• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral Video | ഹാൻഡ് പമ്പിൽ നിന്ന് വെള്ളം നൽകി നായക്കുട്ടിയുടെ ദാഹം മാറ്റുന്ന കൊച്ചുമിടുക്കൻ; വീഡിയോ വൈറൽ

Viral Video | ഹാൻഡ് പമ്പിൽ നിന്ന് വെള്ളം നൽകി നായക്കുട്ടിയുടെ ദാഹം മാറ്റുന്ന കൊച്ചുമിടുക്കൻ; വീഡിയോ വൈറൽ

ദാഹിച്ചു വലഞ്ഞ ഒരു നായക്കുട്ടിക്ക് ഹാൻഡ് പമ്പ് ഉപയോഗിച്ച് വെള്ളം നൽകുന്ന ഒരു കൊച്ചുമിടുക്കന്റെ വീഡിയോയാണ് ജനഹൃദയങ്ങൾ കീഴടക്കുന്നത്.

 • Share this:
  നായക്കുട്ടികളെ (Puppy) പരിപാലിക്കാന്‍ ഇഷ്ടമുള്ളവരാണ് ഒട്ടുമിക്ക ആളുകളും. നിത്യജീവിതത്തില്‍ നാം ഹൃദയസ്പര്‍ശിയായ പല കാഴ്ചകളും കാണാറുണ്ട്. സഹാനുഭൂതി നിറഞ്ഞ പ്രവൃത്തികൾ കാണാനും ചെയ്യാനും ഇഷ്ടമുള്ളവരാണ് നമ്മള്‍. കൊച്ചുകുട്ടികളും നായക്കുട്ടികളുമൊക്കെയാണ് ആ കാഴ്ചകളിലെ കഥാപാത്രങ്ങളെങ്കിൽ നമ്മുടെ ഹൃദയം അക്ഷരാർത്ഥത്തിൽ അലിഞ്ഞുപോകും. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലായിക്കൊണ്ടിരിക്കുകയാണ് (Viral Video). ദാഹിച്ചു വലഞ്ഞ ഒരു നായക്കുട്ടിക്ക് ഹാൻഡ് പമ്പ് ഉപയോഗിച്ച് വെള്ളം നൽകുന്ന ഒരു കൊച്ചുമിടുക്കന്റെ വീഡിയോയാണ് ജനഹൃദയങ്ങൾ കീഴടക്കുന്നത്.

  സഹാനുഭൂതിയും ദയയും ഉണ്ടാകാൻ ആളുകളെ പ്രേരിപ്പിക്കുന്ന വളരെ മനോഹരമായ ഒരു വീഡിയോ ആണിത്. 24 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു ചെറിയ കുട്ടി ഹാന്‍ഡ് പമ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ ശ്രമിക്കുന്നത് കാണാം. ഹാന്‍ഡ് പമ്പിന്റെ ഉയരം കാരണം കുട്ടിക്ക് അതിന്റെ ഹാന്‍ഡില്‍ അധികം ചലിപ്പിക്കാന്‍ കഴിയുന്നില്ല. എന്നാലും തന്നെക്കൊണ്ട് കഴിയുന്നത്ര ശക്തിയിൽ ആ ഹാൻഡ് പമ്പ് വഴി നായയ്ക്ക് വെള്ളം കൊടുക്കാൻ ആ ബാലൻ ശ്രമിക്കുന്നു. ഹാൻഡ് പമ്പിന്റെ താഴെ നിന്ന് നായ്ക്കുട്ടി വെള്ളം കുടിക്കുന്നതും വീഡിയോയില്‍ കാണാം.


  ''ഉയരം എത്ര കുറവാണെങ്കിലും, മറ്റുള്ളവരെ സഹായിക്കാന്‍ ആർക്കും ശ്രമിക്കാവുന്നതേയുള്ളൂ'', വീഡിയോ പങ്കുവെച്ചു കൊണ്ട് ട്വിറ്റര്‍ ഉപയോക്താവ് ദിപാന്‍ഷു കബ്ര കുട്ടിയെ അഭിനന്ദിച്ചു. " ഈ വീഡിയോ എന്റെ ഇന്നത്തെ ദിവസം പ്രിയപ്പെട്ടതാക്കി മാറ്റി" എന്ന് മറ്റൊരു ഉപയോക്താവും കുറിച്ചു. "മൃഗങ്ങളോടു ദയവ് കാണിക്കേണ്ടതിനെക്കുറിച്ച് നിങ്ങള്‍ ഒരു കുട്ടിയെ പഠിപ്പിക്കുമ്പോള്‍, അത് ഇരുവര്‍ക്കും ഗുണം ചെയ്യുന്നു'', മറ്റൊരാള്‍ പറഞ്ഞു. ഒരാള്‍ക്ക് എങ്ങനെ ദയവോടെ പെരുമാറാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വീഡിയോ എന്നാണ് മറ്റൊരു കമന്റ്. എല്ലാവരും ഈ കുട്ടിയെപ്പോലെ പെരുമാറാന്‍ തുടങ്ങിയാല്‍ രാജ്യത്തെ ആളുകളുടെ പകുതി പ്രശ്‌നങ്ങളും ഇല്ലാതാകുമെന്ന് ട്വിറ്റര്‍ ഉപയോക്താക്കളിലൊരാള്‍ അഭിപ്രായപ്പെട്ടു.

  ഇത്തരത്തിലുള്ള മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലിവ് ഹാര്‍ലാന്‍ഡ് തെരുവില്‍ ഒരു ഗായിക പ്രകടനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരാള്‍ ചവറ്റുകുട്ടയില്‍ ഭക്ഷണം തിരയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആ കാഴ്ച കണ്ടയുടനെ അവള്‍ പാട്ട് നിര്‍ത്തുകയും അയാള്‍ കുറച്ച് പണം കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് അയാള്‍ അവള്‍ക്ക് നന്ദി പറയുകയും ചെയ്യുന്നു. പിന്നീട് അവർ വീണ്ടും പാട്ട് പാടാന്‍ തുടങ്ങിയപ്പോള്‍ മറ്റൊരു വഴിയാത്രക്കാരന്‍ അവരുടെ കൊട്ടയിലേക്ക് പണം ഇട്ടു. ''എപ്പോഴും ദയവുള്ളവരായിരിക്കുക, ആ കനിവ് നമുക്ക് തിരിച്ച് ലഭിക്കും'' അവർതന്റെ ഇന്‍സ്റ്റഗ്രാം റീലിന്റെ അടിക്കുറിപ്പായി എഴുതി.

  ഇത്തരത്തിലുള്ള വീഡിയോകള്‍ നാം നിരന്തരം കാണാറുണ്ടെങ്കിലും, മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് യാതൊരു കുറവുമില്ല. അടുത്തിടെ മലപ്പുറത്ത് രണ്ടു പേർവളര്‍ത്തു നായയെ സ്‌കൂട്ടറിനു പിന്നില്‍ കെട്ടിവലിച്ചുകൊണ്ടുപോകുന്ന വീഡിയോ എല്ലാവരും കണ്ടുകാണും. നാട്ടുകാര്‍ ഇവരെ പിന്തുടര്‍ന്നെങ്കിലും ആദ്യം ഇവര്‍ വണ്ടി നിര്‍ത്താന്‍ തയ്യാറായില്ല. എന്നാല്‍ കൂടുതല്‍ പേര്‍ എത്തിയതോടെ ഇരുവരും വണ്ടി നിര്‍ത്തി നായയെ മോചിപ്പിക്കുകയായിരുന്നു.
  Published by:Sarath Mohanan
  First published: