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർഥികളും പൊതുജനങ്ങളുമാണ് പങ്കെടുത്തത്.
Also read-പണം മോഷ്ടിച്ച ശേഷം കള്ളന്റെ സൂപ്പർ ഡാൻസ്; സിസിടിവി ദൃശ്യങ്ങൾ വൈറൽ
തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ കോളേജ് വിദ്യാർഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ച് രാവിലെ ഏഴു മണി മുതലാണ് ഷൂട്ടൗട്ട് ആരംഭിച്ചത്. രാവിലെ 7.38ന് മുൻ ഇന്ത്യൻ താരം യു.ഷറഫലിയുടെ ആദ്യ കിക്കോടെ ആരംഭിച്ച പരിപാടി രാത്രി 7.38ന് കായിക യുവജനകാര്യ മന്ത്രി വി.അബ്ദുറഹിമാന്റെ അവസാന പെനാൽറ്റി കിക്ക് വരെ കുതിപ്പ് തുടർന്നു. എന്നാൽ ഉച്ചയോടെ നിലവിലുള്ള ജർമ്മനിയുടെ 2500 കിക്കുകളുടെ റെക്കോർഡ് മലപ്പുറം തകർത്തിരുന്നു.
ഗ്രൗണ്ടിൽ ഒരേ സമയം രണ്ടു ടീമുകളും ഗ്യാലറിയിൽ നാലു ടീമുകളും ഷൂട്ടൗട്ടിനു സജ്ജമായിരിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം നടത്തിയത്. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കി. കൃത്യമായ ഇടവേളകളിൽ ഗോൾകീപ്പർമാരും റഫറിമാരും മാറിക്കൊണ്ടിരുന്നു. വൈകിട്ട് പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സ്പോർട്സ് അക്കാദമികൾ ഉൾപ്പെടെ വിവിധ കാമ്പസുകളിൽ നിന്നായി 3500 ഓളം വിദ്യാർഥികളടക്കം പരിപാടിയിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.