ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഒരു കെട്ടിടം കാണാതായി എന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ?. എന്നാൽ അത്തരമൊരു സംഭവം നടന്നിരിക്കുകയാണ്. ലഖ്നൗവിലെ (Lucknow) ഹുസൈനാബാദിലുള്ള 140 വര്‍ഷം പഴക്കമുള്ള ഒരു സ്കൂളാണ് ഇല്ലാതായത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു അവധി ദിനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. അവരുടെ സെന്റിനിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും (centennial higher secondary school) കോളേജും അവിടെ കാണാൻ ഉണ്ടായിരുന്നില്ല. പകരം അവിടെ ഒരു പുതിയ സ്വകാര്യ സ്കൂള്‍ കെട്ടിടമാണ് കണ്ടത്.
സ്കൂളിലെ ബോര്‍ഡുകളും നെയിംപ്ലേറ്റുകളുമെല്ലാം (nameplates) മാറ്റിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്കൂളിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. എന്നാൽ ഗേറ്റിനു പുറത്ത് റോഡിലിരുന്ന്, 360 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ ക്ലാസെടുത്തു. സംഭവത്തിനു പിന്നാലെ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജീവ് ഡേവിഡ് ദയാല്‍, വിദ്യാഭ്യാസ ഓഫീസര്‍ വിജയ് പ്രതാപ് സിംഗിനും സ്കൂള്‍ ജില്ലാ ഇന്‍സ്പെക്ടര്‍ രാകേഷ് കുമാറിനും പരാതി നല്കി. വ്യാഴാഴ്ച ഉച്ചയോടെ ഉദ്യോഗസ്ഥര്‍ സ്കൂളില്‍ പരിശോധനയ്ക്കെത്തി.
'' ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 10 സ്ഥിര അധ്യാപകരും 360 കുട്ടികളുമാണ് ഉള്ളത്. ഞങ്ങള്‍ സ്കൂളില്‍ എത്തിയപ്പോള്‍ സ്കൂളിന്റെ പേര് മാറ്റിയിരിക്കുന്നതാണ് കണ്ടത്. ഞങ്ങള്‍ക്ക് സ്കൂളിലേക്ക് പ്രവേശനവും അനുവദിച്ചില്ല. ഫര്‍ണീച്ചറുകളെല്ലാം മാറ്റിയിരുന്നു,'' സ്കൂള്‍ പ്രിന്‍സിപ്പല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'' ഇത് ഞങ്ങള്‍ക്ക് വലിയ ഷോക്ക് ആയിരുന്നു. പഠിക്കാനായി സ്കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ കാണുന്നത് അവരുടെ സ്കൂള്‍ തന്നെ ഇല്ലാതായ കാഴ്ചയാണ്. ഇത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം, ഒരു തരം മാനസിക പീഡനമാണ്, '' സ്കൂളിലെ ഒരു അധ്യാപകന് പറഞ്ഞു.
ലഖ്നൗവിലെ ഹുസൈനാബാദില്‍ 1862ലാണ് ഈ സർക്കാർ-എയ്ഡഡ് സ്കൂള്‍ സ്ഥാപിതമായത്. ജെഎച്ച് മെസ്മോറാണ് സ്കൂൾ സ്ഥാപിച്ചത്.
അതേസമയം, സെന്റിനിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെയും കോളേജിലെയും ക്ലാസുകള്‍ മുമ്പത്തെപ്പോലെ തന്നെ നടക്കുമെന്നും വെള്ളിയാഴ്ച മുതല്‍ സ്കൂളിന് പുറത്ത് പോലീസ് സേനയെ നിയോഗിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് സൂര്യപാല്‍ ഗാംഗ്വാര്‍ അറിയിച്ചു. ഡിഐഒഎസ് രാകേഷ് കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഗംഗ്വാര്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സ്കൂള്‍ മാനേജ്മെന്റിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇതിനിടെ സ്വകാര്യ സ്കൂള്‍ ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രിന്‍സിപ്പല്‍ ദയാലിന്റെ പരാതി.
മാനേജ്മെന്റുമായി ബന്ധപ്പെട്ട വിഷയം ഇതുവരെ തീര്‍പ്പാക്കാത്തതാണ്. ഇതൊരു സര്‍ക്കാര്‍-എയ്ഡഡ് സ്കൂള്‍ ആയതിനാല്‍ ഒരു സ്വകാര്യ സ്കൂളിനും ഇതിന്റെ പരിസരത്ത് പ്രവര്‍ത്തിക്കാനാകില്ലെന്ന് ഡിഐഒഎസ് അറിയിച്ചു. പുതിയതായി പ്രവർത്തനം ആരംഭിച്ച ഈ സ്വകാര്യ സ്കൂളിന് അഫിലിയേഷന് നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.