2022-ൽ മലയാളത്തിലെ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ജയ ജയ ജയ ജയ ഹേ’. ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്തത് വിപിന്‍ ദാസാണ്. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രം പിന്നീട് ഒടിടിയിലും കൈയടി നേടി. എന്നാല്‍ അടുത്തിടെ ഈ ചിത്രം ഒരു ഫ്രഞ്ച് ചിത്രത്തില്‍ നിന്നുള്ള കോപ്പിയാണെന്ന തരത്തിലുള്ള ആക്ഷേപം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തിയിരുന്നു. ‘കുങ് ഫു സൊഹ്റ’ എന്ന ചിത്രമാണ് സമാനത ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ മുന്നോട്ടുവച്ചത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്.
2020 ഡിസംബറില്‍ ലോക്ക് ചെയ്തതാണ് ജയ ഹേയുടെ തിരക്കഥയെന്നും 2022 മാര്‍ച്ച് 9 നാണ് ‘കുങ് ഫു സൊഹ്റ’ തിയറ്ററില്‍ എത്തിയതെന്നും വിപിന്‍ ദാസ് പറയുന്നു. തിരക്കഥയുടെ ഡ്രാഫ്റ്റ് അടക്കം പോസ്റ്റ് ചെയ്തുകൊണ്ടാണ് വിപിൻദാസ് ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്. ആറു മാസം മുൻപ് ഇറങ്ങിയ സിനിമയിൽ നിന്നും കോപ്പി അടിച്ചു കഥയുണ്ടാക്കി റിലീസ് ചെയ്യാൻ സിനിമയിൽ എളുപ്പത്തിൽ സാധ്യമല്ലെന്നു വിവേകമുള്ളവർക്ക് മനസിലാകുമെന്നു വിചാരിക്കുന്നെന്നും തന്റെ ഫേസ്ബുക്കിലൂടെ സംവിധായകൻ കുറിച്ചു.
വിപിന്‍ ദാസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
സുഹൃത്തുക്കളെ, എന്റെ സിനിമ ജയ ജയ ജയ ജയഹേ അതിനും ആറു മാസം മുൻപേ ഇറങ്ങിയ മറ്റൊരു ഫ്രഞ്ച് മൂവിയിൽ നിന്ന് കോപ്പി അടിച്ചതാണെന്നുള്ള രീതിയിൽ പല ഓൺലൈൻ സൈറ്റുകളിൽ നിന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടക്കുന്നത് വിഷമത്തോടെയേ കാണാൻ കഴിയുന്നുള്ളു… ഞാനും ശരിക്കും ഞെട്ടലോടെ തന്നെയാണ് ആ സീനുകൾ കണ്ടത്… ഒരേ പോലെ ഉള്ള ഷോട്ടുകൾ അടുപ്പിച്ചു കാണിക്കുമ്പോൾ ഒരുപാട് സമാനതകൾ കാണാൻ പറ്റി… എന്നാൽ ഇങ്ങനെ ഒരു സിനിമ ഉള്ള കാര്യം അതിന്റെ വർക്കുകൾ നടക്കുന്ന സമയത്തതൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല.. അതിൽ നിന്നും ഒരു സീൻ പോലും പകർത്തിയിട്ടില്ല എന്ന് വ്യക്തമായി എനിക്ക് ബോധ്യമുള്ളടത്തോളം കാലം കുപ്രചരണങ്ങൾ മുഖവിലക്കെടുത്തിരുന്നില്ല. പക്ഷെ ഈ സിനിമ കണ്ട് ഇഷ്ടപ്പെട്ടവർക്കും അതിൽ പ്രവർത്തിച്ചവർക്കും ഉണ്ടായ വിഷമങ്ങൾ മനസിലാക്കിക്കൊണ്ടാണ് ഈ തെളിവുകൾ ഞാൻ നിരത്തുന്നത്..
ആറു മാസം മുൻപ് ഇറങ്ങിയ സിനിമയിൽ നിന്നും കോപ്പി അടിച്ചു കഥയുണ്ടാക്കി റിലീസ് ചെയ്യാൻ സിനിമയിൽ എളുപ്പത്തിൽ സാധ്യമല്ലെന്നു വിവേകമുള്ളവർക്ക് മനസിലാകുമെന്നു വിചാരിക്കുന്നു. മേൽ പറയുന്ന ചിത്രം റിലീസ് ആയതു 9 മാർച്ച് 2022നാണ്..ഗൂഗിളിൽ റിലീസ് തീയതി കിടക്കുന്നതു 22 ഒക്ടോബർ 2021 എന്നതുമാണ്. പക്ഷെ റിലീസ് തീയതി മാറുകയും പിന്നീട് മുകളിൽ പറഞ്ഞ 9 മാർച്ച് 2022നു റീലീസാകുകയുമാണ് ചെയ്തത്. ജയ ഹേ 2022 ജനുവരി 26നാണ് അനൗൺസ് ചെയ്തത്, മാത്രമല്ല നമ്മുടെ സിനിമയുടെ സ്ക്രിപ്റ്റ് അതിനും ഒരു വർഷം മുൻപ് 2020 ഡിസംബറിൽ തന്നെ ലോക്ക് ചെയ്തിരുന്നു… അതിന്റെ തെളിവായി ഞാൻ മെയിൽ ചെയ്തിരുന്ന PDFൽ നായികാ കഥാപാത്രം അടിക്കുന്നതും ബ്ലോക്ക് ചെയ്യുന്നതും ,ചവിട്ടി തെറിപ്പിക്കുന്നതും ,ഫിഷ് ടാങ്കിൽ വിഴുന്നതും,റീവൈൻഡ് ചെയ്യുമ്പോൾ മൊബൈലിൽ ഫൈറ്റ് കണ്ടു പഠിക്കുന്നതും,പിന്നെ ഇവർ തമ്മിലുള്ള സംഘടനവും എല്ലാം വളരെ വ്യക്തമായി ആ ഡ്രാഫ്റ്റിൽ എഴുതിട്ടുണ്ട്,അപ്പോൾ അതിനൊക്കെ എത്രയോ മുന്നേ ആയിരിക്കും ഞങ്ങളത് എഴുതി തുടങ്ങിയിരിക്കുന്നത് എന്ന് ഊഹിക്കാമല്ലോ. ജയ ഹേ തിരക്കഥ രചന 2020 ൽ അന്താക്ഷരി പോസ്റ്റ് പ്രൊഡക്ഷൻ ടൈമിൽ എഴുതി തുടങ്ങിയതാണ്..
29 ഡിസംബർ 2020ൽ സ്ക്രിപ്റ്റ് തീർത്ത് മെയിൽ ചെയ്തതിന്റെ തെളിവും താഴെ കൊടുത്തിട്ടുണ്ട്. 2021 ജനുവരി മുതൽ പല പ്രൊഡ്യൂസറിനെയും, അഭിനേതാക്കളെയും സമീപിക്കുകയും ഒടുവിൽ ഡിസംബർ മാസത്തിലാണ് ബേസിൽ ജോസഫ്, cheers media , ദർശന എന്നിവർ സിനിമയിലേക്ക് വരുന്നതും. മേൽ പറഞ്ഞ ഫ്രഞ്ച് ചിത്രം മാർച്ച് 9നു റിലീസ് ആയെങ്കിലും അത് ഫ്രഞ്ച് ഭാഷയിലും ആ രാജ്യത്തും മാത്രമാണ് റിലീസായത്,വരും മാസങ്ങളിൽ ആയിരുന്നു ബാക്കി രാജ്യങ്ങളിലേക്കുള്ള റിലീസ്… മെയ് 12നു ഷൂട്ടിംഗ് ആരംഭിച്ച ജയ ജയ ജയ ജയഹേ ജൂൺ പകുതി ആയപ്പോൾ തന്നെ തീർന്നിരുന്നു, ഗൂഗിളിൽ നിന്നും അറിയാൻ കഴിഞ്ഞത്, ഇന്ത്യയിൽ റിലീസ് ചെയ്യാത്ത മേൽ പറഞ്ഞ ഫ്രഞ്ച് ചിത്രം ഓഗസ്റ്റ് 2022 ആണ് പുറം രാജ്യങ്ങളിൽ അതിൻ്റെ ott റിലീസും തുടർന്ന് അതിൻ്റെ പൈറേറ്റഡ് ടോറന്റ് , ടെലിഗ്രാം ഫയലുകളും അതേ മാസത്തിൽ തന്നേയാണ് ഇൻറർനെറ്റിൽ വന്നത്. ജൂൺ ഷൂട്ട് കഴിഞ്ഞ നമ്മുടെ സിനിമ ഒക്ടോബറിൽ റിലീസും ചെയ്തു.
എൻ്റെ നിഗമനത്തിൽ സംഘട്ടന രംഗങ്ങളിലെ സാമ്യത രണ്ടു സംവിധായകരും പഴയ ജാക്കി ചാൻ, ജെറ്റ് ലി സിനിമകളുടെ ശൈലി പിന്തുടർന്നത് കൊണ്ടാകാം. ചൈനീസ് ആക്ഷൻ സിനിമകളിലെ ലെന്സിങ്ങും, ക്യാമറ മൂവ്മെന്റും, എഡിറ്റിംഗിൽ ചൈനീസ് കട്ടും ഉപയോഗിച്ചിട്ടുണ്ട്. മേല്പറഞ്ഞ ഫ്രഞ്ച് സിനിമ ഇതുവരെ ഞങ്ങൾക്ക് കാണാൻ സാധിച്ചിട്ടില്ല. ഇനി ഇതിന്റെ ട്രൈലെർ കണ്ട് കോപ്പി അടിച്ചു എന്ന് വിചാരിച്ചാൽ പോലും ഫ്രഞ്ച് സിനിമയുടെ ട്രൈലെർ ഇറങ്ങുന്നത് 2022 ജനുവരി 13ൽ ആണ്.. അതിനും ഒരു വര്ഷം മുൻപ് ലോക്ക് ചെയ്ത സ്ക്രിപ്റ്റ് ഞാൻ തെളിവായി പോസ്റ്റ് ചെയ്യുന്നുണ്ട്. മാത്രമല്ല 2021 മാർച്ചിൽ ആണ് ഞാൻ സ്റ്റണ്ട് ഡയറക്ടർ ഫെലിക്സിനെ കോൺടാക്ട് ചെയുന്നത്തും ഏപ്രിലിൽ കേരളത്തിൽ എത്തുകയും കൊച്ചിയിലെ ചില വീടുകൾ സന്ദര്ശിച്ചു സംഘട്ടനത്തിനു ആവശ്യമായ കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തു. ആ സംഘട്ടനം നിങ്ങൾ സിനിമയിൽ കണ്ട രീതിയിൽ വേണമെന്ന് ആദ്യ എഴുത്തിൽ തീരുമാനിക്കുകയും അഭിനേതാക്കളും നിർമാതാക്കളും എത്തും മുൻപേ ഞാൻ തീരുമാനിച്ചത് സ്റ്റണ്ട് ഡയറക്ടർ ആണെന്നത് ഇതിന്റെ തെളിവായി കാണാം.
എന്തെങ്കിലും തരത്തിലുള്ള ഇൻസ്പിറേഷൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ മുൻകൂറായി പറയുമായിരുന്നു.രാജേഷ് കാർ വീട്ടിൽ കയറ്റി ഇടുന്ന സീൻ റോമാ എന്ന സിനിമയിലെ ഒരു സീനുമായി സാമ്യം ഉണ്ടായതായി തോന്നിയപ്പോൾ ഞാൻ അത് എന്റെ സിനിമയിൽ ഉൾക്കൊളിക്കുകയും അത് ഇൻസ്പിറേഷൻ ആയി ചെയ്തിട്ടുണ്ടെന്ന് ഇന്റർവ്യൂവിൽ തുറന്നു പറയുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ ഒരുതരത്തിലുള്ള കോപ്പിയോ ഇൻസ്പിറേഷനോ മേല്പറഞ്ഞ ഫ്രഞ്ച് ചിത്രത്തിൽ നിന്ന് എടുത്തിട്ടില്ല എന്ന് ഉറപ്പിച്ച് പറയാനാകും.. ഇനിയും ഈ രീതിയിലുള്ള ദുഷ് പ്രചരണങ്ങൾ നടത്തുന്നവരെ നിയമപരമായി നേരിടാൻ ജയ ഹേ ടീം തീരുമാനിച്ചിട്ടുണ്ട്.
അതിനാൽ അനാവശ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കാനും സത്യം ജനങ്ങൾ മനസിലാക്കാനും ഈ പോസ്റ്റ് ഉപകാരപെടുമെന്ന് വിശ്വസിക്കുന്നു. സിനിമ സ്വീകരിച്ചവർക്കും കൂടെ കട്ടക്ക് നിൽക്കുന്നവർക്കും ഒരിക്കൽ കൂടി നന്ദി.
വിപിൻ ദാസ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Basil Joseph, Darshana Rajendran, Film director, Jaya Jaya Jaya Jaya Hey