• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'കുറ്റബോധത്തോടെയല്ലാതെ ശ്രീധന്യയെ അഭിനന്ദിക്കാൻ മലയാളിക്ക് എന്ത് അവകാശം?'; മാധ്യമപ്രവർത്തകന്റെ കുറിപ്പ് വൈറലാകുന്നു

'കുറ്റബോധത്തോടെയല്ലാതെ ശ്രീധന്യയെ അഭിനന്ദിക്കാൻ മലയാളിക്ക് എന്ത് അവകാശം?'; മാധ്യമപ്രവർത്തകന്റെ കുറിപ്പ് വൈറലാകുന്നു

ശ്രീധന്യയുടെ സിവിൽ സർവ്വീസ് വിജയത്തിൽ കുറ്റബോധം തോന്നുന്നുണ്ടോ ?

sreedhanya

sreedhanya

 • Share this:
  തിരുവനന്തപുരം: കേരളത്തിൽ ആദിവാസി വിഭാഗത്തിൽ നിന്നൊരാൾ ആദ്യമായാണ് സിവിൽ സർവ്വീസ് നേടുന്നത്. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടും മലയാളിക്ക് കുറ്റബോധം തോന്നുന്നില്ലെങ്കിൽ സമൂഹത്തിന് കാര്യമായ തകരാറുണ്ടെന്ന് തുറന്നെഴുതുതുകയാണ് മാധ്യമപ്രവർത്തകൻ കിരൺ ബാബു. വലിയ വായിൽ ആദിവാസി സഹതാപം വിളമ്പുന്ന കാപട്യക്കാരും തികഞ്ഞ ആത്മാർത്ഥതയോടെ ആദിവാസികൾക്കായി വാദിക്കുന്നവരും അറിഞ്ഞും അറിയാതെയും ചെയ്തതത് കൊടും പാതകമാണെന്നും കിരൺ ബാബു പറയുന്നു.

  ആർ. കിരൺബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

  ശ്രീധന്യയുടെ സിവിൽ സർവ്വീസ് വിജയത്തിൽ കുറ്റബോധം തോന്നുന്നുണ്ടോ ?
  കുറ്റബോധത്തോടെയല്ലാതെ ശ്രീധന്യയെ അഭിനന്ദിക്കാൻ മലയാളിക്ക് എന്ത് അവകാശം?

  കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്നൊരാൾ ആദ്യമായാണ് സിവിൽ സർവ്വീസ് നേടുന്നതെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടും മലയാളിക്ക് കുറ്റബോധം തോന്നുന്നില്ലെങ്കിൽ കാര്യമായ തകരാറുണ്ട് ഈ സമൂഹത്തിന്. ഇന്ന് മഹാഭൂരിപക്ഷം മലയാളികളും ജീവിക്കുന്നത് കാലങ്ങളായി മണ്ണിൻ ഉട​യോരെ കബളിപ്പിച്ച് കവർന്നെടുത്ത മുതലിലാണ്. ഈ നാണക്കേട് പുറത്തറിയിക്കാതിരിക്കാനുളള ശ്രമമാണ് അറിഞ്ഞും അറിയാതെയും നമ്മൾ നടത്തുന്നത്.
  ശ്രീധന്യയെ അഭിനന്ദിച്ചും കനിവ് പ്രകടിപ്പിച്ചും അപ്പനപ്പൂപ്പന്മാരുടെ കപട മാന്യത സംരക്ഷിക്കാനാണ് നമ്മൾ ബോധപൂർവ്വവും അല്ലാതെയും ശ്രമിക്കുന്നത്. അവർ അനർഹമായി കട്ടും തട്ടിപ്പറിച്ചും എടുത്ത മുതലിന്റെ പുറത്ത് കെട്ടിപടുത്തതാണ് മലയാളി മാന്യതയുടെ വലിയൊരു പങ്ക്.

  അഭിനന്ദിക്കേണ്ട എന്നല്ല, പക്ഷേ അതിനപ്പുറം തോന്നേണ്ടത് കുറ്റബോധം തന്നെയാണ്.

  ഇന്ത്യ സ്വതന്ത്രമായി ഏഴ് പതിറ്റാണ്ട് കഴിയേണ്ടി വന്നു വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിലെ പട്ടിക വർഗ വിഭാഗത്തിൽ നിന്നൊരാൾക്ക് സമൂഹത്തിന്റെ ഉന്നത ശ്രേണിയെന്ന് കരുതപ്പെടുന്ന അധികാര വൃത്തത്തിൽ കടക്കാൻ. കേരള ജനതയുടെ 1.45 ശതമാനം വരുന്ന (4,84,839) (Economic review 2016 ) സമൂഹത്തിൽ ഏറ്റവും കൊടിയ ദുരിതം അനുഭവിക്കേണ്ടി വരുന്ന വിഭാഗത്തെ ഇത്രകാലവും നമ്മൾ അടിച്ചമർത്തി ആട്ടിയകറ്റി നിത്തിയിരിക്കുകയായിരുന്നു. ഈ ഉത്തരവാദിത്വത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞു മാറാനാവില്ല.

  *ശ്രീധന്യതുറന്നുകാട്ടുന്നവഞ്ചന*

  സാക്ഷര സംസ്കാര കേരളം എന്ന അഭിമാനത്തിന്റെ പിന്നാമ്പുറങ്ങളിൽ നമ്മൾ ബോധപൂർവ്വം മറച്ചു പിടിച്ച കൊടും വഞ്ചനയാണ് ശ്രീധന്യ തുറന്നു കാട്ടുന്നത്.
  ശ്രീധന്യയെ പോലെ എത്രപേരുടെ അവസരങ്ങൾ നമ്മൾ കവർന്നെടുത്തു ?
  ക്ളാസ് ഫോർ തസ്തിക മുതൽ സിവിൽ സർവ്വീസ് വരെ എത്രയെത്രയോ ശ്രീധന്യമാരെ ചവിട്ടിയരച്ചതിന്റെ പാപഭാരം ഈ സമൂഹത്തിനുണ്ട്. എത്രയോ ശ്രീധന്യമാർക്ക് അവകാശപ്പെട്ട കസേരകളിലാണ് നമ്മളിൽ ഓരോരുത്തരും ഇരിക്കുന്നത്. ഞങ്ങൾ കഷ്​ടപ്പെട്ട് പഠിച്ച് നേടിയതാണ് ആരുടെയും ഒന്നും തട്ടിയെടുത്തതല്ല എന്ന് അഭിമാനിക്കുന്നവരോട്, എക്കാലവും കഷ്​ടപ്പെടാൻ മാത്രം നിങ്ങൾ വിധിച്ചവരുടെ കസേരകളാണ് തലമുറയായി കിട്ടിയ സൗകര്യങ്ങളുടെ ബലത്തിൽ നിങ്ങൾ കടന്നിരിക്കുന്നത്.

  മഹാഭൂരിപക്ഷം തൊഴിലും വരുമാന വഴികളുമുളള സ്വകാര്യ മേഖലയിലാണെങ്കിൽ മരുന്നിന് പോലും കണ്ടു പിടിക്കാൻ ഒരാളെയും കിട്ടില്ല. ഏറ്റവും വലിയ തൊഴിൽ മേഖലയായ സ്വകാര്യ മേഖലയിലെ നൂറു ശതമാനം അവസരങ്ങളും സംവരണം ചെയ്തിരിക്കുന്നത് സമൂഹത്തിലെ ഉന്നത വിഭാഗങ്ങൾക്ക് വേണ്ടിയാണ്. സംവരണത്തിന്റെ ഏറ്റവും വലിയ ആനുകൂല്യം അനുഭിക്കുന്നവരാണ് സംവരണത്തെ ഏറ്റവും അറപ്പോടെ കാണുന്നതും. സ്വകാര്യ മേഖലയിൽ പട്ടിക ജാതി വിഭാഗങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. ദളിതർക്കും പിന്നാക്കാർക്കും ചെറിയോരളവ് അവസരം നൽകുന്ന സർക്കാർ സംവിധാനത്തിലെ സംവരണം പോലും പലർക്കും ചൊറിച്ചിലാകുകയും അത് പുറത്തു പറയാൻ ഉളുപ്പില്ലാതാവുകയും ചെയ്യുന്ന കാലമാണ്. വോട്ടിനായി സംവരണത്തിൽ വെളളം ചേർക്കാൻ രാഷ്​ട്രീയ ഐക്യം രൂപപ്പെടുന്ന അശ്ളീലവും കണ്ടു.

  *കളളന്മാരുംകാൽപ്പനികരും*

  വർഷാവർഷം ആദിവാസി വിഭാഗങ്ങൾക്കായി നീക്കി വയ്ക്കുന്ന കോടികൾ തട്ടിയെടുക്കുന്ന ഭരണകൂടവും അധികാരികളും മാത്രമല്ല ഇതിന് ഉത്തരവാദികൾ. വരേണ്യ പൊതു സമൂഹത്തിലേക്ക് അവർ കടക്കാതിരിക്കാനായി കാടിന്റെ തനത് ജീവിത സാഹചര്യങ്ങളിൽ അവരെ തളച്ചിടണമെന്ന കാൽപ്പനിക സഹതാപം വിളമ്പുന്ന നിഷ്കളങ്കരും അല്ലാത്തവരുമായ ആദിവാസി സമുദ്ധാരകർക്കും ഇതിൽ ഉത്തരവാദിത്വം ഉണ്ട്. വലിയ വായിൽ ആദിവാസി സഹതാപം വിളമ്പുന്ന കാപട്യക്കാരും തികഞ്ഞ ആത്മാർത്ഥതയോടെ ആദിവാസികൾക്കായി വാദിക്കുന്നവരും അറിഞ്ഞും അറിയാതെയും ചെയ്തതത് കൊടും പാതകമാണ്. കാടിന്റെ ഭാഗമായ ആദിവാസികളെ പരമ്പരയായി അവർ ജീവിച്ച കാടിന്റെ സാഹചര്യങ്ങളിൽ നിന്നും പൊതു സമൂഹത്തിന്റെ കാപട്യത്തിലേക്ക് കൊണ്ടുവരരുത് എന്ന് വാദിച്ചവരാണ് ഭൂരിഭാഗം ആദിവാസി സ്നേഹികളും. അവരിങ്ങനെ കാടിന്റെ നൈർമ്മല്യത്തിൽ
  കാഴ്ച്ച ബംഗ്ളാവിലെ മൃഗങ്ങളെ പോലെ സുഭിക്ഷമായി ജീവിക്കുന്നത് കാണാനാണ് ഇവരും ആഗ്രഹിച്ചത്. പൊതു സമൂഹത്തിലേക്ക്, ഗ്രാമങ്ങളിലേക്ക്, നഗരങ്ങളിലേക്ക് വന്നാൽ അവർക്ക് ശ്വാസം മുട്ടുമെന്നും തനത് പ്രകൃതിയിൽ അവർക്കും വരും തലമുറകൾക്കും ജീവിക്കാൻ അവസരം ഒരുക്കണമെന്നുമാണ് ഇവരിൽ പലരും വാദിച്ചതും ഒരു പരിധിയോളം നടപ്പാക്കിയതും. ഇവരുടെ ആത്മാർത്ഥതയെ ഒരിക്കലും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഇവരോട് ഒന്നേ ചോദിക്കാനുളളു. ഇന്നീ കാണുന്ന നമ്മുടെ എല്ലാവരുടെയും പത്തോ ഇരുപതോ അതുമല്ലെങ്കിൽ നൂറോ നൂറ്റമ്പതോ തലമുറ പിന്നിലേക്ക് പോയാൽ നമ്മുടെ അന്നത്തെ തന്തതളളമാരും ഇതു പോലെ കാടിന്റെ പരിശുദ്ധിയിൽ ജീവിച്ചിരുന്നവരാണ്. ലോകം മാറിയതിന് ഒപ്പം അവർ ക്രമേണ മാറി മാറിയാണ് ഇന്നീ കാണുന്ന സമൂഹം രൂപപ്പെട്ടത്. അല്ലെങ്കിൽ നമ്മളും ഇതു പോലെ കാട്ടിൽ ദുരിതങ്ങളിൽ കഴിഞ്ഞേനെ. അത്രയൊന്നും പിന്നോട്ട് പോകണമെന്നില്ല കഷ്​ടിച്ച് ഒന്നോ ഒന്നരയോ നൂറ്റാണ്ട് പിന്നിലേക്ക് ഒന്ന് നോക്കിയാലും മതി. സമൂഹത്തിൽ അധികാരം ഉറപ്പിക്കാനായി ബ്രാഹ്മണ്യം സൃഷ്​ടിച്ച ജാതി ശ്രേണിയിൽ ഏറ്റവും മുകൾ തട്ട് ഒഴികെ താഴേക്ക് താണ് താണ് ഒടുവിൽ മനുഷ്യരായി പോലും ഗണിക്കാതിരുന്ന മണ്ണിൽ പണിയെടുത്തിരുന്നവർ വരെയുളള വിവിധ വിഭാഗം മനുഷ്യരുടെ പിൻതലമുറക്കാർ അന്നത്തെ ജീവിതം തുടർന്നിരുന്നെങ്കിൽ കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ഇന്ന് അടിമകളായി തുടർന്നേനെ. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് ജനങ്ങൾ കുടിയേറി തന്നെയാണ് പിന്നാക്കം നിന്ന ജനത മുന്നോട്ട് നട​ന്നത്. ജീവിത ഗതികേടു കൊണ്ട് ഇങ്ങനെ മാറിയ തലമുറകൾ അനുഭവിച്ച അന്യതാ ബോധത്തിൻെറയും അന്യവൽക്കരണത്തിന്റെയും പ്രതിഫലം കൂടിയാണ് അവരുടെ വരും തലമുറ അനുഭവിക്കുന്നത്. പൊതു സമൂഹത്തിൽ നിന്നകറ്റി ആദിവാസി വിഭാഗങ്ങളെ കാട്ടിൽ തളച്ചിടുന്ന കാലത്തോളം ആദിവാസി ജീവിതം ഇങ്ങനെയാെക്കെ തന്നെ തുടരും. കാട്ടിലെ ശുദ്ധ വായു ശ്വസിച്ചും ശുദ്ധ ജലം കുടിച്ചും വിഷം കലരാത്ത കായ്​കനികൾ തിന്നും പരമ്പരയായി ജീവിച്ചവരെ വിഷപ്പുകയും ക്ളോറിൻ വെളളവും കീടനാശിനി അടിച്ച പച്ചക്കറികളും മാത്രമുളള നാട്ടിലേക്ക് പറിച്ചു നടുന്നത് കൊടും ക്രൂരതയാണെന്ന് വാദിക്കുന്നവർ ഉണ്ടാകും. കാട്ടിലെ ഈ പരിശുദ്ധ ജീവിത സാഹചര്യത്തിൽ ജീവിക്കുന്നവരുടെ ആയുർ ദൈർഘ്യത്തിന്റെ ഇരട്ടിയോളമാണ് വിഷത്തിന് നടുവിൽ ജീവിക്കുന്നവരുടെ ആയുർ ദൈർഘ്യം എന്ന സ്ഥിതി വിവര കണക്ക് മാത്രമാണ് ഇവർക്ക് മറുപടി. ഒറ്റയടിക്ക് കാട്ടിലുളള എല്ലാവരെയും ഫ്ളാറ്റ് കെട്ടി നഗര മധ്യത്തിലേക്ക് മാറ്റണമെന്നല്ല, ഇനി അങ്ങനെ മാറ്റിയാലും ഇപ്പോൾ അവർ അനുഭിക്കുന്ന ദുരിതങ്ങളേക്കാൾ വലുതൊന്നും വരാനില്ല. പൊതു സമൂഹത്തിന്റെ ഭാഗമാകുന്നതോടെ വരും തലമുറ ഇപ്പോഴത്തെ പിന്നാക്കാവസ്ഥകളിൽ നിന്നു മാറും. പൊതു ജീവിത സൗകര്യങ്ങളും സാധ്യതകളും ഇവർക്ക് മുന്നിൽ തുറന്നു വരും. അവരിൽ നിന്നും സർക്കാർ ജോലിക്കാരും വ്യവസായികളും നേതാക്കളും എം എൽ എമാരും മന്ത്രിമാരും ഉണ്ടാകും. വിവിധ ആദിവാസി വിഭാഗങ്ങളിൽ ഇന്നും അതിശക്തമായി നിലനിൽക്കുന്ന ജാതി വിവേചനവും വലിയൊരു പരിധിയോളം മാറും. അർഹമായ പ്രാതിനിധ്യം ഒരു മേഖലയിലും ഇന്നും ഉറപ്പായിട്ടില്ലെങ്കിലും വലിയൊരു പരിധിയോളം മുന്നാക്കം നടക്കാൻ പട്ടിക ജാതി വിഭാഗങ്ങൾക്ക് കഴിഞ്ഞതിലും ഇത്തരം ഒരു മാറ്റം കാണാനാകും. നിർണായകമായ പല കാരണങ്ങൾക്ക് ഒപ്പം പൊതു സമൂഹത്തിന്റെ ഭാഗമായതു കൊണ്ട് കൂടിയാണ് ഒരു പരിധി വരെ മുന്നേറാൻ പട്ടിക ജാതി വിഭാഗങ്ങൾക്ക് കഴിഞ്ഞത്. ഇനിയും യഥാർത്ഥ്യബോധം മാറ്റി വച്ച് ശ്രീധന്യമാരുടെ നേട്ടത്തിൽ അഭിമാനം കൊണ്ടും അഭിനന്ദിച്ചും ആദിവാസി സമൂഹത്തിന് സഹതാപ സഹായങ്ങൾ നൽകിയും മുന്നോട്ടു പോകാനാണ് കേരളം തീരുമാനിക്കുന്നതെങ്കിൽ ഒരിക്കൽ നമ്മൾ വിചാരണ ചെയ്യപ്പെടും. അത് മറക്കരുത് . കവർച്ച കാശിൽ നിന്നൊരു വിഹിതം ദാനം നൽകി എക്കാലവും രക്ഷപെടാൻ ഒരു കൊളളക്കാരനും കഴിയില്ല. അഭിമാനമുളളവന് പൊളളണം. തെറ്റു തിരുത്തണം.
  #അഭിമാനമുളളവന്പൊളളണംതെറ്റുതിരുത്തണം

  First published: