സോഷ്യൽ മീഡിയയിൽ കേരള പൊലീസിനുള്ള സ്വാധീനം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും കേരള പൊലീസിന്റെ ഒരു കണ്ണുണ്ട്. എവിടെയെങ്കിലും മൊട കണ്ടാൽ അപ്പോൾ തന്നെ ഇടപെടും, അതാണ് പൊലീസ് സ്റ്റൈൽ. ഇപ്പോഴിതാ, പുതിയതായി രംഗപ്രവേശം ചെയ്ത ക്ലബ് ഹൗസിലും സാനിദ്ധ്യം അറിയിച്ചിരിക്കുകയാണ് കേരള പൊലീസ്. ഇക്കാര്യം അവരുടെ ഫേസ്ബുക്ക് പേജ് വഴി ആളുകളെ അറിയിച്ചിട്ടുമുണ്ട്.
രസകരമായ ഒരു മീമിലൂടെയാണ് ക്ലബ് ഹൗസിൽ അക്കൌണ്ടെടുത്ത കാര്യം കേരള പൊലീസ് പ്രഖ്യാപിച്ചത്. 'നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും, ഒപ്പം കൂടിക്കോ' എന്നാണ് ക്ലബ് ഹൗസ് ലിങ്ക് സഹിതം കേരള പൊലീസ് നൽകിയിരിക്കുന്ന ക്യാപ്ഷൻ. മലയാളത്തിലെ എണ്ണം പറഞ്ഞ ഹാസ്യതാരങ്ങളിൽ ഒരാളായ കൊച്ചിൻ ഹനീഫയെയാണ് ഇത്തവണ കേരള പൊലീസ് കൂട്ടുപിടിച്ചിരിക്കുന്നത്. 'ശൂ ശൂ, ഞങ്ങടെ ഒരു ഒഫീഷ്യൽ അക്കൌണ്ട് അവിടെയൊക്കെ ഉണ്ട് കേട്ടോ...' എന്നാണ് കേരള പൊലീസ് മീമിലൂടെ പറയുന്നത്.
ഇൻവിറ്റേഷനിലൂടെ മാത്രം ഉപയോഗിക്കാൻ കഴിയുന്നതും ശബ്ദത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതുമായ സമൂഹ മാധ്യമ മൊബൈൽ ആപ്ലിക്കേഷൻ ആണ് ക്ലബ്ഹൗസ്. ഇവിടെ വോയ്സ് ചാറ്റ് റൂമുകൾ എന്ന പ്രത്യേക സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിയും. തത്സമയം ചർച്ചകൾ സംഘടിപ്പിക്കാൻ കഴിയുന്ന വോയ്സ് ചാറ്റ് റൂമിൽ ഒരു സമയം 5000 ആളുകൾക്ക് വരെ പങ്കാളികളാകാൻ കഴിയും.
2021-ൽ ടൈം മാഗസിൻ പുറത്തിറക്കിയ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 100 കമ്പനികളുടെ പട്ടികയിൽ ക്ലബ്ഹൗസും ഇടം പിടിച്ചിട്ടുണ്ട്. സ്പോട്ടിഫൈ, ഹൈബി, സാവേജ് എക്സ് ഫെന്റി, ബംബിൾ, ആപ്പിൾ തുടങ്ങിയ കമ്പനികളോടൊപ്പമാണ് ക്ലബ്ഹൗസും ഈ പട്ടികയിൽ ഇടം സ്വന്തമാക്കിയത്. ആളുകൾക്ക് ഒന്നിച്ച് ഡിജിറ്റൽ റൂമുകളിൽ ഒത്തുകൂടാനും സാകേതികവിദ്യയും കലയും മുതൽ രാഷ്ട്രീയം വരെ ഏത് വിഷയത്തെക്കുറിച്ചും പരസ്പരം സംസാരിക്കാനും സൗകര്യം ഒരുക്കുന്ന ആപ്പ് എന്നാണ് ടൈം മാഗസിൻ ക്ലബ്ഹൗസിനെ വിശേഷിപ്പിച്ചത്.
2020 മാർച്ചിൽ ഐ ഒ എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തനം ആരംഭിച്ച ക്ലബ് ഹൗസ് 2021 മെയ് മുതലാണ് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമായത്. പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഈ ആപ്ലിക്കേഷൻ പ്രതിവാരം 10 ദശലക്ഷത്തിലധികം ആളുകൾ സജീവമായി ഉപയോഗിക്കുന്നുണ്ട്. ടോക് ഷോ എന്ന പേരിൽ ആരംഭിച്ച ഈ ആപ്പ് അതിന്റെ സ്ഥാപകരായ പോൾ ഡേവിസണും രോഹൻ സേത്തും പോഡ്കാസ്റ്റുകൾ പ്രക്ഷേപണം ചെയ്യുന്നതിന് വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരുന്നത്. ഒപ്ര, ഇലോൺ മസ്ക്, മാർക്ക് സുക്കർബർഗ് തുടങ്ങിയ പ്രഗത്ഭ വ്യക്തിത്വങ്ങൾ അംഗങ്ങളായതോടെ ആപ്പിന്റെ ജനപ്രീതി വർദ്ധിച്ചു.
ആപ്പ് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഇൻവിറ്റേഷൻ ലഭിക്കുന്നതിലൂടെ മാത്രമേ പുതിയ ഒരാൾക്ക് ആപ്പിൽ അംഗമാകാൻ കഴിയൂ എന്നതാണ് ക്ലബ്ഹൗസിന്റെ മറ്റൊരു പ്രത്യേകത. പുതിയ ഉപയോക്താക്കൾക്ക് ആദ്യം രണ്ടു പേരെ മാത്രമേ ഇൻവൈറ്റ് ചെയ്യാൻ കഴിയുകയുള്ളൂ. എന്നാൽ, കൂടുതലായി ആപ്പ് ഉപയോഗിക്കുന്നതിനനുസരിച്ച് കൂടുതൽ പേരെ ഇൻവൈറ്റ് ചെയ്യാനുള്ള അവസരം ലഭിക്കും. 2021 ജനുവരിയിൽ പ്രതിവാരം ആപ്പ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം 2 ദശലക്ഷത്തോളമായിരുന്നു എന്ന് ക്ലബ് ഹൗസിന്റെ സി ഇ ഒയും സ്ഥാപകനുമായ പോൾ ഡേവിസൺ അറിയിച്ചിരുന്നു. ഫെബ്രുവരി 1 ആയപ്പോഴേക്കും ആഗോളതലത്തിൽ ക്ലബ് ഹൗസ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം 3.5 ദശലക്ഷമായും ഫെബ്രുവരി 15 ആയപ്പോഴേക്കും അത് 8.1 ദശലക്ഷമായും വർദ്ധിച്ചതായി കമ്പനി അവകാശപ്പെടുന്നു.
ഡിജിറ്റൽ വോയ്സ് ചാറ്റ് റൂമുകളിൽ നടക്കുന്ന സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യപ്പെടില്ല എന്ന് ക്ലബ്ഹൗസിന്റെ മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ സൗകര്യം ദുരുപയോഗം ചെയ്തുകൊണ്ട് ചില വ്യക്തികൾ ആപ്പിലൂടെ മറ്റുള്ളവരെ വ്യക്തിഹത്യ നടത്താനും ആക്ഷേപിക്കാനും തുടങ്ങിയത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ചാറ്റ് റൂമുകളിൽ തത്സമയം സംഭാഷണങ്ങൾ നടക്കുമ്പോൾ അത് റെക്കോർഡ് ചെയ്യപ്പെടുമെന്നും എന്നാൽ അവിടെ വെച്ചുതന്നെ എന്തെങ്കിലും പരാതികൾ ഉന്നയിക്കപ്പെട്ടാൽ മാത്രമേ റെക്കോർഡ് ചെയ്ത സംഭാഷണങ്ങൾ സൂക്ഷിച്ചു വെയ്ക്കുകയുള്ളൂ എന്നുമാണ് ക്ലബ്ഹൗസ് നൽകുന്ന വിശദീകരണം. തത്സമയ വോയ്സ് ചാറ്റിനിടയിൽ അത്തരം പരാതികളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ആ സെഷൻ അവസാനിക്കുന്നതോടെ റെക്കോർഡിങും നീക്കം ചെയ്യപ്പെടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.