• HOME
  • »
  • NEWS
  • »
  • buzz
  • »
  • ബം​ഗാളി ഭാഷയിൽ സംസാരിക്കുന്ന ബ്രിട്ടീഷ് ഡോക്ടർ; അത്ഭുതപ്പെട്ട് കാണികൾ; വൈറൽ വീഡിയോ

ബം​ഗാളി ഭാഷയിൽ സംസാരിക്കുന്ന ബ്രിട്ടീഷ് ഡോക്ടർ; അത്ഭുതപ്പെട്ട് കാണികൾ; വൈറൽ വീഡിയോ

വിവർത്തകർ ഇല്ലാതിരുന്ന കാലത്ത് രോഗികളുടെ ആവശ്യങ്ങൾ മനസിലാക്കാൻ 80-കളിലാണ് ബംഗാളി പഠിച്ചതെന്ന് ഡോക്ടർ പറയുന്നു

  • Share this:

    ബം​ഗാളി ഭാഷയിൽ സംസാരിക്കുന്ന ബ്രിട്ടീഷ് ഡോക്ടറുടെ വീഡിയോ വൈറലാകുന്നു. അന്ന ലിവിംഗ്സ്റ്റൺ എന്നാണ് ഈ ഡോക്ടറുടെ പേര്. 1980-കളിലാണ് അന്ന ബംഗാളി ഭാഷ പഠിച്ചത്. ആ സമയത്ത് വിവർത്തകർ ഇല്ലാതിരുന്നതിനാൽ തന്റെ പക്കൽ വരുന്ന രോ​ഗികൾ പറയുന്നത് മനസിലാക്കാനാണ് ഇവർ ബംഗാളി ഭാഷ പഠിച്ചതെന്നാണ് ലേബർ പാർട്ടിയുടെ BAME സ്റ്റാഫ് നെറ്റ്‌വർക്കിന്റെ മുൻ ചെയർപേഴ്സൺ ഹലീമ ഖാൻ പങ്കുവെച്ച ട്വീറ്റിൽ പറയുന്നത്.

    ”ഈ സൂപ്പർഹീറോ ഈസ്റ്റ് ലണ്ടനിലെ ലൈംഹൗസിലുള്ള റിട്ടയേർഡ് ഡോക്ടറാണ്. വിവർത്തകർ ഇല്ലാതിരുന്ന കാലത്ത് രോഗികളുടെ ആവശ്യങ്ങൾ മനസിലാക്കാൻ 80-കളിൽ ബംഗാളി പഠിച്ചതായാണ് ഡോക്ടർ പറഞ്ഞത്. ഇതു കേട്ട് എന്റെ കണ്ണു നിറഞ്ഞു. അന്ന ലിവിംഗ്സ്റ്റണെ ഒരുപക്ഷേ ബ്രിട്ടനിലെ എല്ലാവരും തന്നെ അറിയുമായിരിക്കും”, ഹലീമ ഖാൻ ട്വീറ്റ് ചെയ്തു. ഈ ഡോക്ടറെ അർഹിക്കുന്ന അം​​ഗീകാരം നൽകി ആദരിക്കണമെന്നും പാർലമെന്റ് അം​ഗങ്ങളോട് ഖാൻ അഭ്യർത്ഥിച്ചു.

    അന്ന ലിവിംഗ്സ്റ്റണിനെ അറിയാവുന്ന ചിലരും ട്വീറ്റിനു താഴെ കമന്റുമായി എത്തുന്നുണ്ട്. “അന്ന ലിവിംഗ്സ്റ്റൺ യുദ്ധത്തെയും വംശീയതയെയും എപ്പോഴും എതിർത്ത ആളാണ്. അവരിൽ ഞാൻ അഭിമാനിക്കുന്നു”, എന്നാണ് ഒരാളുടെ കമന്റ്. ”അന്ന ലിവിംഗ്സ്റ്റൺ എന്തൊരു സ്ത്രീയാണ്. രോഗികളോടുള്ള അവരുടെ പ്രതിബദ്ധതയറിഞ്ഞ് ഞാൻ അതിശയപ്പെടുന്നു. എന്റെ അയൽക്കാർ സംസാരിക്കുന്ന നിരവധി ഭാഷകളിൽ ഒന്ന് പോലും പഠിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. ഇനിയും സമയം വൈകിയിട്ടില്ല എന്നു തോന്നുന്നു”, മറ്റൊരാൾ‌ കുറിച്ചു.

    “അന്ന ലിവിംഗ്സ്റ്റൺ ഗിൽ സ്ട്രീറ്റ് ഹെൽത്ത് സെന്ററിൽ 30 വർഷത്തിലേറെയായി എന്നെ ചികിൽസിച്ച ‍ഡോക്ടറാണ്. എന്നെപ്പോലെയുള്ള നിരവധിയാളുകളെ അവർ ചികിൽസിച്ചിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ സർവീസിൽ നിന്ന് വിരമിച്ചു. നന്നായി ഇരിക്കുന്നു എന്നറിയുന്നതിൽ‌ സന്തോഷമുണ്ട്”, എന്നാണ് മറ്റൊരാളുടെ കമന്റ്. “അന്നയെപ്പോലുള്ള ചില നല്ല ആളുകൾ യുകെയിൽ ഉടനീളം ഉണ്ട്. നന്നായി ഉറുദു സംസാരിച്ചിരുന്ന ഒരു പ്രൈമറി സ്കൂൾ അധ്യാപകനെ ഞാൻ ഓർക്കുന്നു”, എന്നാണ് മറ്റൊരാൾ കുറിച്ചത്.

    അന്ന ലിവിംഗ്സ്റ്റൺ ബം​ഗാളി ഭാഷയിൽ സംസാരിക്കുന്ന വീഡിയോ ആ​ദ്യം ടിക് ടോക്കിലാണ് പ്രത്യക്ഷപ്പെട്ടത്. ഒരു റിപ്പോർട്ടറോട് അന്ന ബംഗാളിയിൽ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് വൈറലായത്.

    Published by:Vishnupriya S
    First published: