ഭോപ്പാൽ: അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാൻ റെയിൽവേ അധികൃതർ അയച്ച ഒരു നോട്ടീസ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം. ജില്ലയിലെ ഒരു ഹനുമാൻ ക്ഷേത്രം റെയിൽവേ ഭൂമിയിൽ ആണെന്ന് കാട്ടിയാണ് അധികൃതർ നോട്ടീസ് അയച്ചത്. സബൽഗഢിലെ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ബജ്‌റംഗ് ബാലി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഹനുമാനാണ് അധികൃതർ നോട്ടീസ് അയച്ചത്. ഹനുമാനെ അഭിസംബോധന ചെയ്തായിരുന്നു റെയിൽവേ അയച്ച ആദ്യത്തെ നോട്ടീസ്.
ഏഴ് ദിവസത്തിനുള്ളിൽ റെയിൽവേ ഭൂമിയിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു. ഇല്ലെങ്കിൽ റെയിൽവേ അധികൃതർക്ക് നടപടി സ്വീകരിക്കേണ്ടി വരുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. അങ്ങനെ വന്നാൽ അതിന്റെ ചെലവ് കൈയ്യേറ്റക്കാർ തന്നെ വഹിക്കേണ്ടി വരുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ നോട്ടീസ് ക്ഷേത്രത്തിൽ പതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അബദ്ധം മനസ്സിലായതോടെ അധികൃതർ ഈ നോട്ടീസ് പിൻവലിക്കുകയും രണ്ടാമത് ഒരു നോട്ടീസ് കൂടി അയയ്ക്കുകയുമായിരുന്നു.
ഇത്തവണ നോട്ടീസ് ക്ഷേത്രത്തിലെ പൂജാരിയുടെ പേരിലായിരുന്നു. ആദ്യത്തെ നോട്ടീസിൽ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ഝാൻസി റെയിൽവേ ഡിവിഷൻ പബ്ലിക് റിലേഷൻ ഓഫീസർ മനോജ് മാത്തൂർ രംഗത്തെത്തിയിരുന്നു. പുതിയ നോട്ടീസ് ക്ഷേത്രത്തിലെ പൂജാരിയ്ക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ പൂജാരിയായ ഹരിശങ്കർ ശർമ്മയുടെ പേരിലാണ് പുതിയ നോട്ടീസ്. ഷിയോപൂർ-ഗ്വാളിയോർ ബ്രോഡ് ഗേജ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാൻ റെയിൽവേ അധികൃതർ രംഗത്തെത്തിയത്.
സമാനമായ സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിയ്ക്കും ഇടയിൽ പുറക്കാടിന് അടുത്ത് ഒറ്റപ്പന എന്ന സ്ഥലത്തെ പന റോഡ് വികസനത്തിനായി മുറിച്ചു മാറ്റുന്നു എന്ന വാർത്ത പുറത്തു വന്നിരുന്നു. കടൽ തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂർ ശ്രീഭഗവതി ക്ഷേത്രത്തിന് നേരെ മുന്നിലാണ് ഈ ഒറ്റപ്പനയുണ്ടായിരുന്നത്. അന്നപൂർണേശ്വരി, ഭദ്രകാളി എന്നീ രണ്ട് പ്രതിഷ്ഠകളുള്ള ക്ഷേത്രത്തിലെ ഭഗവതിയുടെ തോഴിയായ യക്ഷി ഈ പനയിൽ വസിക്കുന്നുണ്ടെന്നും പനയ്ക്ക് ദൈവിക ശക്തിയുണ്ടെന്നുമാണ് ഭക്തരുടെ വിശ്വാസം.
Also read- ഗുജറാത്തില്‍ 111 അടി ഉയരത്തില്‍ സ്വര്‍ണം പൂശിയ ശിവപ്രതിമ; ചെലവ് 12 കോടി
ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പനയെ പരിപാലിച്ചു പോന്നിരുന്നത്. എന്നാൽ എൻഎച്ച് 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന് പന ഒരു തടസ്സമായതിനാൽ ഇത് വെട്ടിമാറ്റാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിർദ്ദേശിക്കുകയായിരുന്നു. വിശ്വാസവുമായി ബന്ധപ്പെട്ടതിനാൽ പന വെട്ടിമാറ്റുന്നതിൽ ക്ഷേത്രം അധികൃതരുടെ അന്തിമ അനുമതി തേടിയിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിലെ പ്രധാന പൈതൃക സ്മാരകമായ താജ്മഹലിന് വെള്ളക്കരമടയ്ക്കാൻ ആഗ്ര മുൻസിപ്പിൽ കോർപ്പറേഷന്റെ നോട്ടീസ് അയച്ചതും വാർത്തയായിരുന്നു. വെള്ളക്കരം മാത്രമല്ല വസ്തു നികുതി അടയ്ക്കണമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് നോട്ടീസ് അയച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.