ഇന്റർഫേസ് /വാർത്ത /Buzz / 'ടെലിവിഷനിൽ കാർട്ടൂൺ കാണാൻ മെസ്സി ബാഴ്സയിലേക്ക് തിരിച്ചുവരണം'; ഒരു കുഞ്ഞ് ആരാധിക

'ടെലിവിഷനിൽ കാർട്ടൂൺ കാണാൻ മെസ്സി ബാഴ്സയിലേക്ക് തിരിച്ചുവരണം'; ഒരു കുഞ്ഞ് ആരാധിക

കണ്ണീരോടെയാണ് ബാഴ്‌സയുമായി വേർപിരിയുകയാണെന്ന് മെസ്സി പ്രഖ്യാപിച്ചത്.

കണ്ണീരോടെയാണ് ബാഴ്‌സയുമായി വേർപിരിയുകയാണെന്ന് മെസ്സി പ്രഖ്യാപിച്ചത്.

@itz Afellay എന്ന സമൂഹ മാധ്യമ അക്കൗണ്ട് പങ്കുവച്ച കത്തിൽ മെസ്സി യുടെ ബാഴ്സലോണയിൽ നിന്ന് പി എസ് ജിയിലേക്കുള്ള കൂടുമാറ്റം തന്നെ മോശമായ രീതിയിൽ ബാധിക്കുന്നുവെന്നാണ് ഘാനയിൽ നിന്നുമുള്ള ഈ ആരാധിക പറയുന്നത്.

  • Share this:

ഫുട്ബോൾ ഇതിഹാസവും മുൻ ബാഴ്സലോണ താരവുമായ ലയണൽ മെസ്സിക്ക് തന്റെ മനോഹരമായ കൈപ്പടയിൽ ഒരു കത്തെഴുതിയിരിക്കുകയാണ് നൈറ അസിയേദു എന്ന ഘാനയിൽ നിന്നുള്ള കുഞ്ഞു ആരാധിക. അർജന്റീനിയൻ താരം ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയുമായി പുതിയ കാരാറൊപ്പിട്ടതിന് പിന്നാലെ നൈറ എഴുതിയ കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.

@itz Afellay എന്ന സമൂഹ മാധ്യമ അക്കൗണ്ട് പങ്കുവച്ച കത്തിൽ മെസ്സി യുടെ ബാഴ്സലോണയിൽ നിന്ന് പി എസ് ജിയിലേക്കുള്ള കൂടുമാറ്റം തന്നെ മോശമായ രീതിയിൽ ബാധിക്കുന്നുവെന്നാണ് ഘാനൻ ആരാധിക പറയുന്നത്. ബാഴ്സലോണ ആരാധകനായ തന്റെ അച്ഛൻ ഇഷ്ട ടീമിന്റെ മുഴുവൻ മത്സരങ്ങളും കാണാറുണ്ടായിരുന്നുവെന്നും എന്നാൽ മെസ്സി ടീം വിട്ടതോടെ തന്റെ ഡിഎസ്ടിവി അംഗത്വം പുതുക്കാൻ പിതാവ് താൽപര്യപ്പെടുന്നില്ല എന്നും നൈറ തന്റെ കത്തില് പ്രതിപാദിക്കുന്നു.

ആഫ്രിക്കയിലെ സാറ്റലൈറ്റ് സർവ്വീസ് ദാതാവാണ് ഡിഎസ്ടിവി. അച്ഛൻ സാറ്റലൈറ്റ് കണക്ഷൻ പുതുക്കിയാൽ മാത്രമേ തനിക്ക് ഇനി കാർട്ടൂൺ കാണാൻ സാധിക്കുകയുള്ളൂ എന്നും നൈറ തന്റെ കത്തിൽ പറയുന്നു. അതുകൊണ്ട് തന്നെ മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചുവന്നാൽ മാത്രമേ തനിക്കിനി കാർട്ടൂൺ കാണാൻ സാധിക്കുകയുള്ളൂ എന്നാണ് നൈറ പറയുന്നത്.

2020-21 സീസൺ തുടങ്ങുന്നതിന് മുൻപേ ബാഴ്സലോണ വിടുമെന്ന് മെസ്സി മുന്നറിയിപ്പ് നൽകിയിരുന്നു. ക്ലബ്ബിന് ദീർഘദൃഷ്ടി കുറവാണ് എന്നാണ് മെസ്സി അന്നാരോപിച്ചിരുന്നത്. എന്നാൽ പിന്നീട് മെസ്സി ഈ തീരുമാനം മാറ്റുകയും കഴിഞ്ഞ സീസൺ സ്പെയ്നിൽ തന്നെ തുടരുകയുമായിരുന്നു. ഈ സീസണിലും താരം ബാഴ്‌സയിൽ തന്നെ തുടരാനാണ് ആഗ്രഹിച്ചതെങ്കിലും ലാലിഗ മുന്നോട്ട് വെക്കുന്ന താരങ്ങളുടെ വേതനത്തിന് മേലുള്ള കടുത്ത നിയന്ത്രണങ്ങൾ ബാഴ്‌സയിൽ തുടരുന്നതിന് മെസ്സിക്ക് തിരിച്ചടിയാവുകയായിരുന്നു. ജൂണിൽ ബാഴ്‌സയുമായി കരാർ അവസാനിച്ചിരുന്നതിനാൽ ഫ്രീ ഏജന്റ് ആയിരുന്ന താരവുമായി പി എസ് ജി കരാറിലെത്തുകയായിരുന്നു.

മെസ്സിയെ പി എസ് ജി സ്വന്തമാക്കിയതിന്റെ ആഹ്ളാദത്തിലാണ് പാരീസ് നഗരം. മെസ്സി പാരീസിൽ എത്തിയ ദിവസം അദ്ദേഹത്തെ കാണാൻ നിരവധി പേരാണ് പാരീസ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. മെസ്സിക്ക് പുറമേ ഗിയാൻലൂയിജി ഡോന്നരുമ, സെർജിയോ റാമോസ്, വൈനാൾഡം എന്നീ താരങ്ങളെയും ഫ്രീ ട്രാൻസ്ഫർ വഴി പി എസ് ജി സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ അഷ്റഫ് ഹക്കീമിയെ ഇന്റർമിലാനിൽ നിന്ന് 70 മില്യൺ യൂറോക്കാണ് ഫ്രഞ്ച് ടീം സ്വന്തമാക്കിയത്.

ആറ് തവണ ബാലൻഡിയോർ പുരസ്കാരം നേടിയ മെസ്സിയെ സ്വന്തമാക്കിയാണ് ഇത്തവണം പിഎസ്ജി തങ്ങളുടെ ട്രാൻസ്ഫർ ഇടപാടുകൾ അവസാനിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം രണ്ട് വർഷത്തെ കരാറിലാണ് 34 വയസ്സുകാരൻ ഒപ്പുവെച്ചത്. അതേസമയം മെസ്സിയുടെ കൂടുമാറ്റം ബാഴ്സയെ വൻതോതിൽ ബാധിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടീം ജേഴ്‌സി വിൽപന 80 ശതമാനത്തോളം കുറഞ്ഞുവെന്നും, നൂകാംപിലെ വരും മത്സരത്തിന്റെ ടിക്കറ്റുകൾ ഇപ്പോഴും വിറ്റുതീർത്തിട്ടില്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഏതായാലും വരുന്ന മാസങ്ങൾ ബാഴ്സക്കും ആരാധകർക്കും ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാവും എന്നതിൽ തർക്കങ്ങളൊന്നുമില്ല. ലാലിഗയ്ക്ക് ഉണ്ടായിരുന്ന കാണികളെയും നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

First published:

Tags: Barcelona, Lionel messi, PSG