• HOME
 • »
 • NEWS
 • »
 • buzz
 • »
 • MA English Chaiwali | അധ്യാപികയായി ജോലി കിട്ടിയില്ല; ചായക്കട തുറന്ന് എംഎ ഇംഗ്ലീഷ് ബിരുദധാരി

MA English Chaiwali | അധ്യാപികയായി ജോലി കിട്ടിയില്ല; ചായക്കട തുറന്ന് എംഎ ഇംഗ്ലീഷ് ബിരുദധാരി

നോർത്ത് 24 പർഗാനാസിലെ ടുക്ടുകി ദാസ് എന്ന യുവതി എംഎ ബിരുദം നേടിയിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ ചായക്കട തുറക്കുകയായിരുന്നു.

News 18

News 18

 • Last Updated :
 • Share this:
  കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കളുടെയും ലക്ഷ്യം അവര്‍ക്ക് ഒരു നല്ല ഭാവി ഒരുക്കുക എന്ന് തന്നെയാണ്. കൊൽക്കത്ത സ്വദേശിനിയായ ടുക്ടുകി ദാസിന്റെ മാതാപിതാക്കളുടെ ആഗ്രഹവും അത് തന്നെയായിരുന്നു. അവർക്ക് അവളെ ഒരു അധ്യാപികയായി കാണാനായിരുന്നു ആഗ്രഹം. അവരുടെ ആഗ്രഹം പോലെതന്നെ അവള്‍ നന്നായി പഠിച്ചു. മികച്ച മാര്‍ക്ക് നേടി ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി.

  എന്നാല്‍ ഒരു ജോലി എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ മാത്രം അവൾക്ക് കഴിഞ്ഞില്ല. ജോലി നേടുന്നതിനായി നിരവധി പരീക്ഷകള്‍ എഴുതി. ശ്രമിക്കാവുന്ന പല വഴികളിലൂടെയും ശ്രമിച്ചു. എന്നാല്‍ ജോലി എന്ന സ്വപ്നം പിടി കൊടുക്കാതെ വിദൂരത്ത് തന്നെ നിന്നു. അവസാനം അവള്‍ ചായക്കട തുടങ്ങാൻ തീരുമാനിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസിലെ ഹബ്ര സ്റ്റേഷനില്‍ അവള്‍ ഒരു ചായക്കട തുറന്നു. ഹബ്രാ സ്റ്റേഷനിലൂടെ കടന്നു പോകുന്ന ആര്‍ക്കും ‘എംഎ ഇംഗ്ലീഷ് ചായ് വാലി’ എന്ന ബോര്‍ഡ് കാണാം. തന്റെ ചായക്കടയ്ക്ക് ടുക്ടുകി നൽകിയ പേര് ഇങ്ങനെയാണ്.

  ടുക്ടുകിയുടെ അച്ഛന്‍ ഒരു വാന്‍ ഡ്രൈവര്‍ ആണ്, അമ്മ സ്വന്തമായി ഒരു ചെറിയ പലചരക്ക് കട നടത്തുന്നു. ആദ്യം തങ്ങളുടെ മകള്‍ ചായക്കട തുടങ്ങാന്‍ പോകുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ അവര്‍ക്ക് വിഷമം തോന്നിയിരുന്നു. എന്നാല്‍ ആഗ്രഹിച്ച ജോലികളൊന്നും ലഭിച്ചില്ല എന്ന വിഷമത്തിൽ തളര്‍ന്നു പോകാതെ അവള്‍ തന്റെ പുതിയ തീരുമാനത്തില്‍ ഉറച്ചു നിന്നു. താന്‍ ഇന്റര്‍നെറ്റില്‍ വായിച്ച ‘എംബിഎ ചായ് വാല’ എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് അവള്‍ ചായക്കട എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്. “ഒരു ജോലിയും ചെറുതല്ല എന്നു ഞാൻ കരുതുന്നു അതിനാല്‍ എംബിഎ ചായ് വാല എന്ന കഥ പോലെ തന്നെ ഞാനും എന്റെ സ്വന്തം ചായക്കടയില്‍ ജോലി ചെയ്തു തുടങ്ങി. ആദ്യമൊക്കെ ഒരു സ്ഥലം കിട്ടാന്‍ ഞാന്‍ കഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പതിയെ അതു കണ്ടെത്താന്‍ എനിക്ക് സാധിച്ചു. ഞാന്‍ ഇപ്പോള്‍ കടയിൽ ചായയും പലഹാരവും വില്‍ക്കുന്നുണ്ട്. എനിക്ക് എംഎ ബിരുദം ഉള്ളത് കൊണ്ട് കടയ്ക്ക് ഞാന്‍ അങ്ങനെ തന്നെ പേരിട്ടു.” ന്യൂസ്18നോട് ടുക്ടുകി പറയുന്നു.

  ഒരു ജോലിയും 'ചെറുതല്ല,' എന്ന ആപ്തവാക്യത്തിലൂന്നി മുന്നോട്ട് പോകാനും തന്റെ ബിസിനസ്സ് വളര്‍ത്താനുമാണ് ടുക്ടുകി ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത്. "അവളുടെ തീരുമാനത്തില്‍ ഞാന്‍ ആദ്യം അസന്തുഷ്ടനായിരുന്നു. അവള്‍ ഒരു അധ്യാപികയാകും എന്ന പ്രതീക്ഷയിലായിരുന്നു അവളെ ഞങ്ങള്‍ പഠിപ്പിച്ചത്. എന്നാല്‍ അവള്‍ ഒടുവില്‍ ചായക്കട തുടങ്ങണമെന്ന ആഗ്രഹത്തിലാണ് വന്നു നിന്നത്. ഞാന്‍ പിന്നീട് പല തവണ അവളുടെ തീരുമാനത്തെ വിശകലനം ചെയ്തു ചിന്തിച്ചപ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന ആഗ്രഹമാണ് അവളെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്, അപ്പോള്‍ അവളുടെ തീരുമാനം ശരിയാണന്ന് എനിക്കും തോന്നി." ടുക്ടുകിയുടെ അച്ഛനായ പ്രശാന്തോ ദാസ് പറയുന്നു. ടുക്ടുകിയുടെ കടയില്‍ ചായ കുടിയ്ക്കാനെത്തുന്ന പലരെയും അവിടേയ്ക്ക് ആകര്‍ഷിക്കുന്ന ഘടകം ചായക്കടയുടെ പേര് തന്നെയാണ്. ഏറെ പഠിച്ചിട്ടും ഒരു ജോലി നേടാൻ കഴിത്ത രാജ്യത്തെ നിരവധി യുവാക്കള്‍ക്ക് ടുക്ടുകിയുടെ കഥ ഒരു പ്രചോദനം തന്നെയാണ്.
  Published by:Naveen
  First published: