HOME » NEWS » Buzz » KUMMANAM RAJASEKHARAN FACEBOOK POST ON MARADU FLAT DEMOLISHING

'നിലംപൊത്തുന്ന ആ കെട്ടിടസമുച്ചയങ്ങള്‍ ഒരു മുന്നറിയിപ്പാണ്'; കേരളത്തിന് നാളെ സുപ്രധാന ദിവസമെന്ന് കുമ്മനം രാജശേഖരൻ

''നിയമങ്ങള്‍ മറികടന്ന് എങ്ങനെ ഫ്ളാറ്റുകള്‍ പണിയാൻ അനുമതി ലഭിച്ചു എന്ന ചോദ്യം അവശേഷിക്കെത്തന്നെ പരിസ്ഥിതി സംരക്ഷണത്തില്‍ ഒരു നാഴികക്കല്ലായ വിധി നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍ സംയോജിച്ച് അക്ഷീണം പ്രവര്‍ത്തിക്കുന്നത് സ്വാഗതാര്‍ഹമാണ്.''

News18 Malayalam | news18-malayalam
Updated: January 10, 2020, 4:17 PM IST
'നിലംപൊത്തുന്ന ആ കെട്ടിടസമുച്ചയങ്ങള്‍ ഒരു മുന്നറിയിപ്പാണ്'; കേരളത്തിന് നാളെ സുപ്രധാന ദിവസമെന്ന് കുമ്മനം രാജശേഖരൻ
കുമ്മനം രാജശേഖരൻ
  • Share this:
മരടിലെ നിലംപൊത്തുന്ന ആ കെട്ടിട സമുച്ചയങ്ങൾ പരിസ്ഥിതിക്ക് ആഘാതമേല്പിക്കുന്നവർക്കുള്ള മുന്നറിയിപ്പും താക്കീതുമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. വരുംകാലങ്ങളില്‍ ഈ തെറ്റ് ആരും ആവര്‍ത്തിക്കാതിരിക്കട്ടെ. പ്രകൃതിയെ പരിഗണിക്കാതെ മനുഷ്യര്‍ക്ക് ഇനി മുന്നോട്ട് ജീവിക്കാൻ കഴിയില്ല എന്നാണ് ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ പഠിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. രാഷ്ട്രീയ, സാമൂഹിക, ജാതിമത വ്യത്യാസങ്ങള്‍ മറന്ന് ഭൂമിയെന്ന നമ്മുടെ വീടിനെ കാത്തുരക്ഷിക്കാനുള്ള പ്രവര്‍ത്തികളാണ് നിലനില്‍പ്പിനായി ഇനി നാം ചെയ്യേണ്ടത്. അതിലേയ്ക്കുള്ള ഒരു ചുവടുവയ്പ്പാണ് നിയമങ്ങള്‍ പാലിക്കാതെ പണിതുയര്‍ത്തിയ ഫ്ളാറ്റുകളുടെ പതനമെന്നും കുമ്മനം കുറിച്ചു.

Also Read- പൊളിക്കൽ മരടിൽ തീരില്ല; ആലപ്പുഴ കാപികോ റിസോർട്ട് ഉടൻ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളെത്ത സംബന്ധിച്ച് നാളെ ഒരു സുപ്രധാന ദിവസമാണ്. തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ പണിതുയര്‍ത്തിയ നാല് ഫ്ളാറ്റ് ‍ സമുച്ചയങ്ങൾ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നാളെ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റുകയാണ്. നിയമങ്ങള്‍ മറികടന്ന് എങ്ങനെ ഫ്ളാറ്റുകള്‍ പണിയാൻ അനുമതി ലഭിച്ചു എന്ന ചോദ്യം അവശേഷിക്കെത്തന്നെ പരിസ്ഥിതി സംരക്ഷണത്തില്‍ ഒരു നാഴികക്കല്ലായ വിധി നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍ സംയോജിച്ച് അക്ഷീണം പ്രവര്‍ത്തിക്കുന്നത് സ്വാഗതാര്‍ഹമാണ്.

വീടുകള്‍ നഷ്ടെപ്പട്ട ആളുകളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. അവര്‍ക്ക് തക്കതായ നഷ്ടപരിഹാരം സംസ്ഥാനസര്‍ക്കാര്‍ മുൻകൈയെടുത്ത് നല്‍കുമെന്നാണ് പ്രതീക്ഷ. ഫ്ളാറ്റുകളുമായി യാതൊരു ബന്ധവുമില്ലാത്ത പരിസരവാസികള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

പിൻതുടരാൻ കേരളത്തില്‍ മുൻ മാതൃകകൾ ഇല്ലാത്ത ഉദ്യമമാണ് നാളെ നടക്കാൻ പോകുന്നത്. അതിനാല്‍ത്തന്നെ കൃത്യമായ തയ്യാറെടുപ്പുകള്‍ ഉദ്യോഗസ്ഥര്‍ നടത്തിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്‍റെ റവന്യൂ, പൊതുമരാമത്ത്, ആഭ്യന്തര വകുപ്പുകള്‍, ജില്ലാഭരണകൂടം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷൻ (പെസൊ) എന്നിവയുടെ ഉദ്യോഗസ്ഥര്‍ രാപകലില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

ജില്ലാ കളക്ടര്‍ എസ് സുഹാസ്, മരട് മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ അധികചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങ്, ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ആര്‍ വേണുഗോപാല്‍, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

സ്ഫോടനങ്ങളുടെ മേല്‍നോട്ടം വഹിക്കുകയും കരാര്‍ കമ്പനികൾക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന പെസൊയുടെ സേവനമാണ് ഇതില്‍ എടുത്തുപറയേണ്ടത്. 128 വർഷത്തെ അനുഭവസമ്പത്തുള്ള പെസൊയുടെ അനുമതിയില്‍ നടത്തുന്ന എക്സ്പ്ലോഷൻസ് ശുഭമായി പര്യവസാനിക്കും എന്നാണ് പ്രതീക്ഷ.

കേരള ജനത ആകാംഷയോടെ കാത്തിരിക്കുന്ന മണിക്കൂറുകളാണ് ഇനി. നിലംപൊത്തുന്ന ആ കെട്ടിടസമുച്ചയങ്ങള്‍ ഒരു മുന്നറിയിപ്പാണ്. വരുംകാലങ്ങളില്‍ ഈ തെറ്റ് ആരും
ആവര്‍ത്തിക്കാതിരിക്കട്ടെ. പ്രകൃതിയെ പരിഗണിക്കാതെ മനുഷ്യര്‍ക്ക് ഇനി മുന്നോട്ട് ജീവിക്കാൻ കഴിയില്ല എന്നാണ് ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ പഠിപ്പിക്കുന്നത്.

മനുഷ്യന്‍റെ തന്നെ ചെയ്തികള്‍ കാട്ടുതീയായും ന്യൂനമര്‍ദ്ദമായും വരള്‍ച്ചയായും പേമാരിയായും ഒക്കെ ഇന്നേവരെ കിട്ടില്ലാത്തത്ര ഉഗ്രശേഷിയില്‍ തിരിച്ചടിക്കുന്നു.

രാഷ്ട്രീയ, സാമൂഹിക, ജാതിമത വ്യത്യാസങ്ങള്‍ മറന്ന് ഭൂമിയെന്ന നമ്മുടെ വീടിനെ കാത്തുരക്ഷിക്കാനുള്ള പ്രവര്‍ത്തികളാണ് നിലനില്‍ പ്പിനായി ഇനി നാം ചെയ്യേത്.

അതിലേയ്ക്കുള്ള ഒരു ചുവടുവയ്പ്പാണ് നിയമങ്ങള്‍ പാലിക്കാതെ പണിതുയര്‍ത്തിയ ഫ്ളാറ്റുകളുടെ പതനം.പരിസ്ഥിതിക്ക് ആഘാതമേല്പിക്കുന്നവർക്കുള്ള മുന്നറിയിപ്പും താക്കീതുമാണിത്.
Youtube Video
Published by: Rajesh V
First published: January 10, 2020, 4:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories