Pepsi | ദിവസവും കുടിക്കുന്നത് 30 പെപ്സി; ഒരു വർഷത്തെ ചെലവ് 6 ലക്ഷം രൂപ; ശീലം മാറ്റാൻ പാടുപെട്ട് യുകെ സ്വദേശി
Pepsi | ദിവസവും കുടിക്കുന്നത് 30 പെപ്സി; ഒരു വർഷത്തെ ചെലവ് 6 ലക്ഷം രൂപ; ശീലം മാറ്റാൻ പാടുപെട്ട് യുകെ സ്വദേശി
അത്രയധികം ഷുഗർ ശരീരത്തിലെത്തുന്നത് കൊണ്ട് തന്നെ ആൻഡിയുടെ ശരീരഭാരവും വല്ലാതെ വർധിക്കുന്നുണ്ട്. 120 കിലോഗ്രാം വരെ അദ്ദേഹത്തിൻെറ ഭാരം എത്തിയിട്ടുണ്ട്.
Last Updated :
Share this:
വേനൽക്കാലത്ത് നല്ല തണുത്ത പെപ്സി (Pepsie) കുടിക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ യു.കെയിലെ നോർത്ത് വെയിൽസ് സ്വദേശിയായ ആൻഡ് ക്യൂറിക്ക് പെപ്സി കുടിക്കുന്നതിന് കാലവും സമയവുമൊന്നും തന്നെ പ്രശ്നമല്ല. ദിവസവും ഇയാൾ 30 കുപ്പി പെപ്സി വരെ കുടിച്ച് തീർക്കുമെന്നാണ് ദി മിറർ റിപ്പോർട്ട് ചെയ്യുന്നത്. സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ് ആൻഡ് ക്യൂറി. കഴിഞ്ഞ 20 വർഷമായി ഇയാൾ അമിതമായി പെപ്സി കുടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഈ ശീലം ഒഴിവാക്കാനുള്ള ശ്രമത്തിലാണിപ്പോൾ ആൻഡി. അതിനായി ഒരു ഓൺലൈൻ ഹിപ്നോതെറാപ്പി സെഷന് ചേർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 41കാരനായ ആൻഡിക്ക് പെപ്സിയുടെ സ്വാദ് വളരെ ഇഷ്ടമാണ്. സൂപ്പർ മാർക്കറ്റിൽ ജോലിയും കൂടി ആയതോടെ ഓരോ കുപ്പിയെടുത്ത് അകത്താക്കുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യവുമല്ല. നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം ഈ ശീലം തുടങ്ങുന്നത്. ഉറക്കം വരാതിരിക്കാൻ പെപ്സി സഹായികക്കാറുണ്ടെന്ന് ആൻഡി പറഞ്ഞു. “ദിവസവും രണ്ട് ലിറ്ററിൻെറ നാലോ അഞ്ചോ കുപ്പി പെപ്സിയാണ് അന്ന് കഴിക്കാറുള്ളത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജോലി കഴിഞ്ഞ് പോവുമ്പോൾ പെപ്സിയുമായാണ് വീട്ടിലേക്ക് മടങ്ങാറുള്ളത്. എന്നാലിത് ഒരു ശീലമായി മാറുന്നതായി പിന്നീട് തിരിച്ചറിഞ്ഞു. ദിവസവും ഏകദേശം 2000 രൂപ വരെ പെപ്സി വാങ്ങിക്കാൻ ചെലവാക്കേണ്ടി വരുന്നുണ്ട്. ഓരോ വർഷത്തെയും കണക്കെടുക്കയാണെങ്കിൽ പെപ്സി കുടിക്കുന്നതിനായി ഏകദേശം 7000 പൌണ്ട് അഥവാ 6.71 ലക്ഷം രൂപയാണ് ആൻഡി ചെലവാക്കുന്നത്. ഈ പണം കൊണ്ട് ഓരോ വർഷവും തനിക്ക് ഒരു കാർ വാങ്ങിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
രാവിലെ തന്നെ ഒരു പെപ്സി കുടിച്ച് കൊണ്ടാണ് ആൻഡിയുടെ ദിവസം തുടങ്ങുന്നത്. പിന്നീട് ഓരോ കുപ്പി പൊട്ടിച്ച് ഒന്നിന് പിന്നാലെ ഒന്നായി കുടിക്കാൻ തുടങ്ങും. അത്രയധികം ഷുഗർ ശരീരത്തിലെത്തുന്നത് കൊണ്ട് തന്നെ ആൻഡിയുടെ ശരീരഭാരവും വല്ലാതെ വർധിക്കുന്നുണ്ട്. 120 കിലോഗ്രാം വരെ അദ്ദേഹത്തിൻെറ ഭാരം എത്തിയിട്ടുണ്ട്. വ്യായാമത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നുണ്ടെങ്കിലും പെപ്സി കുടിക്കുന്ന ഈ ശീലം ഒഴിവാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.
തെറാപ്പിസ്റ്റും ഹിപ്നോട്ടിസ്റ്റുമായ ഡേവിഡ് കിൽമുറിയാണ് പെപ്സി ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ആൻഡിയെ സഹായിക്കുന്നത്. ഇത് പ്രത്യേക തരം അവസ്ഥയാണെന്നും ചികിത്സ വഴി മാത്രമേ ശീലം മാറ്റാൻ സാധിക്കുകയുള്ളൂവെന്നും കിൽമുറി പറഞ്ഞു. നിലവിൽ പ്രമേഹരോഗിയാണ് ആൻഡി. ഈയളവിൽ പെപ്സി കുടിച്ചാൽ ഹൃദയാരോഗ്യത്തെ കാര്യമായി ബാധിക്കും. പാൻക്രിയാറ്റിക് ക്യാൻസറിന് പോലും സാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ചികിത്സ ലഭിച്ചതോടെ തനിക്ക് ഈ ശീലം ഒഴിവാക്കാൻ സാധിച്ചുവെന്ന് ആൻഡി വ്യക്തമാക്കി. കിൽമുറിയുടെ തെറാപ്പി വിജയകരമായിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി താൻ പെപ്സി കൈ കൊണ്ട് തൊട്ടിട്ട് പോലുമില്ലെന്നും പകരം വെള്ളമാണ് കുടിക്കുന്നതെന്നും ആൻഡി പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.