നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 49കാരൻ പ്രൊഫസറെ പ്രണയിച്ചു കല്യാണം കഴിച്ച 19കാരി; വാർത്തകളിൽ ഇടംനേടിയ 'ലവ് ഗുരു'വിന് 15 വർഷത്തിനിപ്പുറം എന്ത് സംഭവിച്ചു?

    49കാരൻ പ്രൊഫസറെ പ്രണയിച്ചു കല്യാണം കഴിച്ച 19കാരി; വാർത്തകളിൽ ഇടംനേടിയ 'ലവ് ഗുരു'വിന് 15 വർഷത്തിനിപ്പുറം എന്ത് സംഭവിച്ചു?

    ഒടുവിൽ പ്രണയ വഴിയിൽ പ്രൊഫസറുമെത്തി. പ്രായവും കുടുംബവും സമൂഹത്തിന്‍റെ വിമർശങ്ങളുമൊന്നും നോക്കാതെ ഇരുവരും പ്രണയിക്കാൻ തുടങ്ങി. 19കാരിയുമായി പാർക്കിലും ബീച്ചിലും തിയറ്ററുകളിലുമൊക്കെ അവർ കറങ്ങാൻ തുടങ്ങി

    mathuknath juli

    mathuknath juli

    • Share this:
      ലോക മാധ്യമങ്ങൾ വരെ 'ലവ് ഗുരു' എന്ന പേരിൽ ആഘോഷിച്ച വിഖ്യാത പ്രണയം ആന്‍റി ക്ലൈമാക്സിലെത്തിയ വിവരം എത്ര പേർ അറിഞ്ഞു. ഇന്നും ചർച്ചയാകുന്ന പ്രൊഫസർ മടുക് നാഥ് ചൌധരിയുടെയും ജൂലി കുമാരിയുടെയും പ്രണയം വിവാഹത്തിലേക്ക് എത്തിയത് 2004ൽ വലിയ വാർത്തയായിരുന്നു. ബീഹാറിലെ പാറ്റ്ന സർവകലാശാലയിൽ ഹിന്ദി അധ്യാപകനായിരുന്ന 49കാരനായ മടുക് നാഥിനെ വിദ്യാർഥിനിയായ 19കാരി ജൂലി കുമാരി പ്രണയിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു.

      2004ൽ ഇരുവരും അടുപ്പത്തിലാകുന്നത് ക്ലാസിലെ ഒരു പ്രശ്നത്തെ തുടർന്നാണ്. വൈകിയെത്തിയ ജൂലിയെ പ്രൊഫസർ ശാസിക്കുന്നു. എന്നാൽ അന്ന് പ്രൊഫസർ നൽകിയ ഉപദേശം ജൂലിയുടെ മനസിൽ തട്ടുന്നതായിരുന്നു. ജൂലിക്ക് പ്രൊഫസറോട് ആരാധനയായി. കൂടുതൽ സമയം പ്രൊഫസറുമൊത്ത് ചെലവിടാൻ തുടങ്ങി. ഭാര്യയും രണ്ടു മക്കളുമുള്ള മടുക് നാഥിന് ശിഷ്യയോടുള്ള വാൽസല്യമായിരുന്നു. എന്നാൽ വൈകാതെ ജൂലി പ്രൊഫസറോട് പ്രണയം തുറന്നു പറഞ്ഞു. എന്നാൽ പ്രൊഫസർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അതുകൊണ്ടൊന്നും ജൂലിയുടെ പ്രണയം ശമിച്ചില്ല.

      ഒടുവിൽ പ്രണയ വഴിയിൽ പ്രൊഫസറുമെത്തി. പ്രായവും കുടുംബവും സമൂഹത്തിന്‍റെ വിമർശങ്ങളുമൊന്നും നോക്കാതെ ഇരുവരും പ്രണയിക്കാൻ തുടങ്ങി. 19കാരിയുമായി പാർക്കിലും ബീച്ചിലും തിയറ്ററുകളിലുമൊക്കെ അവർ കറങ്ങാൻ തുടങ്ങി. ഇതോടെ കുടുംബത്തിലും പ്രശ്നങ്ങളായി. പ്രൊഫസറെയും ജൂലിയെയും ഭാര്യയുടെ ബന്ധുക്കൾ തല്ലിച്ചതച്ചു. തെരുവിൽവെച്ച് പ്രൊഫസറുടെ തലയിലൂടെ കരിഓയിൽ ഒഴിച്ചു. അതിനിടെ ഭാര്യ നൽകിയ ഗാർഹികപീഡന പരാതിയിൽ അറസ്റ്റിലായ മടുക് നാഥ് ജയിലിലുമായി. തുടർന്ന് പാട്ന സർവകലാശാല പ്രൊഫസറെ പിരിച്ചുവിടുകയും ചെയ്തു.

      ജയിൽമോചിതനായി എത്തിയ പ്രൊഫസർ ജൂലിയ്ക്കൊപ്പം ഒന്നിച്ചു താമസിക്കാൻ തുടങ്ങി. പാട്ന വിട്ടു ഭഗൽപൂരിലെത്തി വാടകവീടെടുത്താണ് ഇരുവരും ഒന്നിച്ചു താമസിച്ചത്. ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു പ്രൊഫസർ കോടതിയെ സമീപിച്ചു. 2013 ഫെബ്രുവരിയിൽ പ്രൊഫസർക്ക് അനുകൂലമായ വിധി ഉണ്ടായെങ്കിലും സർവകലാശാല അദ്ദേഹത്തെ തിരിച്ചെടുക്കാൻ തയ്യാറായില്ല. ഇതേത്തുടർന്ന് സത്യാഗ്രഹം കിടന്ന അദ്ദേഹത്തിന് മുന്നിൽ സർവകലാശാല തോൽവി സമ്മതിച്ചു. പുറത്തായ കാലത്തെ ശമ്പളമായ 20 ലക്ഷം രൂപ നൽകി, പ്രൊഫസറെ തിരിച്ചെടുത്തു.

      അതിനിടെ ഭാര്യ നൽകിയ വിവാഹമോചന ഹർജിയിൽ രണ്ടു കുട്ടികൾക്ക് ഉൾപ്പടെ ചെലവിന് കൊടുക്കാൻ കോടതി വിധിച്ചു. പ്രതിമാസം 15000 രൂപയാണ് ഇങ്ങനെ കൊടുക്കേണ്ടിവന്നത്. കൂടാതെ പാട്നയിൽ പ്രൊഫസറുടെ പേരിലുള്ള രണ്ടു വീടുകളിൽ കോടികൾ വിലമതിപ്പുള്ള ഒന്ന് ഭാര്യയ്ക്ക് നൽകുകയും ചെയ്തു. എന്നാൽ ഈ പ്രശ്നങ്ങളൊന്നും പ്രൊഫസറുടെയും ജൂലിയുടെയും ജീവിതത്തെ ബാധിച്ചില്ല. ഇരുവരും പ്രണയത്തിൽ മുഴുകി, ജീവിതം ശരിക്കും ആസ്വദിച്ചു. നിരവധി വാലന്‍റൈൻസ് ഡേ പരിപാടികളിൽ അതിഥികളായി പങ്കെടുത്തു. അതിനിടെ തങ്ങളുടെ അനുപമമായ പ്രണയത്തെക്കുറിച്ച് മടുക് ജൂലി ഡയറി എന്ന പേരിൽ പ്രൊഫസർ പുസ്തകം രചിച്ചു. ആ പുസ്തകം അക്കാലത്തെ ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തിരുന്നു.

      എന്നാൽ ആറു വർഷം മുമ്പ് ഇരുവരുടെയും ജീവിതത്തിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായി. ആത്മീയതയിലേക്കു തിരിഞ്ഞ ജൂലി പ്രൊഫസറിൽനിന്ന് അകന്നു. ആത്മീയകേന്ദ്രങ്ങളിലേക്കു ഒറ്റയ്ക്കു യാത്രകൾ ചെയ്യാൻ തുടങ്ങിയതോടെ അവരുടെ ബന്ധം വഷളായി. പുതുച്ചേരിയിലെയും ഋഷികേശിലേയും ആശ്രമങ്ങളിൽ അധികകാലം ജൂലി കഴിഞ്ഞു. പിന്നീട് ജൂലിയെക്കുറിച്ച് അധികമാരും കേട്ടിട്ടില്ല. പാട്നയിൽ വരുമ്പോഴൊക്കെ ജൂലി പ്രൊഫസറെ കാണാറുണ്ടായിരുന്നു. ഇടയ്ക്കിടെ വിളിക്കുകയും ചെയ്യും. എന്നാൽ സന്ദർശനും പതിവു ഫോൺ വിളികളും പതുക്കെ ഇല്ലാതായി.

      വർഷങ്ങളായി ഒരു വിവരവുമില്ലാതിരുന്ന ജൂലിയെക്കുറിച്ച് കുറച്ചുകാലം മുമ്പ് ഒരു വെളിപ്പെടുത്തലുണ്ടായി. ദേവി എന്ന സുഹൃത്താണ് ജൂലി വെസ്റ്റിൻഡീസിലെ ട്രിനിഡാഡിലുണ്ടെന്ന് വെളിപ്പെടുത്തിയത്. മാനസികമായും ശാരീരകമായും തളർന്ന ജൂലി മരണാസന്നയാണെന്നാണ് ദേവി പറഞ്ഞു. എങ്ങനെയെങ്കിലും ഇന്ത്യയിലേക്കു വന്നു ചികിത്സ തേടമെന്നായിരുന്നു ജൂലിയുടെ ആഗ്രഹം. അവർ ഇക്കാര്യം പ്രൊഫസറെ അറിയിച്ചെങ്കിലും അവരെ ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള പണം തന്‍റെ കൈയിലില്ലെന്ന് അദ്ദേഹം അറിയിച്ചു. ജൂലിയുടെ വീട്ടുകാരെയും ദേവി സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. ഇപ്പോൾ ബീഹാർ സർക്കാരിന്‍റെ ഇടപെടൽ കാത്തിരിക്കുകയാണ് ദേവി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന് എഴുതിയ കത്തിന് ഇടപെടാം എന്ന മറുപടി ദേവിക്ക് ലഭിച്ചു. ജൂലിയെ ഇന്ത്യയിലേക്കുകൊണ്ടുവരാൻ ആവശ്യമായ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവി. പ്രൊഫസറും ജൂലിയുടെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ്.
      Published by:Anuraj GR
      First published: