അമേരിക്കയില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വളരെ കൂടുതലാണ്. യു എസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സി ഡി സി) നല്കുന്ന കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 81 വയസും പുരുഷന്മാരുടേത് 76 വയസുമാണ്. സ്ത്രീകള്‍ പുരുഷന്മാരേക്കാള് കൂടുതല്‍ കാലം ജീവിക്കുന്നു എന്ന് സാരം. സ്ത്രീകളിലെ ഈ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യത്തിന് രണ്ടു പ്രധാന കാരണങ്ങള്‍ ഉണ്ടെന്നാണ് ദക്ഷിണ ഡെന്മാര്ക്ക് സര്‍വകലാശാലയിലെ ജനസംഖ്യാശാസ്ത്രം വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ വിര്‍ജീനിയ സാറുള്ളി അവകാശപ്പെടുന്നത്.
ലോകത്തെമ്പാടും സ്ത്രീകള്‍ കൂടുതല്‍ കാലം ജീവിക്കുന്നതിന് പിന്നില്‍ പ്രധാനമായുമുള്ളത് ജൈവശാസ്ത്രപരമായ കാരണങ്ങളാണ്. അതില്‍ ഏറ്റവും പ്രാഥമികമായ കാരണം ലൈംഗിക ഹോര്‍മോണുകളിലെ വ്യത്യാസമാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറവും ഈസ്ട്രജന് എന്ന ഹോര്‍മോണിന്റെ ഉത്പാദനം കൂടുതലുമാണ് എന്നതാണ് സ്ത്രീകള്‍ക്ക് അനുകൂലമായ ഘടകമായി പ്രവര്‍ത്തിക്കുന്നത്.
ബയോളജി ഓഫ് സെക്സ് ഡിഫറന്‍സ് എന്ന ജേര്‍ണലില്‍ 2017-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് പ്രകാരം, ഹൃദയത്തെ ബാധിക്കുന്നതുള്പ്പെടെയുള്ള നിരവധി രോഗങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ ഈസ്ട്രജന് സഹായിക്കുന്നു. അതേ സമയം ചില രോഗങ്ങളുടെ കാര്യത്തില്‍ രോഗതീവ്രതയും അപകട സാധ്യതയും വര്‍ദ്ധിക്കാന്‍ ഉയര്‍ന്ന അളവിലുള്ള ടെസ്റ്റോസ്റ്റിറോണ്‍ കാരണമാകുന്നു എന്ന് നേച്ചര്‍ മെഡിസിന് ജേര്‍ണലില്‍ 2020-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനവും ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന് അപകടകരമായ പെരുമാറ്റരീതി, ആക്രമണോത്സുകത എന്നിവയുമായും ബന്ധമുണ്ടെന്ന് വിര്‍ജീനിയ സാറുള്ളി പറയുന്നു. ചെറിയ പ്രായത്തില്‍ തന്നെ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ഇതിനര്‍ത്ഥം.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ ശരാശരി അഞ്ചോ ആറോ വര്‍ഷങ്ങള്‍ കൂടുതല്‍ ജീവിക്കുന്നതായി വിര്‍ജീനിയ പറയുന്നു. ജൈവശാസ്ത്രപരമായ കാരണങ്ങള്‍ അല്ലാതെ മറ്റു ചില അനുകൂലഘടകങ്ങളും സ്ത്രീകള്‍ക്കുണ്ടെന്ന് അവര്‍ വിശദീകരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനം സാമൂഹികമായ ഘടകങ്ങളാണ്. പുരുഷന്മാരെ അപേക്ഷിച്ച് പുകവലി, മദ്യപാനം തുടങ്ങിയ ദുഃശീലങ്ങള്‍ സ്ത്രീകളില്‍ കുറവാണ്. ആരോഗ്യകരമായ ഭക്ഷണരീതികള്‍ പിന്തുടരുന്ന കാര്യത്തിലും പുരുഷന്മാര് സ്ത്രീകളെക്കാള്‍ പുറകിലാണെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ കാണുന്ന രീതിയില്‍ പുരുഷന്മാരും സ്ത്രീകളും തമ്മില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ വന്നിട്ടുള്ള ഈ വിടവ് മുമ്പൊരിക്കലും ഇത്രയും വലുതായിരുന്നില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരുടേതിനേക്കാള് സ്ഥിരമായി കൂടിയിരുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് നാഷണല്‍ ബ്യൂറോ ഓഫ് എക്കണോമിക് റിസര്‍ച്ച് നല്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ആ കാലഘട്ടത്തില്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലായി വ്യാപിക്കുകയും സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുകയും ചെയ്തിരുന്നതായും ചരിത്രരേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.