• HOME
  • »
  • NEWS
  • »
  • buzz
  • »
  • Whistling Village | ചൂളമടിക്കുന്ന ഗ്രാമം; കോങ്‌തോങിനെക്കുറിച്ച് അറിയാമോ?

Whistling Village | ചൂളമടിക്കുന്ന ഗ്രാമം; കോങ്‌തോങിനെക്കുറിച്ച് അറിയാമോ?

'വിസില്‍ വില്ലേജ് ഓഫ് ഇന്ത്യ' എന്നാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. ഇവിടുത്തെ ഗ്രാമവാസികള്‍ക്ക് അവരുടെ പേരുകള്‍ക്കൊപ്പം ഓരോ ഈണവും ഉണ്ടെന്നുള്ളതാണ് ഇതിന് പിന്നിലെ കാരണം.

  • Last Updated :
  • Share this:
    മേഘാലയയിലെ ലിവിംഗ് റൂട്ട് ബ്രിഡ്ജ് (Living Root Bridge ) മുതല്‍ കര്‍ണാടകയിലെ (Karnataka) ഹക്കി പിക്കി (Hakki Pikki ) ആദിവാസി ഗ്രാമം വരെ യാത്രാപ്രേമികളെ ആകർഷിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. ഷില്ലോങ്ങിനടുത്തുള്ള (Shillong) കോങ്തോങ് (Kongthong) ഗ്രാമം ഇത്തരത്തില്‍ ഒന്നാണ്.

    തലസ്ഥാന നഗരമായ ഷില്ലോങ്ങില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തില്‍ ആകെ വെറും 900 പേരാണ് ജീവിക്കുന്നത്.

    'വിസില്‍ വില്ലേജ് ഓഫ് ഇന്ത്യ' എന്നാണ് ഈ ഗ്രാമം അറിയപ്പെടുന്നത്.
    ഇവിടുത്തെ ഗ്രാമവാസികള്‍ക്ക് അവരുടെ പേരുകള്‍ക്കൊപ്പം ഓരോ ഈണവും ഉണ്ടെന്നുള്ളതാണ് ഇതിന് പിന്നിലെ കാരണം. പ്രകൃതി സൗന്ദര്യത്തിന് പുറമെ, അതിവിശിഷ്ടമായ പാരമ്പര്യവും കോങ്തോങ്ങിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നു. .

    ഇവിടെ ജനിക്കുന്ന നവജാതശിശുക്കള്‍ക്ക് പേരിടുന്നതിനൊപ്പം ഓരോ ഈണവും ഗ്രാമവാസികള്‍ നല്‍കുന്നുണ്ട്. പേരിനൊപ്പമുളള ഈണങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം വിളിക്കുന്നത്.

    ഷില്ലോങ്ങില്‍ നിന്ന് ഏകദേശം 53 കിലോമീറ്റര്‍ അകലെയുളള കോങ്തോങ്ങിലേക്ക് മൂന്ന് മണിക്കൂര്‍ യാത്രയുണ്ട്. കിഴക്കന്‍ ഖാസി കുന്നുകള്‍ക്കിടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസത്തിനായി ചെറിയ കുടിലുകള്‍ ലഭിക്കും. സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

    ഈ ഗ്രാമത്തില്‍, ഒരു കുഞ്ഞ് ജനിക്കുമ്പോള്‍, അമ്മ കുഞ്ഞിനായി പ്രത്യേക രാഗമോ താരാട്ടുപാട്ടോ കണ്ടെത്തും. തുടര്‍ന്ന് കുഞ്ഞിന്റെ ചെവിയില്‍ അമ്മ ഈ ഈണം ആലപിക്കുകയും അത് കുഞ്ഞിന്റെ പേരായി മാറുകയുമാണ് പതിവ്.

    കോങ്തോങ് ഗ്രാമവാസികള്‍ ഈ പാരമ്പര്യത്തെ ജിംഗര്‍വായ് ലോബെയ് എന്നാണ് വിളിക്കുന്നത്. അമ്മയുടെ സ്‌നേഹഗാനം എന്നാണ് ഇതിന്റെ അര്‍ത്ഥം. ആദ്യം അമ്മ ഈണം നൽകുമെങ്കിലുംരണ്ടാമത് കുട്ടി ഇതിൽ മാറ്റങ്ങൾ വരുത്തും.കുട്ടി വളരുമ്പോള്‍, മാതാപിതാക്കള്‍ക്കും ഗ്രാമവാസികള്‍ക്കും അവരെ വിളിക്കാന്‍ അവര്‍ തന്നെ സ്വന്തമായി ഒരു ട്യൂണ്‍ ഉണ്ടാക്കും.

    ചുറ്റുപാടും നിന്ന് ചൂളമടിക്കുന്നതും കൂക്കി വിളിക്കുന്നതും ഈ ഗ്രാമം സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കും. കുട്ടികളെ ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് വിളിക്കുന്നതിനോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ തമ്മിലോ ആണ് ഇത്തരത്തിൽ കൂക്കിവിളിക്കുന്നത്.

    അതേസമയം, ഈ ശൈലി തലമുറകളായി ഇവിടെയുള്ളവർ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ സഹായിക്കുന്നതായാണ് പറയപ്പെടുന്നത്. അതേസമയം, ഈ തനതായ പാരമ്പര്യത്തിന്റെ ഉത്ഭവം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് ഗ്രാമം നിലവിൽ വന്ന കാലം മുതല്‍ ഉണ്ടെന്നാണ് വിശ്വസിച്ച് പോരുന്നത്.

    കഴിഞ്ഞ വര്‍ഷം നവംബറില്‍, ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ വിഭാഗത്തിലേക്കുള്ള രാജ്യത്തിന്റെ എന്‍ട്രിയായി കോങ്തോങ്ങിനെ തിരഞ്ഞെടുത്തിരുന്നു.
    Published by:Amal Surendran
    First published: