ഇംഗ്ലണ്ടിലെ ലങ്കാഷെയറിലുള്ള (Lancashire) ഒരു തൊഴിലന്വേഷണ കേന്ദ്രത്തിനു മുന്നിൽ (Job-seeking Centre) ബോറിസ് ജോൺസന്റെ (Boris Johnson) മെഴുക് പ്രതിമ വെച്ച് മാഡം ത്യുസാഡ്സ് (Madame Tussauds) മ്യൂസിയം. ജൂലൈ 7 ന് ബോറിസ് ജോൺസൺ രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബ്ലാക്ക്പൂളിലെ (Blackpool) മ്യൂസിയത്തിനകത്തു സ്ഥിതി ചെയ്തിരുന്ന പ്രതിമ റോഡരികിലേക്കു മാറ്റിയത്. പ്രശസ്തരായ വ്യക്തികളുടെ മെഴുകു പ്രതിമകൾ നിർമിച്ചു സൂക്ഷിക്കുന്ന മ്യൂസിയമാണ് മാഡം ത്യുസാഡ്സ്.
റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന മെഴുക് പ്രതിമ കണ്ട് പലരും അമ്പരന്നിരിക്കുകയാണ്. ഈ അവസരം മുതലെടുത്ത് പലരും ബോറിസ് ജോൺസണിന്റെ മെഴുകുപ്രതിമക്കൊപ്പം ചിത്രങ്ങളും എടുക്കുന്നുണ്ട്.
ഈ വർഷം മാർച്ചിലാണ് മാഡം ത്യുസാഡ്സ് മ്യൂസിയത്തിൽ ബോറിസ് ജോൺസണിന്റെ മെഴുകു പ്രതിമ സ്ഥാപിച്ചത്. 20 കലാകാരന്മാരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. എട്ടു മാസത്തോളമെടുത്താണ് പ്രതിമയുടെ നിർമാണം പൂർത്തിയാക്കിയത്.
ബോറിസ് ജോൺസൺ (Boris Johnson) പ്രധാനമന്ത്രി സ്ഥാനം രാജി വെച്ചതിനു പിന്നാലെ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാകും എന്ന് ഉറ്റുനോക്കുകയാണ് ലോകം. പുതിയ പ്രധാനമന്ത്രി എത്തും വരെ അദ്ദേഹം തന്നെ കാവൽ പ്രധാനമന്ത്രിയായി തുടരും. ഇന്ത്യൻ വംശജനായ ഋഷി സുനകിന്റെ പേരും അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും മികച്ച പദവി ഒഴിഞ്ഞതിൽ തനിക്ക് ദുഃഖമുണ്ടെന്നാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ബോറിസ് ജോൺസൻ പറഞ്ഞത്. രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാനാവാത്തവരല്ല എന്നും അദ്ദേഹം പറഞ്ഞു. "ഡാർവിനിയൻ" തിരഞ്ഞെടുപ്പ് സംവിധാനം ഒരു പുതിയ നേതാവിനെ സൃഷ്ടിക്കുമെന്നും ബോറിസ് ജോൺസൻ കൂട്ടിച്ചേർത്തു. നിരാശരായവരുണ്ടാകുമെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ജോലി ഉപേക്ഷിക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്, അദ്ദേഹം പറഞ്ഞു. 1987 ന് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയും 1979 ന് ശേഷമുള്ള ഏറ്റവും വലിയ വോട്ട് വിഹിതത്തോടെയുമാണ് താൻ തിരഞ്ഞെടുക്കപ്പെട്ടതെന്ന് ജോൺസൺ പറഞ്ഞു. ബ്രെക്സിറ്റ് നടപ്പാക്കാനും മഹാമാരിയെ നിയന്ത്രിക്കാനും വാക്സിൻ വിതരണം ത്വരിതപ്പെടുത്താൻ നേതൃത്വം നൽകാനായി. യുക്രെയ്നെ പിന്തുണയ്ക്കുന്നതിൽ ബ്രിട്ടൻ നേതൃത്വം നൽകിയെന്നും ബോറിസ് ജോൺസൻ വിടവാങ്ങൽ പ്രസംഗത്തിൽ വ്യക്തമാക്കി.
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചേക്കുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ താൻ രാജിവയ്ക്കാൻ പോകുന്നില്ലെന്നും രാജ്യത്തിന് ഇപ്പോൾ വേണ്ടത് ദേശീയ തിരഞ്ഞെടുപ്പാണെന്നും ബോറിസ് ജോൺസൺ പറഞ്ഞ് മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പാണ് നാടകീയമായി രാജി പ്രഖ്യാപനം പുറത്തുവന്നത്. ഋഷി സുനാക്ക് ധനമന്ത്രി സ്ഥാനവും സാജിദ് ജാവിദ് ആരോഗ്യ സെക്രട്ടറി സ്ഥാനവും രാജിവെച്ചതോടെയാണ് ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതില്‍ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയുമാണ് ഋഷി സുനക്ക് അടക്കം രണ്ട് മന്ത്രിമാര്‍ രാജിവെച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.