ബ്രഹ്മപുരം (Brahmapuram) മാലിന്യപ്ലാന്റിലെ തീപിടുത്തത്തിന് കാരണക്കാർ ആരെന്ന ചോദ്യവുമായി നടൻ കൃഷ്ണകുമാർ. സാധനങ്ങൾക്ക് തീപിടിച്ച വിലയുമായി ഇറങ്ങിയ ബജറ്റിന് ശേഷം, നികുതി കൊടുക്കേണ്ട എന്നുണ്ടായിരുന്നത് ശ്വസിക്കാനുള്ള വായുവിന് മാത്രമായിരുന്നു എന്നും എന്നാലിപ്പോൾ ശ്വസിക്കാൻ സ്വന്തം ജീവൻ പണയംവെക്കേണ്ട സ്ഥിതിയാണെന്നും കൃഷ്ണകുമാർ. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ചുവടെ:
“ഒരു മാസവും രണ്ടു ദിവസങ്ങൾക്കും മുൻപ് നമ്മുടെ നാട്ടിലൊരു ചരിത്രസംഭവം നടന്നു. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒറ്റയടിക്ക് ശ്വാസംമുട്ടിക്കുന്ന നടപ്പുസാമ്പത്തികവർഷത്തെ ബജറ്റ് ധനമന്ത്രി സഭയിൽ അവതരിപ്പിച്ചു. ആശ്വസിക്കാനായി ഒരേയൊരു കാര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ — ശ്വസിക്കാൻ നികുതികൊടുക്കേണ്ട എന്നുള്ളത്.
എന്നാലിന്നോ? ശ്വസിക്കാൻ സ്വന്തം ആരോഗ്യവും ഒരു പക്ഷെ ജീവൻ പോലും കൊടുക്കേണ്ട അവസ്ഥയിലാണ് കൊച്ചിയിലെ നമ്മുടെ സഹോദരങ്ങൾ. നരേന്ദ്ര മോദിയോ ഉത്തരേന്ത്യൻ ഫാസിസമോ ആണോ കാരണം? അതോ താഴെപ്പറയുന്നതിൽ ഏതെങ്കിലുമോ?
1 മാലിന്യം സംസ്കരിക്കാൻ കോൺട്രാക്ട് എടുത്തിരുന്ന കമ്പനി, ഉത്തരവാദിത്വത്തോടെ അത് നടത്തിയിരുന്നോ? ഓർക്കണം, കോടികളുടെ ഇടപാടുകളാണ് ഇതിന്റെയും പുറകിൽ. എന്തെങ്കിലും തരത്തിലുണ്ടായിട്ടുള്ള വീഴ്ചകൾ, അവയുടെ തെളിവുകൾ, എല്ലാം എന്നെന്നേക്കുമായി പുകച്ചുരുളുകളായി മാറിക്കഴിഞ്ഞിരിക്കുന്നു. കള്ളന്മാർക്കും കുറ്റവാളികൾക്കും അഗ്നിശുദ്ധി വരുത്താൻ എന്തെളുപ്പം!
View this post on Instagram
2 ബ്രഹ്മപുരം പരിസരത്തുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ. അവരിൽ റിയൽ എസ്റ്റേറ്റ് മാഫിയയുടെ പങ്കും സ്വാഭാവികമായും ഉറപ്പാക്കാം. കാക്കനാടിനടുത്തുള്ള ഈ മാലിന്യതലസ്ഥാനം ഇവിടെനിന്നും എന്നെന്നേക്കുമായി മാറ്റാൻ വഴിവിട്ട രീതിയിൽ ചിന്തിക്കുന്ന ഒരു വിഭാഗം ആൾക്കാർ?
3 അന്യന്റെ ദുരിതത്തിൽ ആനന്ദം കാണുന്ന ചില സാമൂഹ്യദ്രോഹികൾ. കുടിലബുദ്ധിക്കാരായ രാഷ്ട്രീയക്കാരുടെ കയ്യിൽച്ചെന്നുപെടുന്ന ഇത്തരക്കാരുമാവാം ഇതുപോലെയുള്ള സംഭവങ്ങളുടെ പിറകിൽ.
എന്തുതന്നെയായാലും ഇവിടെ പിഴവുപറ്റി പകച്ചുനിൽക്കുന്നത് സംസ്ഥാനവും, കൊച്ചി കോർപ്പറേഷനും ഭരിക്കുന്ന ഇടതുപക്ഷപ്പാർട്ടികളാണ്. പിന്നെ, സായിപ്പിനെ കാണുമ്പോൾ കവാത്തുമറന്നുപോകുന്ന മാധ്യമങ്ങളും, ചില പ്രത്യേക ഇനം സാംസ്കാരിക നായകന്മാരും.
പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഞാനിനി നിങ്ങൾക്ക് ഒന്നുകൂടി വിശദീകരിച്ചുതരേണ്ട കാര്യമില്ല. ശ്വാസകോശങ്ങളേയും, ചർമ്മത്തെയും, മറ്റ് ആന്തരാവയവങ്ങളെയും ഗുരുതരമായി ബാധിക്കുന്ന — അർബുദരോഗം പോലും ഉണ്ടാക്കാൻ കഴിവുള്ള നിരവധി ടോക്സിനുകൾ ആണ് അന്തരീക്ഷത്തിൽ കഴിഞ്ഞ നാലുദിവസങ്ങൾക്കു മുകളിലായി പടർന്നുനിൽക്കുന്നത്. (കത്തുന്ന അവസ്ഥയിൽ ഇ-ടോക്സിനുകളും മറ്റും മനുഷ്യരുടെ ജനിതക ഘടനയിൽ തന്നെ മാറ്റങ്ങൾ (മ്യൂറ്റേഷൻ) വരുത്താനും, തന്മൂലം അത്യന്തം മാരകമായ അരോഗ്യപ്രശ്നങ്ങളിലേക്ക് ഒരു സമൂഹത്തെ മുഴുവനായും തള്ളിവിടാനും സാധ്യതയുള്ളവയാണെന്ന് പഠനങ്ങൾ പണ്ടേ തെളിയിച്ചിട്ടുള്ളതാണ്.”
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.