• HOME
  • »
  • NEWS
  • »
  • buzz
  • »
  • Wedding fraud | പ്ലസ് ടു വരെ പഠിച്ച 'എം.ബി.എ.ക്കാരൻ'; കബളിപ്പിക്കപ്പെട്ടത് 100ഓളം സ്ത്രീകൾ

Wedding fraud | പ്ലസ് ടു വരെ പഠിച്ച 'എം.ബി.എ.ക്കാരൻ'; കബളിപ്പിക്കപ്പെട്ടത് 100ഓളം സ്ത്രീകൾ

12-ാം ക്ലാസ് വരെ മാത്രമേ ഇയാൾ പഠിച്ചിട്ടുള്ളൂ. ജോലി ചെയ്യുന്ന സ്ത്രീകളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്

  • Share this:
    മാട്രിമോണിയല്‍ സൈറ്റുകളില്‍ (matrimony portal) എം.ബി.എ. ബിരുദധാരിയാണെന്ന (MBA Graduate) വ്യാജേന 100ഓളം സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ഒഡീഷ സ്വദേശിയായ ഫര്‍ഹാന്‍ ഖാന്‍ ആണ് തട്ടിപ്പ് നടത്തിയതെന്ന് മിറര്‍ നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ പക്കല്‍ നിന്ന് ഒരു ബിഎംഡബ്ല്യു കാറും ഒന്നിലധികം എടിഎം കാര്‍ഡുകളും സിം കാര്‍ഡുകളും ഡല്‍ഹി പൊലീസ് (Delhi police) കണ്ടെടുത്തു.

    ജീവന്‍സാഥി മാട്രിമോണിയല്‍ പ്ലാറ്റ്ഫോമിലൂടെ (Jeevansathi Matrimonial platform) ഇയാളെ പരിചയപ്പെട്ട എയിംസിലെ ഒരു ഡോക്ടറാണ് സൗത്ത് ഡല്‍ഹി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. ബിസിനസ് ഇടപാടിന് വേണ്ടിയാണെന്ന് പറഞ്ഞ് ഇയാള്‍ യുവതിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. 12-ാം ക്ലാസ് വരെ മാത്രമേ ഖാന്‍ പഠിച്ചിട്ടുള്ളൂ. ജോലി ചെയ്യുന്ന സ്ത്രീകളെയാണ് (working women) ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്.

    എയിംസിലെ ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് ഡിസിപി ബെനിറ്റ മേരി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഡിസിപി 18 ദിവസത്തോളം അന്വേഷണത്തിന് നേതൃത്വം നല്‍കി. കഴിഞ്ഞ 6 മാസമായി ഖാന്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിവരികയാണ്. പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ, കര്‍ണാടക എന്നിങ്ങനെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള 100 ഓളം സ്ത്രീകളില്‍ നിന്നാണ് അയാള്‍ പണം തട്ടിയെടുത്തത്. താന്‍ എംബിഎ ബിരുദധാരിയാണെന്നും, ഒപ്പം എഞ്ചിനീയറിംഗും പഠിച്ചിട്ടുണ്ടെന്നും അയാള്‍ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. തന്റെ ഒരു ബിസിനസ്സ് ഇടപാടിന് പണം ആവശ്യമാണെന്നും ഖാന്‍ ഇരകളോട് പറയുമായിരുന്നു. പണം ലഭിച്ചുകഴിഞ്ഞാല്‍ അവരുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഇയാൾ അവസാനിപ്പിക്കുകയും ചെയ്യും.

    അടുത്തിടെ, രാജ്യത്തെ 7 സംസ്ഥാനങ്ങളിലായി 14 സ്ത്രീകളെ വിവാഹം കഴിച്ചതിന് 54 കാരനായ ഒരാള്‍ അറസ്റ്റിലായിരുന്നു. ഒഡീഷയിലാണ് ഈ സംഭവം നടന്നത്. ഒടുവില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ഡോക്ടറെന്ന വ്യാജേനയാണ് 54 കാരനായ ബിധു പ്രകാശ് സ്വെയിന്‍ സ്ത്രീകളെ കബളിപ്പിച്ച് വിവാഹം കഴിച്ചിരുന്നത്. രമേഷ് സ്വെയിന്‍ എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. ഒഡീഷയിലെ കേന്ദ്രപാര ജില്ലക്കാരനായ സ്വെയിന്‍ വിവാഹമോചിതരെയും മധ്യവയസ്‌കരായ സ്ത്രീകളെയുമാണ് ലക്ഷ്യമിട്ടിരുന്നത്.

    വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സ്ത്രീകളായിരുന്നു അയാളുടെ ലക്ഷ്യമെന്ന് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭുവനേശ്വര്‍ ഡിസിപി ഉമാശങ്കര്‍ ദാഷ് പറഞ്ഞു. അവരുടെ പണം കൈക്കലാക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും വിവിധ സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെയും മാട്രിമോണിയല്‍ സൈറ്റുകളിലൂടെയും ഇയാള്‍ സ്ത്രീകളുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. 54 കാരനായ ഇയാള്‍ അഞ്ച് കുട്ടികളുടെ പിതാവാണെന്നും പോലീസ് അറിയിച്ചു.
    Published by:user_57
    First published: