ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ 25കാരി ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി മാലി സർക്കാർ. ഗര്‍ഭകാല പരിശോധനയിൽ ഏഴ് കുഞ്ഞുങ്ങളാണ് യുവതിയുടെ ഉദരത്തിലുള്ളതെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ ഈ നിഗമനത്തെ പാടെ തെറ്റിച്ചു കൊണ്ടായിരുന്നു ചൊവ്വാഴ്ച ഒമ്പത് കുഞ്ഞുങ്ങളുടെ പിറവി. ഇതോടെ ഒറ്റ പ്രസവത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറക്കുന്ന അപൂര്‍വസൗഭാഗ്യം ഹലീമ സിസ്സെ എന്ന യുവതിയ്ക്ക് ലഭിച്ചു. മൊറോക്കോയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം.
ഹലീമയുടെ അപൂര്‍വ ഗര്‍ഭം അധികൃതരുടേയും ശ്രദ്ധ നേടിയിരുന്നു. യുവതിയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് മാര്‍ച്ചില്‍ ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ബാ നഡോയുടെ നിര്‍ദേശപ്രകാരം വിദഗ്ധചികിത്സയും പ്രത്യേക പരിഗണനയും ഉറപ്പാക്കാന്‍ ഹലീമയെയെ മൊറോക്കോയിലേക്ക് മാറ്റിയിരുന്നു.
അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് ജനിച്ചത്. നവജാതശിശുക്കളും അമ്മയും ആരോഗ്യത്തോടെയും സൗഖ്യത്തോടെയുമിരിക്കുന്നതായി മാലി ആരോഗ്യമന്ത്രി ഫാന്റാ സിബി അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അമ്മയും കുഞ്ഞുങ്ങളും മാലിയിലേക്ക് മടങ്ങിയെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മൊറോക്കോയിലെ ഓരാശുപത്രിയിലും ഇത്തരത്തിലൊരു പ്രസവം നടന്നതായി വിവരം ലഭിച്ചിട്ടില്ലെന്ന് മൊറോക്കോ ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് റുചിദ് കൗധാരി പ്രതികരിച്ചു.
അപൂര്‍വമായി മാത്രമാണ് ലോകത്ത് ഇത്തരത്തിലുള്ള പ്രസവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം ഒറ്റ പ്രസവത്തിലുണ്ടാകുന്ന കൂടുതല്‍ എണ്ണം കുഞ്ഞുങ്ങള്‍ക്ക് അതിജീവനം പ്രയാസകരമാണെന്നാണ് കണ്ടുവരുന്നതെന്ന് വിദഗ്ധർ പറയുന്നു. പല സന്ദര്‍ഭങ്ങളിലും പൂര്‍ണവളര്‍ച്ചയെത്താതെ കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുന്നതാണ് പതിവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.