ബോളിവുഡിലെ വിവാഹ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ആലിയ-റൺബീർ വിവാഹത്തിനു ശേഷം മറ്റൊരു വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ് ബോളിവുഡിൽ നിന്ന് വരുന്നത്. വരനായി എത്തുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലും( KL Rahul).
ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയും കെഎൽ രാഹുലും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തു വന്നിട്ട് നാളുകളേറെയായി. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ആതിയയും രാഹുലും പ്രണയ ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്.
ഇരുവരുടേയും വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് വാർത്തകൾ. ഈ വർഷം തന്നെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വർഷാവസാനമായിരിക്കും വിവാഹം നടക്കുക. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും വാർത്തകൾ പറയുന്നു. പിങ്ക് വില്ല റിപ്പോർട്ട് അനുസരിച്ച് ദക്ഷിണേന്ത്യൻ ആചാര പ്രകാരമായിരിക്കും രാഹുലും ആതിയയും തമ്മിലുള്ള വിവാഹം.
കെഎൽ രാഹുലിനെ സുനിൽ ഷെട്ടിയും ഭാര്യയും മരുമകനായി സ്വീകരിക്കാൻ സമ്മതം അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മാംഗ്ലൂരിലെ തുളു ഭാഷക്കാരനാണ് സുനിൽ ഷെട്ടി. കെഎൽ രാഹുലും മാംഗ്ലൂർ സ്വദേശിയാണ്. അതിനാൽ ദക്ഷിണേന്ത്യൻ രീതിയിലായിരിക്കും വിവാഹം നടക്കുക.
അതേസമയം, വാർത്തകളുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഉടൻ സ്ഥിരീകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കഴിഞ്ഞ വർഷമാണ് രാഹുലും ആതിയയും തങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ ഒന്നിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു.
അടുത്തിടെ രാഹുലിന്റെ മുപ്പതാം പിറന്നാളിന് ആതിയ പ്രണയാതുരമായ കുറിപ്പും പങ്കുവെച്ചിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.