ഡേറ്റിംഗിനായി നിരവധി സൈറ്റുകളും (Dating Sites) ആപ്പുകളും ഇന്ന് നിലവിലുണ്ട്. അതിലൂടെ നമുക്ക് താത്പര്യമുള്ള ആളുകളെ ഡേറ്റിങ്ങിനായി തിരഞ്ഞെടുക്കാനും അവരുമായി പരിചയം സ്ഥാപിക്കാനും കഴിയും. എന്നാൽ, ഡേറ്റിംഗുകൾക്ക് എല്ലായ്പോഴും വിജയകരമായ പരിസമാപ്തി ഉണ്ടാകുമെന്ന് കരുതരുത്. ചിലപ്പോഴൊക്കെ അത് ദുരനുഭവങ്ങളാകും സമ്മാനിക്കുക. അടുത്തിടെ ഒരു യുവതിയ്ക്ക് ഡേറ്റിംഗിനായി തിരഞ്ഞെടുത്ത ആളിൽ നിന്നും വളരെ മോശം അനുഭവം നേരിടേണ്ടി വരികയുണ്ടായി. രണ്ടാമത്തെ ഡേറ്റിംഗിന് മുമ്പായി, ആദ്യം കണ്ടപ്പോൾ കുടിച്ച കാപ്പിയുടെ (Coffee) പണം തിരികെ ചോദിച്ചാണ് അയാൾ ഈ യുവതിയെ ഞെട്ടിച്ചത്.
കാറ്റ്ലിൻ ഫിഫ്സ് (Katlyn Phipps) എന്ന യുവതിയ്ക്കാണ് ഇത്തരത്തിൽ വിചിത്രമായ ഒരു അനുഭവം നേരിടേണ്ടി വന്നത്. ഡേറ്റിംഗ് ആപ്ലിക്കേഷനായ ഹിൻഗെയിൽ (Hinge) വച്ചാണ് അവർ ഈ വ്യക്തിയെ ഡേറ്റിംഗിനായി കണ്ടെത്തിയത്. ആദ്യത്തെ കണ്ടുമുട്ടൽ വളരെ ഭംഗിയായി അവസാനിച്ചു. ഇനിയും കാണണമെന്ന് പറഞ്ഞ് അവർ മടങ്ങുകയും ചെയ്തു.
എന്നാൽ, പിന്നീട് ഒരു ദിവസം രാവിലെ യുവതി ഉണർന്നത് അയാളുടെ വിചിത്രമായ മെസേജ് കണ്ടാണ്. കഴിഞ്ഞ ദിവസം കണ്ടപ്പോൾ കുടിച്ച കോഫിയുടെ പണം തിരികെ ചോദിച്ചുകൊണ്ടുള്ളതായിരുന്നു അയാളുടെ മെസ്സേജ്. കാപ്പിയുടെ വിലയായ നാലു ഡോളറാണ് അയാൾ തിരികെ ചോദിച്ചത്. തന്റെ ടിക് ടോക് അക്കൗണ്ടിലൂടെ കാറ്റ്ലിൻ തന്നെയാണ് ഈ സംഭവം ലോകത്തെ അറിയിച്ചത്. ടിക് ടോക്കിൽ പങ്കുവെച്ച വീഡിയോയിൽ അയാൾ അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടുകളും കാറ്റ്ലിൻ ഉൾപ്പെടുത്തിയിരുന്നു.
എന്തിനാണ് ഇപ്പോൾ പണം തിരികെ ചോദിക്കുന്നതെന്ന് കാറ്റ്ലിൻ അയാളോട് ചോദിച്ചു. രണ്ടാമത്തെ ഡേറ്റിംഗ് കാറ്റ്ലിൻ വേണ്ടന്ന് വച്ചതിനാൽ നമ്മൾ ഇനി ഒരിക്കലും ഒന്നിച്ച് പുറത്തു പോകുമെന്ന് തോന്നുന്നില്ലെന്നും അത് കൊണ്ടാണ് കഴിഞ്ഞ തവണ കണ്ടുമുട്ടിയപ്പോൾ തന്റെ കയ്യിൽ നിന്നും ചിലവായ പണം തിരികെ ചോദിക്കുന്നതെന്നും അയാൾ കാറ്റ്ലിന് മറുപടി നൽകി.
എന്നാൽ ഇനിയും കണ്ടുമുട്ടാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും പഠനവും ജോലിയും കാരണം തിരക്കിലായതുകൊണ്ടാണ് അത് സംഭവിക്കാതെ പോയതെന്നും കാറ്റ്ലിൻ അയാൾക്ക് മറുപടി അയച്ചു. അതിന്റെ സ്ക്രീൻഷോട്ടും യുവതി ടിക് ടോക്കിൽ പങ്കുവെച്ചിട്ടുണ്ട്. തന്നെ കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ പെട്ടന്ന് പണം തിരികെ ചോദിക്കുകയും തന്നെ ഒഴിവാക്കുകയും ചെയ്ത ആ വ്യക്തിയുമായി ഇനി പുറത്തുപോകാൻ കഴിയില്ലെന്നും കാറ്റ്ലിൻ വ്യക്തമാക്കി.
യുവതി പങ്കുവെച്ച വീഡിയോ ഇതിനകം 300,000 പേരാണ് കണ്ടത്. യുവതിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തിൽ ആളുകൾ ദുഃഖം പ്രകടിപ്പിച്ചു. അയാൾക്ക് 8 ഡോളർ മടക്കി നൽകി ബാക്കി പണത്തിന് മര്യാദ എന്താണെന്ന് പഠിക്കാൻ പറയണമെന്നാണ് ഒരു ടിക് ടോക്ക് ഉപയോക്താവ് വീഡിയോയ്ക്ക് കമന്റായി എഴുതിയത്.
Summary: Man asks for a refund of Rs 300 as girl refuses to meet for the second time after dating
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.