പ്രശസ്ത കാർട്ടൂൺ കഥാപാത്രമായ ഡൊണാള്‍ഡ് ഡക്കിന് (Donald Duck) ഇന്ന് 88 വയസ്സ് തികയുകയാണ്. 1934 ജൂണ്‍ 9 ആണ് ഡൊണാള്‍ഡ് ഡക്കിന്റെ ജൻമദിനം. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ എല്ലാവരുടെയും പ്രിയങ്കരനായി മാറിയ കഥാപാത്രമാണ് ഡൊണാള്‍ഡ് ഡക്ക് (Donald duck). വാള്‍ട്ട് ഡിസ്നിയുടെ (Walt Disney) ദി വൈസ് ലിറ്റില്‍ ഹെന് (TWLH) എന്ന കോമഡി ചിത്രത്തിലൂടെയായിരുന്നു ഡൊണാള്‍ഡ് ഡക്കിന്റെ അരങ്ങേറ്റം.
തന്റെ കൈയിലുള്ള ചോളം നടാന്‍ ഡൊണാള്‍ഡ് ഡക്കിനോടും പീറ്റര്‍ പിഗിനോടും കോഴി ആവശ്യപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ഇരുവരും ജോലി ചെയ്യാന്‍ മടിച്ചു നില്‍ക്കുകയാണ്. ദ ലിറ്റില്‍ റെഡ് ഹെന് എന്ന അമേരിക്കന്‍ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കാര്‍ട്ടൂണ്‍. കഠിനാധ്വാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഇതില്‍ പറയുന്നത്. 7 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമാണിത്.
വെളുത്ത നിറവും നാവികന്മാരുടേതിന് സമാനമായ കോട്ടും തൊപ്പിയും ടൈയും ആണ് ഡൊണാള്‍ഡ് ഡക്കിന്റെ വേഷം. ഡൊണാള്‍ഡിന്റെ ചുണ്ടിന് മഞ്ഞ നിറമാണുള്ളത്. ഈ ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രത്തിലേക്ക് ആരാധകരെ ആകര്‍ഷിച്ചത് അതിന്റെ സ്വഭാവവും, സംസാരരീതിയും വികൃതിയും, പൊങ്ങച്ചം പറയുന്ന പെരുമാറ്റമാണ്. കുഴിമടിയനും പെട്ടെന്ന് ദേഷ്യം വരുന്ന കഥാപാത്രവുമാണ് ഡൊണാള്‍ഡ് ഡക്ക്. ഇതെല്ലാം ഡൊണാള്‍ഡ് ഡക്കിനെ ഹിറ്റാക്കി.
150 ഓളം തിയറ്റര്‍ സിനിമകളില്‍ ഡൊണാള്‍ഡ് ഡക്ക് കഥാപാത്രമായിട്ടുണ്ട്. കൂടാതെ, ലോകത്തെ കോമിക് പുസ്തകങ്ങളില്‍ ഏറ്റവുമധികം പ്രസിദ്ധീകരിക്കപ്പെട്ട ഒരു കഥാപാത്രം കൂടിയാണ് ഡൊണാള്‍ഡ്. എന്നാല്‍ ഡൊണാള്‍ഡ് ഡക്കിന് ഒരു മിഡിൽ നെയിം കൂടി ഉണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ഡിസ്നിയാണ് ഒരു ചിത്രം പങ്കുവെച്ച് കൊണ്ട് ഈ രഹസ്യം വെളിപ്പെടുത്തിയത്. ഡൊണാള്‍ഡ് ഫോണ്ട്ലറി ഡക്ക് (donald fauntleroy duck) എന്നാണ് ഡൊണാള്‍ഡിന്റെ യഥാര്‍ത്ഥ പേര്. ഡൊണാള്‍ഡ് ഡക്കിനെ കുറിച്ചുള്ള മറ്റ് വസ്തുതകള്‍ എന്തൊക്കെയെന്ന് നോക്കാം.
ഡൊണാള്‍ഡ് ഡക്കിനെ കുറിച്ചുള്ള രസകരമായ വസതുതകള്‍:
1. ദ വൈസ് ലിറ്റില്‍ ഹെന് എന്ന സിനിമയുടെ വിതരണക്കാരായ യുണൈറ്റഡ് ആര്‍ട്ടിസ്റ്റ് 1934 ജൂണ്‍ 9നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിന് ഒരു മാസം മുമ്പ് (മെയ് 30) ലോസ് ഏഞ്ചല്‍സിലെ കാര്‍ത്തേ സര്‍ക്കിള്‍ തിയേറ്ററില്‍ ഒരു പ്രോഗ്രാമിന്റെ ഭാഗമായി ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചു.
2. ജൂണ്‍ 7-ന് റേഡിയോ സിറ്റി മ്യൂസിക് ഹാളില്‍ (ന്യൂയോര്‍ക്ക്) ദ വൈസ് ലിറ്റില്‍ ഹെന് ഔദ്യോഗികമായി പ്രദര്‍ശനം നടത്തി.
3. വില്‍ഫ്രഡ് ജാക്സണാണ് ദ വൈസ് ലിറ്റില്‍ ഹെന് സംവിധാനം ചെയ്തത്. ഒരു ആനിമേറ്ററായ അദ്ദേഹം നിരവധി അമേരിക്കന്‍ ആനിമേറ്റഡ് സീരീസുകള്‍ സംവിധാനം ചെയ്യുകയും അക്കാദമി അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
4. 1935 ല്‍ ദി ബാന്‍ഡ് കണ്‍സേര്‍ട്ട് പുറത്തിറങ്ങുന്നത് വരെ ദ വൈസ് ലിറ്റില്‍ ഹെന് ഡൊണാള്‍ഡിന്റെ ഏക കളര്‍ ചിത്രമായിരുന്നു ഇത്.
5. ഡൊണാള്‍ഡിന് ആദ്യമായി ശബ്ദം നല്‍കിയത് ക്ലാരന്‍സ് നാഷ് ആണ്. 50 വര്‍ഷത്തോളം നാഷിന്റെ ശബ്ദത്തിലൂടെയാണ് ഡൊണാള്‍ഡ് സംസാരിച്ചത്. ഒരു ഡോക്ടറാകാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം, എന്നാല്‍, ഡൊണാള്‍ഡിന് ശബ്ദം നല്‍കിയതിനു ശേഷം കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.
6. 2002-ല്‍ ടിവി ഗൈഡ് പട്ടികയിലെ എക്കാലത്തെയും മികച്ച 50 കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ ഡൊണാള്‍ഡ് ഡക്ക് ഇടംപിടിച്ചു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.