നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Hasanamba Temple | എംഎൽഎയെ മാറ്റണം, മകന്റെ വിവാഹം നടത്തിത്തരണം; വിചിത്ര ആവശ്യങ്ങളുമായി ദേവിയ്ക്ക് കത്തയച്ച് ഭക്തര്‍

  Hasanamba Temple | എംഎൽഎയെ മാറ്റണം, മകന്റെ വിവാഹം നടത്തിത്തരണം; വിചിത്ര ആവശ്യങ്ങളുമായി ദേവിയ്ക്ക് കത്തയച്ച് ഭക്തര്‍

  തന്റെ ആഗ്രഹം സാധിച്ച് തരികയാണെങ്കില്‍ ദേവിയ്ക്ക് 5000 രൂപ നേര്‍ച്ചയിടാമെന്നാണ് ഒരാള്‍ അറിയിച്ചിരിക്കുന്നത്

  • Share this:
   കര്‍ണ്ണാടകയിലെ (Karnataka) വളരെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് (Temple) ഹസ്സന്‍ (Hassan) എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഹസനമ്പ (Hasanamba) ക്ഷേത്രം. വര്‍ഷത്തില്‍ ഒന്‍പത് ദിവസങ്ങള്‍ മാത്രമാണ് ഈ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്.

   ഭക്തര്‍ മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നിന്നാണ് ഹസനമ്പ ദേവിയെ വണങ്ങുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 6 വരെയായിരുന്നു ക്ഷേത്രം തുറന്നു കൊടുത്തത്. അടുത്ത വര്‍ഷം ക്ഷേത്രം വീണ്ടും തുറക്കും വരെ ഭക്തര്‍ ദേവിയ്ക്കായുള്ള നേര്‍ച്ചകള്‍ ക്ഷേത്ര ഭാരവാഹികള്‍ സ്ഥാപിച്ചിരിക്കുന്ന കാണിയ്ക്ക വഞ്ചിയില്‍ (ഹുണ്ടി) നിക്ഷേപിക്കുകയാണ് പതിവ്.

   എന്നാല്‍ ഇത്തവണ ദേവിയ്ക്ക് കാണിയ്ക്ക വഞ്ചിയില്‍ നിന്ന് പണത്തെക്കാള്‍ കൂടുതല്‍ ലഭിച്ചത് കത്തുകളായിരുന്നു. ദേവിയ്ക്കായി ഭക്തര്‍ എഴുതിയ ഈ കത്തുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

   പണത്തിനൊപ്പം കത്തുകളും ലഭിച്ച ക്ഷേത്ര ഭാരവാഹികള്‍ അവയിലെ വിചിത്രമായ ആവശ്യങ്ങള്‍ കണ്ട് കണ്ണു തള്ളിയിരിക്കുകയാണ്. അതില്‍ ഒരു കത്തിലെ ആവശ്യം ഇങ്ങനെയായിരുന്നു, “ഹോളനരസിപുര നിയോജക മണ്ഡലത്തിലെ ജനങ്ങളെ രക്ഷിക്കണം. അവര്‍ക്ക് ഒരു പുതിയ എംഎല്‍എയെ നല്‍കണം. എച്ച്ഡി രേവണ്ണയും അയാളുടെ കുടുംബവും മനുഷ്യ രക്തം ഊറ്റിക്കുടിക്കുന്നവരാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ ദയവായി അയാളും അയാളുടെ കുടുംബത്തിലുള്ള എല്ലാവരും തോല്‍ക്കുമെന്ന് ഉറപ്പു വരുത്തണം!".

   മറ്റൊരു കത്ത് ഒരു അമ്മയുടേതായിരുന്നു. തന്റെ മകന്‍ വിവാഹം കഴിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ ഭക്തി മാര്‍ഗം അവലംബിക്കുന്ന വിദ്യാര്‍ത്ഥികളും ഇവിടെ കുറവല്ല. എസ്എസ്എല്‍സി പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് വാങ്ങാന്‍ ദേവിയുടെ സഹായമഭ്യര്‍ത്ഥിച്ച് കൊണ്ട് കത്തെഴുതിയ വിദ്യാര്‍ത്ഥിയും ഇക്കൂട്ടത്തിലുണ്ട്.

   ഇതില്‍ ഏറ്റവും രസകരമായ മറ്റൊരു കത്ത് എഴുതിയിരിക്കുന്നത് ഹസനിലെ 35 ആം വാര്‍ഡില്‍ താമസിക്കുന്ന ഒരു വീട്ടുകാരനാണ്. തന്റെ വീടിനടുത്തുള്ള റോഡിലെ കുഴി അടയ്ക്കണമെന്നാണ് ഇയാളുടെ അപേക്ഷ. മറ്റൊരു ഭക്ത ദേവിയ്ക്ക് രക്തത്തില്‍ മുക്കിയ കത്താണ് എഴുതിയത്. തന്റെ പ്രേമഭാജനത്തെ വിവാഹം ചെയ്യാന്‍ സാധിക്കണമെന്ന അത്യന്തം ഗൗരവമേറിയ ജീവിത പ്രശ്‌നമാണ് ഇവര്‍ അവതരിപ്പിച്ചത്. മറ്റൊരു രസകരമായ കത്തില്‍, തന്റെ ആഗ്രഹം സാധിച്ച് തരികയാണെങ്കില്‍ ദേവിയ്ക്ക് 5000 രൂപ നേര്‍ച്ചയിടാമെന്നാണ് ഒരാള്‍ അറിയിച്ചിരിക്കുന്നത്. പക്ഷേ, ആഗ്രഹമെന്തെന്ന് അയാള്‍ കത്തില്‍ പറഞ്ഞിട്ടില്ല.

   മറ്റൊരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ മദ്യപാനാസക്തി അവസാനിപ്പിക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇത് കൂടാതെ മറ്റു പല ആവശ്യങ്ങള്‍ക്കുമായി ദേവിയ്ക്ക് കത്തുകള്‍ ലഭിച്ചിട്ടുണ്ട്. വിവാഹം, സ്വന്തമായി ഒരു വാഹനം, കുട്ടികളുടെ ഭാവി, പ്രണയത്തിലുള്ള വിജയം, ജോലിയിലെ പ്രമോഷന്‍ തുടങ്ങി വിവിധ ആവശ്യങ്ങൾ കത്തുരൂപത്തിൽ ദേവിയുടെ സന്നിധിയില്‍ എത്തിയിട്ടുണ്ട്. ഈ ആഗ്രഹങ്ങള്‍ സാധിക്കാനുള്ള സമയം ആയിട്ടില്ലെങ്കിലും ഇതിനോടകം ദേവിയ്ക്ക് വന്ന കത്തുകളൊക്കെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
   Published by:Karthika M
   First published:
   )}