HOME » NEWS » Buzz » LAKE VICTORIA IN AFRICA IS HOME TO A 75 YEAR OLD NILE CROCODILE NAMED OSAMA MM

80 ​​​ഗ്രാമീണരെ കൊന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മുതല; ഉസാമ ബിൻ ലാദൻ എന്ന് പേരിട്ട് ആഫ്രിക്കൻ ​ഗ്രാമം

കൊച്ചു കുട്ടികൾ തടാകത്തിൽ വെള്ളം കോരാൻ ഇറങ്ങുമ്പോൾ പതിയിരുന്നു ആക്രമിക്കുന്നതായിരുന്നു ഇതിന്റെ രീതി

News18 Malayalam | news18-malayalam
Updated: June 17, 2021, 5:29 PM IST
80 ​​​ഗ്രാമീണരെ കൊന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മുതല; ഉസാമ ബിൻ ലാദൻ എന്ന് പേരിട്ട് ആഫ്രിക്കൻ ​ഗ്രാമം
(പ്രതീകാത്മക ചിത്രം)
  • Share this:
ആഫ്രിക്കയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തേയും തടാകമാണ് വിക്റ്റോറിയ. ഇത്തരത്തിൽ പ്രശസ്തമാണെങ്കിലും ഒരു മുതലയുടെ പേരിൽ വിക്ടോറിയ തടാകം കുപ്രസിദ്ധമാവുകയും ചെയ്തിട്ടുണ്ട്. ഉസാമാ എന്ന് പേരിട്ട 75 വയസ്സുള്ള നൈൽ മുതലയാണ് തടാകത്തിനു സമീപമുള്ള ഗ്രാമങ്ങളിലെ ജനങ്ങളുടെ പേടി സ്വപ്നമായിരുന്നത്.

ഗ്രാമീണരായ 80 പേരെയാണ് ഈ മുതല കൊലപ്പെടുത്തിയത്. 1991നും 2005നും ഇടയിൽ കുട്ടികൾ ഉൾപ്പെടെ ലുഗാംഗ ഗ്രാമത്തിലെ ജനസംഖ്യയുടെ പത്തിലൊന്ന് ആൾക്കാരെയും കൊന്നതോടെയാണ് 16 അടിയുള്ള ഈ ഭീമൻ മുതലയ്ക്ക് ഉസാമ ബിൻ ലാദൻ എന്ന പേരിട്ടതെന്ന് ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

ജീവിതകാലത്തിന്റെ വലിയൊരു പങ്കും വിക്ടോറിയ തടാകത്തിൽ തന്നെയായിരുന്നു ഈ ഭീകരൻ മുതല കഴിഞ്ഞിരുന്നത്. കൊച്ചു കുട്ടികൾ തടാകത്തിൽ വെള്ളം കോരാൻ ഇറങ്ങുമ്പോൾ പതിയിരുന്നു ആക്രമിക്കുന്നതായിരുന്നു ഇതിന്റെ രീതി. കൂടാതെ മത്സ്യതൊഴിലാളികളുടെ ബോട്ടുകൾക്ക് കുറുകെ ചാടിയും ആൾക്കാരെ കൊന്നിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ ഒരു മത്സ്യത്തൊഴിലാളിയെ വാലുകൊണ്ട് അടിച്ചാണ് കൊന്നത്. പിന്നീട് ഇയാളുടെ കീറിയ വസ്ത്രത്തിന്റെ ഭാഗങ്ങൾ മാത്രമാണ് തടാകത്തിനു മുകളിൽ നിന്നും കണ്ടെത്താനായത്.

ഇത്തരത്തിൽ ഈ മുതലയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി രക്ഷപ്പെട്ടയാളാണ് പോൾ. എന്നാൽ ഒപ്പമുണ്ടായിരുന്ന സഹോദരൻ പീറ്ററെ മുതല കൊലപ്പെടുത്തിയതിന്റെ ഭീകരത പോൾ ദി സിഡ്നി മോണിങ് ഹെറാൾഡിനോട് പങ്കുവച്ചു. ഇരുവരും ഒരു ദിവസം ബോട്ടിൽ മത്സ്യബന്ധനത്തിന് ഇറങ്ങിയതായിരുന്നു. പോൾ മുമ്പിലിരുന്ന് ചൂണ്ടയിട്ടു. പുറകിലിരുന്ന പീറ്റർ ബോട്ട് തുഴയുകയായിരുന്നു. പെട്ടെന്ന് വെള്ളത്തിൽ നിന്നും ബോട്ടിന് കുറുകെ മുതല ചാടിയതോടെ പുറകുവശം വെള്ളത്തിലേക്ക് താഴ്ന്നു. ഇതിനിടെ പീറ്ററിന്റെ കാലിൽ മുതല പിടികൂടി. തുടർന്ന് അഞ്ച് മിനിറ്റോളം മുതലയുമായി മൽപ്പിടിത്തം നടത്തിയെങ്കിലും പീറ്ററിനെയും കൊണ്ട് വെള്ളത്തിലേക്ക് താഴുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം പീറ്ററിന്റെ മൃതദേഹത്തിന്റെ തലയും കൈയും മാത്രമാണ് തടാകത്തിനു സമീപത്തുനിന്നും കണ്ടെത്താനായത്.ഇത്തരത്തിൽ ഉസാമയുടെ ആക്രമണത്തിൽ പൊറുതിമുട്ടിയ ഗ്രാമീണർ ഏതു വിധേനയും മുതലയെ പിടികൂടാൻ തന്നെ തീരുമാനിച്ചു. 2005ൽ അമ്പതോളം ഗ്രാമീണരുടെയും വൈൽഡ് ലൈഫ് ഉദ്യോഗസ്ഥരുടെയും സംഘം ഏഴു പകലും ഏഴ് രാത്രിയും നടത്തിയ തിരച്ചിലിനു ശേഷമാണ് ഇതിനെ പിടികൂടിയത്.

ഇപ്പോൾ ഉഗാണ്ട ക്രോക്ക്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ കസ്റ്റഡിയിലാണ് ഈ ഭീകരൻ മുതല. മുതലയുടെ ചർമത്തിൽ നിന്നും ഹാന്റ്ബാഗ്, ബെൽറ്റ് മുതലായ ആഡംബര ആക്സസറീസ് നിർമിച്ച് ഇറ്റലി, സൗത് കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ വിൽക്കുന്ന കമ്പനിയാണിത്. അതേസമയം, നാട്ടുകാരെ വിറപ്പിച്ച മുതലയുടെ ഇപ്പോഴത്തെ അവസ്ഥയെ വൈൽഡ്‌ലൈഫ് പ്രവർത്തകർ വിമർശിക്കുന്നുണ്ടെങ്കിലും ലുഗാംഗയിലെ ഗ്രാമീണർക്ക് യാതൊരു വിഷമവുമില്ല.

Summary: Lake Victoria, largest in Africa and the second-largest in the world, is home to a 75-year-old Nile crocodile named Osama, which has eaten over 80 people in a nearby village
Published by: user_57
First published: June 17, 2021, 5:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories